കയ്‌റോ – വിതരണ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി നിഖാബ് (മുഖാവരണം) ധരിച്ച് വേഷംമാറി നടത്തിയ പരിശോധനയിലൂടെ കരിഞ്ചന്തയില്‍ വില്‍ക്കാന്‍ ശ്രമിച്ച വന്‍ മൈദ ശേഖരം പിടികൂടി. ഈജിപ്തിലെ മത്‌റൂഹ് ഗവര്‍ണറേറ്റില്‍ വിതരണ മന്ത്രാലയത്തിലെ ഫസ്റ്റ് അണ്ടര്‍ സെക്രട്ടറി ഹിന്ദ് മുസാഅദ് ആണ് റൊട്ടിയുണ്ടാക്കാന്‍ പ്രാദേശിക ബേക്കറികള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന മൈദ ശേഖരം കരിഞ്ചന്തയില്‍ വില്‍ക്കുന്നതിന് മുമ്പായി പിടിച്ചെടുത്തത്.
പ്രാദേശിക ബേക്കറികള്‍ക്ക് പുറത്ത് ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്ന അഞ്ച് ടണ്‍ മൈദ ദബ്അ നഗരത്തിലെ വെയര്‍ഹൗസില്‍ നിന്നാണ് പിടിച്ചെടുത്തത്. കരിഞ്ചന്തയില്‍ വില്‍ക്കാനായി നിയമ ലംഘകന്‍ വെയര്‍ഹൗസില്‍ മൈദ ശേഖരം സൂക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് തയാറാക്കി ആവശ്യമായ നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.