ഗാസ– വെടി നിർത്തൽ ലക്ഷ്യംവെച്ച് മുന്നോട്ടുവെക്കുന്ന നിർദേശങ്ങളെല്ലാം ഇസ്രായിൽ പ്രധാനമന്ത്രി തള്ളിക്കളയുകയാണെന്ന് ഹമാസ്. ഗാസയിലെ ശേഷിക്കുന്ന ബന്ദികളെ കൈമാറാനുള്ള ഏക മാർഗം വെടിനിർത്തൽ കരാറാണെന്നും അവരുടെ വിധിയുടെ പൂർണ ഉത്തരവാദിത്തം നെതന്യാഹുവിനാണെന്നും ഹമാസ് അറിയിച്ചു. തങ്ങൾ ഭാഗിക കരാറിന് തയാറാണെന്നും സമഗ്ര കരാറിന് സന്നദ്ധ പ്രകടിപ്പിക്കുകയും ചെയ്തിട്ടും ഗാസ പിടിച്ചടക്കാനുള്ള പിടിവാശിയിലാണ് നെതന്യാഹുവെന്നും ഹമാസ് പറഞ്ഞു.
വെടിനിർത്തൽ കരാർ പൂർത്തിയാകുമ്പോഴേക്കും നെതന്യാഹു അത് നീട്ടിവെക്കുകയും പുതിയ വ്യവസ്ഥകൾ മുന്നോട്ടുവെക്കുകയും ചെയ്തതായി മുൻ അമേരിക്കൻ വിദേശ മന്ത്രാലയ വക്താവ് മാത്യു മില്ലർ നടത്തിയ പ്രസ്താവനകൾ ഹമാസ് ചൂണ്ടിക്കാട്ടി. 22 മാസത്തിലേറെ നീണ്ട യുദ്ധത്തിൽ നെതന്യാഹുവും മറ്റ് ഇസ്രായിലി നേതാക്കളും അവകാശപ്പെടുന്ന സമ്പൂർണ വിജയം മിഥ്യയാണെന്ന് തെളിയിച്ചിരിക്കുന്നതായും ഹമാസ് പ്രസ്താവനയിൽ പറഞ്ഞു.
ഈജിപ്ത്ത്,ഖത്തർ മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശം അംഗീകരിച്ചതായി ഈ മാസം ആദ്യത്തിൽ ഹമാസ് അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ ഇസ്രായിൽ ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല. ഇതിനുപുറമെ ഗാസ പിടിച്ചടക്കാനുള്ള പദ്ധതികൾക്ക് അംഗീകാരം നൽകിയിട്ടുമുണ്ട്. എന്നാൽ ഈ പദ്ധതി പെട്ടെന്ന് നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഹമാസിനും ഇസ്രായിലിനുമിടയിൽ വെടി നിർത്തൽ ചർച്ചകൾ അനുനയിപ്പിക്കാൻ ഖത്തറും ഈജിപ്തും ശ്രമം തുടരുകയാണ്.
അന്താരാഷ്ട്ര തലത്തിൽ രൂക്ഷവിമർശനത്തിനു വിധേയമായ പുതിയ പദ്ധതിയുമായി മുന്നോട്ട് പോവാനാണ് തീരുമാനമെന്ന് ഇസ്രായിൽ പ്രതിരോധ മന്ത്രി യിസ്രായിൽ കാറ്റ്‌സ് ഇന്ന് വ്യക്തമാക്കി. തങ്ങൾ മുന്നോട്ട് വെക്കുന്ന നിബന്ധനകളോടെ യുദ്ധം അവസാനിപ്പിക്കാനും എല്ലാ ബന്ദികളെയും മോചിപ്പിക്കാനും ഹമാസ് സമ്മതിച്ചില്ലെങ്കിൽ ഗാസ നഗരം തകർത്തുകളയുമെന്നും കാറ്റ്‌സ് പറഞ്ഞു. ഏകദേശം 10 ലക്ഷത്തോളം ആളുകൾ ഗാസ നഗരത്തിൽ താമസിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇതിനോടകം ആയിരക്കണക്കിന് ആളുകൾ ഉന്തുവണ്ടിയിലും വാഹനങ്ങളിലുമായി ഗാസയിൽ നിന്ന് പാലായനം ചെയ്തിട്ടുണ്ട്.