ഗാസ – മൂന്ന് പേരുടെ മരണത്തിനിടയാക്കിയ, ഗാസയിലെ ക്രിസ്ത്യന്‍ ചര്‍ച്ചിനു നേരെ നടത്തിയ വ്യോമാക്രമണത്തില്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അഗാധമായ ഖേദം പ്രകടിപ്പിച്ചു. ആക്രമണത്തില്‍ ആളുകള്‍ മരണപ്പെട്ടതിനെ നെതന്യാഹു ദുരന്തം എന്ന് വിശേഷിപ്പിച്ചു. ഗാസയിലെ ഹോളി ഫാമിലി പള്ളിയില്‍ വഴിതെറ്റിയ വെടിക്കോപ്പുകള്‍ പതിച്ചതില്‍ ഇസ്രായില്‍ അഗാധമായി ഖേദിക്കുന്നു. നഷ്ടപ്പെടുന്ന ഓരോ നിരപരാധിയുടെ ജീവനും ദുരന്തമാണ്. മരണപ്പെട്ടവരുടെ കുടുംബങ്ങളുടെയും വിശ്വാസികളുടെയും വേദനയില്‍ ഞങ്ങള്‍ പങ്ക് ചേരുന്നു – നെതന്യാഹു പറഞ്ഞു.
ഗാസയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തെ കുറിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രായില്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ഗാസയിലെ ലാറ്റിന്‍ മൊണാസ്ട്രി പള്ളിയില്‍ നടന്ന ആക്രമണം തെറ്റാണെന്ന് നെതന്യാഹു ട്രംപിനെ അറിയിച്ചതായി വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലെവിറ്റ് പറഞ്ഞു. ഗാസയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സിറിയയുടെ സമാധാനത്തിലേക്കുള്ള പാതയെ ട്രംപ് ഇപ്പോഴും പിന്തുണക്കുന്നതായി ലെവിറ്റ് പറഞ്ഞു. രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള അല്‍സുവൈദായിലെ സംഘര്‍ഷ മേഖലകളില്‍ നിന്ന് സിറിയന്‍ സര്‍ക്കാര്‍ സൈന്യത്തെ പിന്‍വലിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ നീണ്ടുനിന്ന രക്തരൂക്ഷിതമായ ഏറ്റുമുട്ടലുകളില്‍ നൂറുകണക്കിന് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനെ തുടര്‍ന്ന് സിറിയന്‍ സര്‍ക്കാര്‍ വെടിനിര്‍ത്തലിന് സഹായിച്ചതായും വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.