ദമാസ്‌കസ് – ദമാസ്‌കസിലെ അല്‍മാലികി ഡിസ്ട്രിക്ടിലെ അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ നടി ദിയാല അല്‍വാദി കൊല്ലപ്പെട്ട സംഭവത്തില്‍ ഉള്‍പ്പെട്ടവരെ അറസ്റ്റ് ചെയ്തതായി സിറിയന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുറ്റകൃത്യത്തിന്റെ സാഹചര്യങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ ക്രിമിനല്‍ അന്വേഷണ സംഘങ്ങള്‍ക്ക് കണ്ടെത്താനായതായി ദമാസ്‌കസ് പോലീസ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ ഉസാമ ആതിക പറഞ്ഞു.
മോഷണ ലക്ഷ്യത്തോടെ മറ്റൊരു വ്യക്തിയുമായി സഹകരിച്ച് ശുചീകരണ ജോലിക്കാരിയായ യുവതിയാണ് കുറ്റകൃത്യം നടത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ് മേധാവി വിശദീകരിച്ചു.
നടിയെ പിന്തുടര്‍ന്ന ശേഷം കുറ്റവാളി വീട്ടില്‍ അതിക്രമിച്ചു കയറി കുത്തികൊലപ്പെടുത്തി പണവും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ച് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. അറസ്റ്റിലായ കുറ്റവാളികളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ ബന്ധപ്പെട്ട ജുഡീഷ്യല്‍ വകുപ്പിന് റഫര്‍ ചെയ്യുമെന്നും ദമാസ്‌കസ് പോലീസ് മേധാവി പറഞ്ഞു.