വാഷിങ്ടൺ – ഇറാനെ ആക്രമിക്കാൻ വീണ്ടും ഇസ്രായിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇറാൻ തങ്ങളുടെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയുടെ വ്യാപ്തി വർധിപ്പി ക്കുന്നതിനെക്കുറിച്ചും ഈ ഭീഷണിക്കെതിരെ നടപടി എടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ധരിപ്പിക്കാനുള്ള നീക്കത്തിലാണ് ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവെന്ന് യുഎസ് മാധ്യമമായ എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഈ മാസം അവസാനമാണ് നെതന്യാഹു ട്രംപിനെ കാണുക. ഈ യോഗത്തിൽ ആക്രമണം സംബന്ധിച്ച് ചർച്ച നടത്തുമെന്നാണ് വിവരം. ഇറാൻ ബാലിസ്റ്റിക് മിസൈൽ ഉൽപാദനം വൻതോതിൽ വർധിപ്പിക്കുന്നതായി ഇസ്രായിൽ വിലയിരുത്തലുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് വീണ്ടും ആക്രമണം നടത്താൻ ഇസ്രായിലും നെതന്യാഹു ഒരുങ്ങുന്നത്.
നേരത്തെ ജൂണിൽ ഇസ്രായിലും ഇറാനും നടത്തിയ യുദ്ധം 12 ദിവസം നീണ്ടുനിന്നിരുന്നു. ഇറാനിയൻ ആണവ ശാസ്ത്രജ്ഞരെ കൊലപ്പെടുത്തിയെന്നും മിസൈൽ പ്രോഗ്രാമിന്റെ വിതരണ-ഉൽപാദന ശേഷിയുടെ ഭൂരിഭാഗവും ഇല്ലാതാക്കിയെന്നും യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങൾക്ക് കേടുപാടുകൾ വരുത്തിയെന്നും ഇസ്രായിൽ അവകാശപ്പെട്ടിരുന്നു. അവസാന ദിവസങ്ങളിൽ അമേരിക്കയും ചേർന്നതോടെ യുദ്ധം കടുത്തിരുന്നു.
യുദ്ധത്തിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 1,000-ത്തിലധികം പേർ കൊല്ലപ്പെട്ടതായി ഇറാൻ പറഞ്ഞു. 500-ലധികം ബാലിസ്റ്റിക് മിസൈലുകളും ഏകദേശം 1,100 ഡ്രോണുകളും ഇസ്രായിലിലേക്ക് വിക്ഷേപിച്ചുകൊണ്ട് ഇറാൻ തിരിച്ചടിച്ചു, ഇതിൽ 32 പേർ കൊല്ലപ്പെടുകയും 3,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ആരോഗ്യ ഉദ്യോഗസ്ഥരും ആശുപത്രികളും അറിയിച്ചു.



