ഗാസ: ഗാസയിലെ 92 ശതമാനം വീടുകളും നശിപ്പിക്കപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തതായി ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ, പ്രവര്‍ത്തന ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഗാസയിലെ കുടുംബങ്ങള്‍ സങ്കല്‍പ്പിക്കാനാവാത്ത തകര്‍ച്ച നേരിടുന്നതായി യു.എന്‍ ഏജന്‍സി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ഗാസയില്‍ 92 ശതമാനം വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു, അല്ലെങ്കില്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു. എണ്ണമറ്റ ആളുകള്‍ പലതവണ പലായനത്തിന് നിര്‍ബന്ധിതരായി. അഭയകേന്ദ്രങ്ങള്‍ വിരളമാണ്. തങ്ങള്‍ ഇപ്പോഴും ഗാസയില്‍ പ്രവര്‍ത്തിച്ച് നിര്‍ണായക സഹായം നല്‍കുന്നു. ഗാസക്കെതിരായ ഉപരോധം അടിയന്തിരമായി നീക്കണമെന്നും യു.എന്‍ റിലീഫ് ഏജന്‍സി ആവശ്യപ്പെട്ടു.
ഗാസയില്‍ കൊല്ലപ്പെട്ട യു.എന്‍ റിലീഫ് ഏജന്‍സി ജീവനക്കാരുടെ എണ്ണം 300 കവിഞ്ഞതായി ഏജന്‍സി കമ്മീഷണര്‍ ജനറല്‍ ഫിലിപ്പ് ലസാരിനി പറഞ്ഞു. ഇവരില്‍ ഭൂരിഭാഗവും ഇസ്രായില്‍ സൈന്യത്തിന്റെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഈ യുദ്ധത്തിലുടനീളം എനിക്ക് പതിവായി ലഭിക്കുന്ന ഏറ്റവും ഭയാനകമായ വാര്‍ത്തകളില്‍ ഒന്ന് കൊല്ലപ്പെട്ട യു.എന്‍ റിലീഫ് ഏജന്‍സി ജീവനക്കാരുടെ എണ്ണമാണ്. ഇന്ന് ഇരകളുടെ എണ്ണം 300 കവിഞ്ഞു – ലസാരിനി എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു.
ഈ ജീവനക്കാരില്‍ ബഹുഭൂരിഭാഗത്തെയും അവരുടെ കുട്ടികളെയും പ്രിയപ്പെട്ടവരെയും ഇസ്രായില്‍ സൈന്യം കൊന്നു. മുഴുവന്‍ കുടുംബങ്ങളെയും തുടച്ചുനീക്കി. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും യു.എന്‍ ആരോഗ്യ പ്രവര്‍ത്തകരും അധ്യാപകരുമാണ്. ഈ കുറ്റകൃത്യങ്ങള്‍ക്ക് യാതൊരു ന്യായീകരണവുമില്ല. അന്താരാഷ്ട്ര ശിക്ഷകളില്‍ നിന്ന് ഇസ്രായില്‍ രക്ഷപ്പെടുന്നത് കൂടുതല്‍ കൊലപാതകങ്ങളിലേക്ക് നയിക്കും. ഈ കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദികളായവരോട് കണക്കു ചോദിക്കണമെന്നും ഫിലിപ്പ് ലസാരിനി പറഞ്ഞു.
ഇസ്രായില്‍ സൈനിക നടപടികള്‍ ശക്തമാക്കിയതിനെ തുടര്‍ന്ന് ഗാസയില്‍ ഫലസ്തീന്‍ കുടുംബങ്ങള്‍ മുഴുവന്‍ കുടുങ്ങിക്കിടക്കുകയാണെന്ന് അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി പറഞ്ഞു. മുഴുവന്‍ കുടുംബങ്ങളും കുടുങ്ങിക്കിടക്കുകയാണ്, ഇവര്‍ നിരാശയോടെ സുരക്ഷയും സംരക്ഷണവും തേടുന്നു. ഗാസയിലെ ആവശ്യങ്ങള്‍ വളരെ വലുതാണ്, ഞങ്ങള്‍ക്ക് പ്രതികരിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നൂറുകണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നിരവധി പേര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കടിയില്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
അടുത്തിടെ തുടര്‍ച്ചയായ ഷെല്ലാക്രമണത്തിന് വിധേയമായതിനെ തുടര്‍ന്ന് തെക്കന്‍ ഗാസയിലെ യൂറോപ്യന്‍ ആശുപത്രിയും വടക്കന്‍ ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രിയും പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണെന്നും റെഡ് ക്രോസ് പ്രസ്താവനയില്‍ പറഞ്ഞു. റിലീഫ് വസ്തുക്കള്‍ക്ക് പ്രവേശനം നിരോധിച്ചതിനാല്‍ ഗാസയിലെ കുട്ടികള്‍ പട്ടിണി, രോഗം, മരണം എന്നിവക്ക് വിധേരാകാനുള്ള സാധ്യത വര്‍ധിക്കുന്നതായി യൂനിസെഫ് പറഞ്ഞു. മാര്‍ച്ച് രണ്ടു മുതല്‍ ഗാസയിലേക്ക് സഹായങ്ങള്‍ എത്തിക്കുന്നത് ഇസ്രായില്‍ പൂര്‍ണമായും തടഞ്ഞിരിക്കുകയാണ്.