തെല്‍അവീവ്: ഗാസയിലെ ഹമാസ് നേതാവ് മുഹമ്മദ് അല്‍സിന്‍വാറിനെ ഇസ്രായില്‍ സൈന്യം വധിച്ചതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇസ്രായില്‍ പാര്‍ലമെന്റിനു മുമ്പാകെ അറിയിച്ചു. ഇസ്രായില്‍ ഏറ്റവും കൂടുതല്‍ അന്വേഷിക്കുന്ന വ്യക്തികളില്‍ ഒരാളും അന്തരിച്ച ഹമാസ് നേതാവ് യഹ്യ അല്‍സിന്‍വാറിന്റെ ഇളയ സഹോദരനുമാണ് മുഹമ്മദ് അല്‍സിന്‍വാര്‍.
തെക്കന്‍ ഗാസയിലെ ഖാന് യൂനിസിന് കിഴക്കുള്ള യൂറോപ്യന്‍ ആശുപത്രി ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തില്‍ ഭൂഗര്‍ഭ തുരങ്കത്തില്‍ ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ്സ് നേതാവായ മുഹമ്മദ് അല്സിന്വാറും മറ്റു നേതാക്കളും കൊല്ലപ്പെട്ടതായി രണ്ട് ഫലസ്തീന് വൃത്തങ്ങള്‍ ഒരാഴ്ച മുമ്പ് സൂചിപ്പിച്ചിരുന്നു. ഇസ്രായില്‍ പാര്‍ലമെന്റിനു മുന്നില്‍ സംസാരിച്ച നെതന്യാഹു, ഇസ്രായിലി വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഹമാസ് നേതാക്കളുടെ പട്ടികയില്‍ മുഹമ്മദ് അല്‍സിന്‍വാറിനെ ഉള്‍പ്പെടുത്തി.
ഗാസ യുദ്ധത്തിനിടെ സഹോദരന് യഹ്യ അല്‍സിന്‍വാറിനെ ഇസ്രായില്‍ കൊലപ്പെടുത്തിയ ശേഷം മുഹമ്മദ് അല്സിന്വാറിന് ഹമാസ് നേതൃത്വത്തിന്റെ ഉന്നത സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം നല്‍കുകയായിരുന്നു. 2023 ഒക്ടോബര്‍ ആക്രമണത്തിന്റെ സൂത്രധാരനായ യഹ്യ അല്‍സിന്‍വാര്‍ തന്റെ മുന്‍ഗാമിയായ ഇസ്മായില്‍ ഹനിയയെ ഇറാനില്‍ വെച്ച് ഇസ്രായില്‍ കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് പ്രസ്ഥാനത്തിന്റെ നേതാവായി നിയമിക്കപ്പെട്ടത്.