ഹേഗ്: ഇസ്രായിൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ചിനും ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിറിനും നെതർലൻഡ്സിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയതായി ഡച്ച് സർക്കാർ പ്രഖ്യാപിച്ചു. ഗാസയിലെ “സഹിക്കാനാവാത്തതും ന്യായീകരിക്കാനാവാത്തതുമായ” മാനുഷിക പ്രതിസന്ധിയിൽ ഇരുവരുടെയും പങ്കിനെ തുടർന്നാണ് ഈ നടപടി. ഡച്ച് വിദേശകാര്യ മന്ത്രി കാസ്പർ വെൽഡ്കാമ്പ്, പാർലമെന്റിനയച്ച കത്തിൽ, ഈ മന്ത്രിമാർ “ഫലസ്തീനികൾക്കെതിരെ ജൂത കുടിയേറ്റക്കാരുടെ ആക്രമണങ്ങളെ ആവർത്തിച്ച് പ്രോത്സാഹിപ്പിക്കുകയും, വെസ്റ്റ് ബാങ്കിൽ നിയമവിരുദ്ധമായ കുടിയേറ്റ വിപുലീകരണത്തിന് വാദിക്കുകയും, ഗാസയിൽ വംശീയ ഉന്മൂലനത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു” എന്ന് വ്യക്തമാക്കി. ഇവരെ ഷെങ്കൻ ഇൻഫർമേഷൻ സിസ്റ്റത്തിൽ (SIS) “അനഭിമത വിദേശികളായി” രജിസ്റ്റർ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
കുട്ടികൾ ഉൾപ്പെടെ, പട്ടിണി മൂലം മരിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, അന്താരാഷ്ട്ര സമ്മർദം വർധിച്ചുവരികയാണ്. ഡച്ച് സർക്കാർ, ഇസ്രായിൽ അംബാസഡറെ വിളിച്ചുവരുത്തി, ഗാസയിലെ സ്ഥിതിഗതികൾ “അസഹനീയവും ന്യായീകരിക്കാനാവാത്തതുമാണ്” എന്ന് വിമർശിച്ചു.
യഥാര്‍ഥ മാനുഷിക ദുരന്തം നേരിടുന്ന ഗാസ മുനമ്പിലെ വഷളാകുന്ന പട്ടിണി പ്രതിസന്ധിയില്‍ ഇസ്രായിലിനുമേല്‍ അന്താരാഷ്ട്ര സമ്മര്‍ദം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഡെച്ച് മന്ത്രിസഭയുടെ തീരുമാനം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും ഗാസ സംഘര്‍ഷത്തിന് അടിയന്തര രാഷ്ട്രീയ പരിഹാരം കണ്ടെത്താനുമുള്ള ആഹ്വാനങ്ങള്‍ക്കിടയില്‍ ഇസ്രായില്‍ സര്‍ക്കാര്‍ ശക്തമായ അന്താരാഷ്ട്ര വിമര്‍ശനങ്ങള്‍ നേരിടുന്നു.