കാഠ്മണ്ഡു – ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, എക്‌സ്, യൂട്യൂബ് തുടങ്ങി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിരോധിച്ച് നേപ്പാൾ. നേപ്പാളിലെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകൾ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഓഗസ്റ്റ് 28- മുതൽ സർക്കാർ ഏഴ് ദിവസത്തെ സമയപരിധി നിശ്ചയിച്ചിരുന്നു. ആ സമയപരിധി ബുധനാഴ്ച രാത്രി അവസാനിച്ചതോടെയാണ് നടപടി. വ്യാഴായ്ച മന്ത്രാലയത്തിൽ ചേർന്ന യോഗത്തിൽ നിരോധനം നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു.
ഫേസ്ബുക്ക്, ഫേസ്ബുക്ക് മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ്, വാട്ട്‌സ്ആപ്പ്, എക്സ്, ലിങ്ക്ഡ്ഇന്‍, റെഡ്ഡിറ്റ്, സ്നാപ്ചാറ്റ്, പിൻറെസ്റ്റ്, സിഗ്നൽ, ത്രെഡ്സ്, ഡിസ്കോർഡ്, വീചാറ്റ്, ക്വോറ, ടംബ്ലർ, ക്ലബ്‌ഹൗസ്, മാസ്റ്റോഡണ്‍, റംബിള്‍, വികെ, ലൈന, ഐഎംഒ, സാലോ, സോള്‍, ഹംറോ പാട്രോ എന്നിവ നിരോധിച്ചവയിൽ ഉൾപ്പെടുന്നു.
വിയോജിപ്പുകളെ നിശ്ശബ്ദമാക്കാനുള്ള ശ്രമമാണെന്ന് ആരോപിച്ച് നേപ്പാള്‍ സര്‍ക്കാരിനെതിരെ ഒരു വിഭാഗം ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തിയിട്ടുണ്ട്. കർശനമായ മേൽനോട്ടവും നിയന്ത്രണ നടപടികളും ഉൾപ്പെടുന്ന സർക്കാരിന്റെ രജിസ്‌ട്രേഷന്‍ വ്യവസ്ഥകള്‍ പല സോഷ്യല്‍ മീഡിയ കമ്പനികൾക്കും അപ്രായോഗികവും അനാവശ്യമായ കടന്നുകയറ്റവുമാണെന്ന് അവർ വിമർശനം ഉന്നയിച്ചു.