സൻആ – യു.എൻ, ഒമാൻ ആഭിമുഖ്യത്തിൽ 2,900 തടവുകാരെയും ബന്ദികളെയും പരസ്പരം കൈമാറാൻ യെമൻ സർക്കാരും ഹൂത്തി ഗ്രൂപ്പും തമ്മിൽ ഒമാൻ തലസ്ഥാനമായ മസ്‌കത്തിൽ കരാറിലെത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു. ഇരുവശത്തുനിന്നുമുള്ള 2,900 തടവുകാരും ബന്ദികളും ഉൾപ്പെടുന്ന കൈമാറ്റ കരാർ നടപ്പാക്കാൻ മസ്‌കത്തിൽ നടന്ന കൂടിയാലോചനകളിൽ യെമൻ സർക്കാരും ഹൂത്തി ഗ്രൂപ്പും ധാരണയിലെത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. കരാർ പ്രകാരം 1,200 തടവുകാരെയും ബന്ദികളെയും ഹൂത്തികളും ഏകദേശം 1,700 ഹൂത്തി തടവുകാരെ യെമൻ സർക്കാരും വിട്ടയക്കും.
ഹൂത്തികൾ മോചിപ്പിക്കുന്നവരിൽ ഇസ്ലാഹ് പാർട്ടി നേതാവായ മുഹമ്മദ് ഖഹ്താനും ഉൾപ്പെടുന്നു. തടവുകാരുടെയും ബന്ദികളുടെയും കൈമാറ്റത്തിലെ സുപ്രധാന സംഭവവികാസമാണിത്. യെമനിലെ മാനുഷിക പ്രതിസന്ധി ലഘൂകരിക്കാനും രാഷ്ട്രീയ ഒത്തുതീർപ്പ് പ്രക്രിയ മുന്നോട്ട് കൊണ്ടുപോകാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിലും ഒമാന്റെ പിന്തുണയോടെയുമാണ് യെമൻ സർക്കാരും ഹൂത്തി ഗ്രൂപ്പും കരാറിലെത്തിയതെന്ന് ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു.
കരാർ നടപ്പാക്കുന്ന തീയതിയെ കുറിച്ചോ അതിന്റെ വിശദമായ സംവിധാനങ്ങളെ കുറിച്ചോ ബന്ധപ്പെട്ട കക്ഷികൾ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം പുറപ്പെടുവിച്ചിട്ടില്ല. തടവുകാരുടെ കൈമാറ്റ കരാറുമായി ബന്ധപ്പെട്ട എല്ലാ തടസ്സങ്ങളും മറികടക്കാൻ സൗദി ശ്രമങ്ങൾ സഹായിച്ചതായി ചർച്ചകളിൽ പങ്കെടുത്ത യെമൻ സർക്കാർ പ്രതിനിധി സംഘം പറഞ്ഞു.



