തെല്‍അവീവ് – ലക്ഷക്കണക്കിന് ഫലസ്തീനികളെ ഗാസയില്‍ നിന്ന് ഒഴിപ്പിച്ച് മറ്റു രാജ്യങ്ങളിലേക്ക് മാറ്റാന്‍ അമേരിക്കയുടെ സഹായം തേടി മൊസാദ് ഡയറക്ടര്‍ ഡേവിഡ് ബാര്‍ണിയ ദിവസങ്ങള്‍ക്കു മുമ്പ് അമേരിക്ക സന്ദര്‍ശിച്ചതായി അമേരിക്കന്‍ വാര്‍ത്താ മാധ്യമമായ ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു.
ഗാസയില്‍ നിന്ന് ഒഴിപ്പിക്കുന്ന ഫലസ്തീനികളെ സ്വീകരിക്കുന്നതിനെ കുറിച്ച് എത്യോപ്യ, ഇന്തോനേഷ്യ, ലിബിയ എന്നീ രാജ്യങ്ങളുമായി ഇസ്രായില്‍ സംസാരിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിനെ ബാര്‍ണിയ അറിയിച്ചതായി ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗാസയില്‍ നിന്നുള്ള ധാരാളം ഫലസ്തീനികളെ സ്വീകരിക്കാനുള്ള തുറന്ന മനസ്സ് എത്യോപ്യ, ഇന്തോനേഷ്യ, ലിബിയ എന്നീ രാജ്യങ്ങള്‍ പ്രകടിപ്പിച്ചതായും അമേരിക്ക ആ രാജ്യങ്ങള്‍ക്ക് പ്രോത്സാഹനങ്ങള്‍ വാഗ്ദാനം ചെയ്ത് ഗാസയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കുന്ന ഫലസ്തീനികളെ സ്വീകരിക്കുന്ന കാര്യത്തില്‍ അവരെ സമ്മതിപ്പിക്കാന്‍ ഇസ്രായിലിനെ സഹായിക്കണമെന്ന് നിര്‍ദേശിച്ചതായും യോഗത്തിനിടെ ബാര്‍ണിയ വിറ്റ്‌കോഫിനോട് പറഞ്ഞതായി ബന്ധപ്പെട്ടവര്‍ സൂചിപ്പിച്ചു. ഈ നിര്‍ദേശത്തോട് വിറ്റ്‌കോഫ് പ്രതിബദ്ധത പ്രകടിപ്പിച്ചിട്ടില്ലെന്നും ഈ വിഷയത്തില്‍ അമേരിക്ക സജീവമായി ഇടപെടുമോ എന്ന് വ്യക്തമല്ലെന്നും ഒരു സ്രോതസ്സ് പറഞ്ഞു.
ഗാസ പുനര്‍നിര്‍മിക്കാനായി ഗാസയില്‍ നിന്ന് ഇരുപതു ലക്ഷം ഫലസ്തീനികളെ മറ്റു രാജ്യങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കണമെന്ന് യു.എസ് പ്രസിഡന്റ് ട്രംപ് ഫെബ്രുവരിയില്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അറബ് രാജ്യങ്ങളില്‍ നിന്ന് ശക്തമായ എതിര്‍പ്പ് നേരിട്ടതിനെ തുടര്‍ന്ന് വൈറ്റ് ഹൗസ് ഈ ആശയത്തില്‍ നിന്ന് പിന്മാറി. നെതന്യാഹുവിന് ഈ ആശയം പിന്തുടരണമെങ്കില്‍, ഗാസയില്‍ നിന്നുള്ള ഫലസ്തീനികളെ സ്വീകരിക്കാന്‍ തയാറുള്ള രാജ്യങ്ങളെ ഇസ്രായില്‍ കണ്ടെത്തണമെന്ന് ട്രംപ് ഭരണകൂടം തങ്ങളെ അറിയിച്ചതായി ഇസ്രായില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗാസയില്‍ നിന്ന് കുടിയിറക്കപ്പെടുന്ന വലിയ തോതിലുള്ള ഫലസ്തീനികളെ സ്വീകരിക്കാന്‍ തയാറുള്ള രാജ്യങ്ങളെ കണ്ടെത്താനുള്ള ചുമതല നെതന്യാഹു മൊസാദിനെ ഏല്‍പിച്ചിട്ടുണ്ട്.