കയ്റോ – ഭർത്താവിനും ബന്ധുക്കൾക്കും മുന്നിൽ പാതിവൃത്യം തെളിയിക്കാൻ ഈജിപ്ഷ്യൻ യുവതിക്ക് നേരിടേണ്ടിവന്നത് അഗ്‌നിപരീക്ഷ. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത് വലിയ വിവാദത്തിന് തിരികൊളുത്തി. ബൂസി എന്ന യുവതിക്കാണ് സ്വന്തം പാതിവൃത്യം തെളിയിക്കാൻ അൽബിശ്അ എന്നറിയപ്പെടുന്ന പരമ്പരാഗത അഗ്‌നിപരീക്ഷ നേരിടേണ്ടിവന്നത്.
ലോഹവസ്തു തീയിൽ വെച്ച് നന്നാക്കി ചൂടാക്കിയ ശേഷം യുവതിയുടെ നാവിൽ വെക്കുകയായിരുന്നു. ആദ്യ രാത്രിയിൽ ബൂസി പതിവ്രതയും കന്യകയുമല്ലെന്ന് ഭർത്താവ് ആരോപിച്ചതിനെ തുടർന്നാണ് യുവതിക്ക് തന്റെ പാതിവൃത്യം തെളിയിക്കാൻ പരമ്പരാഗത അഗ്‌നിപരീക്ഷണം നേരിടേണ്ടിവന്നത്.
പരീക്ഷണത്തിനിടെ യുവതി തന്റെ നാവും വായയും പൊള്ളിനശിക്കുമോയെന്ന് താഴ്ന്ന സ്വരത്തിൽ ആവർത്തിച്ച് ചോദിക്കുന്നത് വീഡിയോയിൽ കാണാം. നീ കള്ളമാണ് പറയുന്നതെങ്കിൽ നാക്കിലും വായയിലും പൊള്ളലേൽക്കുമെന്ന് പരീക്ഷ നടത്തിയ വ്യക്തി മറുപടി നൽകി. തുടർന്ന് ചൂടാക്കിയ കട്ടികൂടിയ ലോഹത്തകിട് യുവതിയുടെ നാവിൽ വെച്ചു. വേദന സഹിക്കവെയ്യാതെ യുവതി നിലവിളിച്ചു. ഇതോടെ നാവ് പൊള്ളിയിട്ടില്ലെന്നും സാധാരണ നാടോടി പാരമ്പര്യം അനുസരിച്ച് അത് കന്യകാത്വത്തിന്റെ നിർണായക തെളിവാണെന്നും വിശ്വസിച്ച് ബൂസിയുടെ മാതാവ് സന്തോഷം പ്രകടിപ്പിച്ചു.



