ഗാസ: പതിനഞ്ചു മാസം നീണ്ടുനിന്ന ഇസ്രായിലിന്റെ ഗാസ യുദ്ധത്തില്‍ 15,000 ലേറെ വിദ്യാര്‍ഥികള്‍ കൊല്ലപ്പെടുകയും അര ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് സ്ഥിരമായ അംഗവൈകല്യം നേരിട്ടു. കൊല്ലപ്പെട്ടവരില്‍ 1,200 ഓളം പേര്‍ സര്‍വകലാശാല വിദ്യാര്‍ഥികളാണ്. ഇസ്രായിലി ആക്രമണത്തില്‍ 150 ബിരുദാന്തര വിദ്യാര്‍ഥികള്‍ രക്തസാക്ഷികളായി. ഗാസയില്‍ തുടര്‍ച്ചയായി രണ്ട് വര്‍ഷം പഠനം തടസ്സപ്പെട്ടെന്നും ഫലസ്തീന്‍ വിദ്യാഭ്യാസ മന്ത്രാലയം റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ഗാസയില്‍ 95 ശതമാനം സ്‌കൂള്‍, വിദ്യാഭ്യാസ കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. 85 സ്‌കൂള്‍ കെട്ടിടങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നു. വിദ്യാഭ്യാസ മേഖലയില്‍ 140 അഡ്മിനിസ്ട്രേറ്റീവ്, അക്കാദമിക് സ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടു. ഗാസ യുദ്ധം വിദ്യാഭ്യാസ മേഖലയില്‍ 300 കോടിയിലേറെ ഡോളറിന്റെ നാശനഷ്ടങ്ങള്‍ വരുത്തിവെച്ചതായും ഫലസ്തീന്‍ വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു.