നെയ്‌പിഡോ: ഭൂകമ്പത്തിൽ തകർന്നടിഞ്ഞ മ്യാൻമറിൽ 1,644 മരണം സ്ഥിരീകരിച്ചു. 3,408 പേർക്ക് പരിക്കേറ്റു. നൂറുകണക്കിനാളുകൾ ജീവനോടെയും അല്ലാതെയും കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്.
മണ്ഡലൈ നഗരത്തിൽ തകർന്ന കെട്ടിടത്തിനടിയിൽ മാത്രം നൂറോളം പേരുണ്ടെന്ന് റെഡ് ക്രോസ് അറിയിച്ചു. രക്ഷാപ്രവർത്തനം മന്ദഗതിയിലാണ്. അവശിഷ്ടങ്ങൾ നീക്കാനുള്ള മെഷീനുകളോ മറ്റു സംവിധാനങ്ങളോ അധികൃതർ എത്തിച്ചിട്ടില്ല. ആവശ്യത്തിന് രക്ഷാസേനയെയും നിയോഗിച്ചിട്ടില്ല. കൈകൾ കൊണ്ട് ജനങ്ങൾ രക്ഷാപ്രവർത്തനം നടത്തുന്ന കാഴ്ചയാണെങ്ങും.
അതേസമയം, തായ്‌ലൻഡിൽ മരണസംഖ്യ 10 ആയി. ബാങ്കോക്കിൽ തകർന്ന 30 നില കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽ കുടുങ്ങിയ 50 തൊഴിലാളികൾക്കായി തെരച്ചിൽ തുടരുകയാണ്.
ഇന്ത്യൻ സമയം വെള്ളിയാഴ്ച രാവിലെ 11.50നാണ് റിക്ടർ സ്കെയിലിൽ 7.7 തീവ്രതയിൽ ഭൂകമ്പമുണ്ടായത്. മ്യാൻമറിലെ മണ്ഡലൈ നഗരത്തിൽ നിന്ന് 17.2 കിലോമീറ്റർ അകലെയായിരുന്നു പ്രഭവ കേന്ദ്രം.
മ്യാൻമാറിന് സഹായ ഹസ്തവുമായി ഇന്ത്യയുടെ ‘ഓപ്പറേഷൻ ബ്രഹ്‌മ’. ഭക്ഷണവും മരുന്നും അടക്കം 15 ടൺ സാധനങ്ങളുമായി വ്യോമസേനാ വിമാനം യാങ്കോണിൽ ഇറങ്ങി. തെരച്ചിൽ നായ്‌ക്കളുമായി 80 അംഗ എൻ.ഡി.ആർ.എഫ് സംഘവും എത്തി. ആഗ്രയിൽ നിന്ന് 118 ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ സംഘം മ്യാൻമാറിലേക്ക് പുറപ്പെട്ടു. 40 ടൺ രക്ഷാസാമഗ്രികളുമായി നാവികസേനയുടെ കപ്പലുകളായ ഐ.എൻ.എസ് സത്പുരയും ഐ.എൻ.എസ് സാവിത്രിയും ഇന്ന് രാവിലെ യാങ്കോൺ തുറമുഖത്തെത്തും. 50 ടൺ സാമഗ്രികളുമായി രണ്ട് കപ്പലുകൾ കൂടി പിന്നാലെ എത്തും.