മ്യാന്മര്‍– മാര്‍ച്ച് 28 ന് ഉച്ചയോടെയുണ്ടായ ശക്തമായ ഭൂമികുലുക്കത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 1000 കവിഞ്ഞെന്ന് സ്റ്റേറ്റ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. 2376 ആളുകള്‍ക്ക് പരിക്കേറ്റു. മരണസംഖ്യ പതിനായിരത്തോളമായി കൂടുമെന്ന് അമേരിക്കന്‍ ഏജന്‍സിയായ യുണൈറ്റഡ് സ്‌റ്റേറ്റ് ജിയോളജിക്കല്‍ സര്‍വെ (യു.എസ്.ജി.സി)മുന്നറിയിപ്പ് നല്‍കി.
മ്യാന്മറില്‍ നിന്ന് 900 കിലോമീറ്റര്‍ അകലെയുള്ള തായ്‌ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലും ഭൂമി കുലുക്കത്തില്‍ 10 പേര്‍ മരിച്ചു, 100 നിര്‍മ്മാണ തൊഴിലാളികളെ കാണാതായി. നിരവധി കെട്ടിടങ്ങളും പാലങ്ങളും തകര്‍ന്നു. തായ് സര്‍ക്കാര്‍ തലസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയിലും,മണിപ്പൂരിലും അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശ്, ചൈന എന്നിവിടങ്ങളിലും ഭൂമി കുലുക്കം അനുഭവപ്പെട്ടു.
ഭൂചലനത്തിന്റെ ഉറവിട കേന്ദ്രമായ മണ്ടാലയില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായ വാഗ്ദാനത്തിനു പിന്നാലെ ‘ഓപ്പറേഷന്‍ ബര്‍മയുടെ’ ഭാഗമായി ഇന്ത്യ സോളാര്‍ വിളക്കുകള്‍, ഭക്ഷണ പാചക കിറ്റുള്‍പ്പെടെ 15 ടണ്‍ വസ്തുക്കള്‍ ഐ.എ.എഫ്.സി വിമാനത്തില്‍ മ്യാന്മറിലേക്ക് അയച്ചു.
ആഭ്യന്തരയുദ്ധത്താല്‍ തകര്‍ന്ന മ്യാന്മര്‍ രൂക്ഷമായ വൈദ്യുതി, ജലക്ഷാമം നേരിടുന്നതിനാല്‍ സൈനിക മേധാവി മിന്‍ സാങ് ഹ്ലെയിങ് വിദേശ സഹായത്തിനായി അപേക്ഷിച്ചു. ചൈനയും റഷ്യയും രക്ഷാപ്രവര്‍ത്തന സംഘത്തെ അയച്ചു. മ്യാന്മറിനുള്ള സഹായം അമേരിക്ക അയക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉറപ്പ് നല്‍കി.