ന്യൂയോര്‍ക്ക് – താന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ന്യൂയോര്‍ക്ക് നഗരത്തില്‍ പ്രവേശിക്കുകയും ചെയ്താല്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്ന് ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ഥി സഹ്റാന്‍ മംദാനി.
അറസ്റ്റ് നടത്താന്‍ ന്യൂയോര്‍ക്ക് പോലീസ് വകുപ്പിനോട് നിര്‍ദേശിക്കുമെന്ന് ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ മംദാനി പറഞ്ഞു. ഇത്തരമൊരു പ്രതിജ്ഞ പ്രായോഗികമായി നടപ്പാക്കാന്‍ പ്രയാസകരമാണെന്നും അമേരിക്കയിലെ ഫെഡറല്‍ നിയമവുമായി വൈരുധ്യമുണ്ടാക്കുമെന്നും നിയമ വിദഗ്ധര്‍ പറഞ്ഞതായി പത്രം ഉദ്ധരിച്ചു. എന്നിരുന്നാലും, ഇസ്രായിലിന് പുറത്തുള്ള ഏറ്റവും വലിയ ജൂത സമൂഹങ്ങളിലൊന്ന് കഴിയുന്ന ന്യൂയോര്‍ക്കില്‍ ഇത് വലിയ കോലാഹലത്തിന് കാരണമാകുമെന്ന് അവര്‍ പ്രവചിച്ചു.
ഫലസ്തീന്‍ അനുകൂല നിലപാടിന് പേരുകേട്ടയാളാണ് മംദാനി. ഇത് മംദാനിക്ക് വ്യാപകമായ പിന്തുണ നേടിക്കൊടുത്തു. ഓഗസ്റ്റ് മാസത്തില്‍ ധനസമാഹരണത്തില്‍ അദ്ദേഹം തന്റെ എതിരാളികളെ മറികടന്നതായി ദി ഹില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പ്രസ്താവന ഉയര്‍ത്തുന്ന നിയമപരവും നയതന്ത്രപരവുമായ വിവാദങ്ങള്‍ക്കിടയിലും അടുത്ത വര്‍ഷത്തെ ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ തന്റെ സാന്നിധ്യം ശക്തിപ്പെടുത്താനായി രാഷ്ട്രീയ നിലപാടുകള്‍ ഉപയോഗപ്പെടുത്താനുള്ള മംദാനിയുടെ ശ്രമത്തെയാണ് പ്രചാരണ വാഗ്ദാനം പ്രതിഫലിപ്പിക്കുന്നതെന്ന് നിരീക്ഷകര്‍ വിശ്വസിക്കുന്നു