ജറുസലേം– ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിനെ രൂക്ഷമായി വിമർശിച്ച് ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ‘ആന്റണി ഇസ്രായേലിനെ ചതിച്ച ദുർബല രാഷ്ട്രീയക്കാരനും ഓസ്‌ട്രേലിയൻ ജൂതന്മാരെ ഉപേക്ഷിച്ചയാളാണെന്നും’ നെതന്യാഹു എക്‌സിൽ ആരോപിച്ചു. ചരിത്രം അദ്ദേഹം എന്തായിരുന്നെന്ന് ഓർമ്മിക്കുമെന്നും നെതന്യാഹു കുറിച്ചു.
തീവ്ര സയണിസ്റ്റ് നിലപാടുകാരനായ എംകെ സിംച റോത്ത്മാന്റെ വിസ ഓസ്‌ട്രേലിയ റദ്ദാക്കിയതിനെ തുടർന്നാണ് രൂക്ഷവിമർശനവുമായി ഇസ്രായിൽ പ്രധാനമന്ത്രി രംഗത്തുവന്നത്. ഇതിന് പ്രതികാര നടപടിയായി ഫലസ്തീൻ അതോറിറ്റിയിലെ ഓസ്‌ട്രേലിയൻ പ്രതിനിധിയുടെ റസിഡൻസി വിസ ഇസ്രായിൽ റദ്ദാക്കുകയും ചെയ്തു.
ഇസ്രായിൽ പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് ആന്റണിക്കെതിരെയുള്ള നെതന്യാഹുവിന്റെ പ്രസ്താവനയെ വിമർശിച്ചു. നെതന്യാഹു അന്താരാഷ്ട്ര തലത്തിൽ ഇസ്രായിലിനെ ഒറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. യുഎൻ അസംബ്ലിയിൽ ഓസ്‌ട്രേലിയ ഫലസ്തീനിനെ രാഷ്ട്രമായി അംഗീകരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം വഷളാവുകയായിരുന്നു.
ഫലസ്തീനിലെ തങ്ങളുടെ പ്രതിനിധിയുടെ വിസ റദ്ദാക്കിയ നടപടി നിയമവിരുദ്ധമാണെന്ന് ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വേങ് വിമർശിച്ചു. സെപ്തംബറിൽ നടക്കുന്ന യുഎൻ ജനറൽ അസംബ്ലിയിലാണ് ഫലസ്തീനിനെ സ്വതന്ത്ര രാഷ്ട്രമായി ഓസ്‌ട്രേലിയ അംഗീകരിക്കുക.