ബാങ്കോക്ക്– മധ്യമ്യാന്മറില്‍ 5.5 തീവ്രതയില്‍ ഏപ്രിൽ 13ന് രാവിലെ വീണ്ടും ഭൂചലനം ഉണ്ടായതായി അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് 28 ന് 3649 പേരുടെ ജീവനെടുത്ത 7.7 തീവ്രതയുള്ള ഭൂകമ്പത്തിന് പിന്നാലെയാണ് വീണ്ടും ഭൂചലനം. ഭൂകമ്പത്തില്‍ വന്‍ നാശനഷ്ടങ്ങളും ആളപായങ്ങളുമുണ്ടായ മണ്ടാലെയ്ക്കും നയ്പിറ്റോയ്ക്കുമിടയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.
കഴിഞ്ഞ പ്രാവിശ്യമുണ്ടായ ഭൂകമ്പത്തിലുണ്ടായ തുടര്‍ചലനങ്ങളില്‍ ഒന്നാണ് പുതിയ ഭൂകമ്പം. ആളപായങ്ങളോ നാശനഷ്ടങ്ങളോ ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആഭ്യന്തര യുദ്ധത്തിനു ശേഷമുണ്ടായ ഭൂകമ്പം മ്യാന്മറിലെ ജനജീവിതം വളരെ ദുരിതത്തില്‍ ആക്കി. ഭൂമികുലുക്കം കാരണമുണ്ടായ നാശനഷ്ടങ്ങള്‍ മനുഷ്യരെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കി. കാര്‍ഷികോല്‍പ്പാദനവും മെഡിക്കല്‍ മേഖലയിലെ സൗകര്യങ്ങള്‍ തകര്‍ന്നതിനാലും ആരോഗ്യ അടിയന്തരാവസ്ഥയും ഉണ്ടാകുമെന്ന് ഐക്യരാഷ്ട്ര സഭയിറക്കിയ മുന്നറിയിപ്പില്‍ പറയുന്നു.
ഇന്ന് രാവിലെ ഉണ്ടായ ഭൂചലനം ശക്തമായിട്ടണ് ഉണ്ടായതെന്നും കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നെന്നും ചിലര്‍ പറഞ്ഞതായി ദി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഭൂചലനം വലിയ തോതില്‍ അനുഭവപ്പെട്ടിട്ടില്ലെന്ന അഭിപ്രായമുള്ള ആളുകളുമുണ്ട്. മാര്‍ച്ച് 28 നുണ്ടായ ഭൂചലനത്തില്‍ 3649 പേര്‍ മരിക്കുകയും 5018 പരുക്കേല്‍ക്കുകയും ചെയ്തുട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.