വാഷിംഗ്ടണ്‍: ഗാസയിലെ യുദ്ധസമയത്ത് ഇസ്രായില്‍ സൈന്യത്തിന് നൂതന നിര്‍മിത ബുദ്ധി, ക്ലൗഡ് കംപ്യൂട്ടിംഗ് സേവനങ്ങള്‍ വിറ്റതായും ഇസ്രായിലി ബന്ദികളെ കണ്ടെത്താനും രക്ഷപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ക്ക് സഹായിച്ചതായും മൈക്രോസോഫ്റ്റ് സമ്മതിച്ചു. എന്നാല്‍ ഗാസയിലെ ആളുകളെ ലക്ഷ്യം വെക്കാനോ ഉപദ്രവിക്കാനോ തങ്ങളുടെ അസൂര്‍ പ്ലാറ്റ്ഫോമും എ.ഐ സാങ്കേതികവിദ്യകളും ഇസ്രായില്‍ ഉപയോഗിച്ചതിന് ഇതുവരെ ഒരു തെളിവും കണ്ടെത്തിയിട്ടില്ലെന്നും കമ്പനി പറഞ്ഞു. ഗാസ യുദ്ധത്തില്‍ തങ്ങളുടെ ആഴത്തിലുള്ള പങ്കാളിത്തത്തെ കുറിച്ച കമ്പനിയുടെ ആദ്യത്തെ പരസ്യമായ സമ്മതമാണിത്.
2023 ഒക്‌ടോബര്‍ ഏഴിന് നടന്ന മാരകമായ ഹമാസ് ആക്രമണത്തിന് ശേഷം അമേരിക്കന്‍ ടെക് ഭീമനായ മൈക്രോസോഫ്റ്റിന് ഇസ്രായില്‍ പ്രതിരോധ മന്ത്രാലയവുമായുള്ള അടുത്ത പങ്കാളിത്തത്തെ കുറിച്ച് മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത വിവരങ്ങള്‍ അസോസിയേറ്റഡ് പ്രസ്സ് നടത്തിയ അന്വേഷണത്തില്‍ വെളിപ്പെട്ട് മൂന്നു മാസത്തിന് ശേഷമാണ് ഇസ്രായിലിനെ യുദ്ധത്തില്‍ സഹായിക്കുന്നതായി കമ്പനി തുറന്നു സമ്മതിച്ചത്. 2023 ഒക്‌ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിനു ശേഷം വാണിജ്യ എ.ഐ ഉല്‍പന്നങ്ങളുടെ സൈനിക ഉപയോഗം ഏകദേശം 200 മടങ്ങ് വര്‍ധിച്ചു. ബഹുജന നിരീക്ഷണത്തിലൂടെ ശേഖരിക്കുന്ന ഇന്റലിജന്‍സ് വിവരങ്ങള്‍ ട്രാന്‍സ്‌ക്രൈബ് ചെയ്യാനും വിവര്‍ത്തനം ചെയ്യാനും പ്രോസസ്സ് ചെയ്യാനും ഇസ്രായില്‍ സൈന്യം അസൂര്‍ ഉപയോഗിക്കുന്നതായി എ.പി റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായില്‍, ഉക്രൈന്‍, അമേരിക്ക എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സൈന്യങ്ങള്‍ക്ക് വിവിധ ഉപയോഗങ്ങള്‍ക്കായി കൃത്രിമ ബുദ്ധി ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ ടെക് കമ്പനികള്‍ നടത്തുന്ന വര്‍ധിച്ച ശ്രമത്തെ ഈ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നു. പിഴവുകളുള്ളതും പിശകുകള്‍ക്ക് സാധ്യതയുള്ളതുമായ എ.ഐ സംവിധാനങ്ങള്‍ ആരെയോ എന്തിനെയോ ലക്ഷ്യം വെക്കണമെന്ന് തീരുമാനിക്കാന്‍ സഹായിക്കുന്നതായും ഇത് നിരപരാധികളുടെ മരണത്തിന് കാരണമാകുമെന്നും മനുഷ്യാവകാശ ഗ്രൂപ്പുകള്‍ ആശങ്ക ഉന്നയിച്ചിട്ടുണ്ട്.
ജീവനക്കാരുടെ ആശങ്കകളും മാധ്യമ റിപ്പോര്‍ട്ടുകളും കമ്പനിയെ ഒരു ആന്തരിക അവലോകനം ആരംഭിക്കാനും അധിക വസ്തുതാന്വേഷണം നടത്താന്‍ ഒരു ബാഹ്യ സ്ഥാപനത്തെ നിയമിക്കാനും പ്രേരിപ്പിച്ചതായി മൈക്രോസോഫ്റ്റ് പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ ബാഹ്യ സ്ഥാപനത്തിന്റെ പേരുവിവരങ്ങളും ഈ സ്ഥാപനം നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും മൈക്രോസോഫ്റ്റ് പുറത്തുവിട്ടിട്ടില്ല.
ഇസ്രായില്‍ സൈന്യം മൈക്രോസോഫ്റ്റിന്റെ സാങ്കേതികവിദ്യകള്‍ കൃത്യമായി എങ്ങിനെ ഉപയോഗിക്കുന്നു എന്നതിനെ കുറിച്ചുള്ള നിരവധി ചോദ്യങ്ങളും കമ്പനി നേരിട്ട് അഭിസംബോധന ചെയ്തിട്ടില്ല. കൂടുതല്‍ അഭിപ്രായം പറയാന്‍ കമ്പനി വിസമ്മതിച്ചു. വ്യോമാക്രമണങ്ങള്‍ക്കായി ലക്ഷ്യങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് സൈന്യം ഉപയോഗിക്കുന്ന ഇന്റലിജന്‍സ് വിവരങ്ങള്‍ വിവര്‍ത്തനം ചെയ്യാനും തരംതിരിക്കാനും വിശകലനം ചെയ്യാനും തങ്ങളുടെ എ.ഐ മോഡലുകള്‍ എങ്ങിനെ സഹായിച്ചു എന്നതിനെ കുറിച്ചുള്ള എ.പിയുടെ രേഖാമൂലമുള്ള ചോദ്യങ്ങള്‍ക്ക് മൈക്രോസോഫ്റ്റ് ഉത്തരം നല്‍കാന്‍ വിസമ്മതിച്ചു.
ഇസ്രായില്‍ സൈന്യത്തിന് സോഫ്റ്റ്വെയര്‍, പ്രൊഫഷണല്‍ സേവനങ്ങള്‍, അസൂര്‍ ക്ലൗഡ് സ്റ്റോറേജ്, ഭാഷാ വിവര്‍ത്തനം ഉള്‍പ്പെടെയുള്ള അസൂര്‍ എ.ഐ സേവനങ്ങള്‍ എന്നിവ നല്‍കിയിട്ടുണ്ടെന്നും ബാഹ്യ ഭീഷണികളില്‍ നിന്ന് ദേശീയ സൈബര്‍ ഇടം സംരക്ഷിക്കാന്‍ ഇസ്രായില്‍ സര്‍ക്കാരുമായി സഹകരിച്ചിട്ടുണ്ടെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
2023 ഒക്‌ടോബര്‍ ഏഴിന് ഹമാസ് ബന്ദികളാക്കിയ 250 ലധികം പേരെ രക്ഷിക്കാന്‍ സഹായിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വാണിജ്യ കരാറുകളുടെ നിബന്ധനകള്‍ക്കപ്പുറം ഞങ്ങളുടെ സാങ്കേതികവിദ്യകളിലേക്ക് പ്രത്യേക പ്രവേശനവും പരിമിതമായ അടിയന്തര പിന്തുണയും ഇസ്രായിലിന് നല്‍കിയിട്ടുണ്ടെന്നും മൈക്രോസോഫ്റ്റ് പറഞ്ഞു. ഞങ്ങള്‍ ഈ സഹായം കാര്യമായ മേല്‍നോട്ടത്തിലും പരിമിതമായ അടിസ്ഥാനത്തിലും നല്‍കി. ഇസ്രായില്‍ സൈന്യത്തിന്റെ ചില അപേക്ഷകള്‍ അംഗീകരിക്കുകയും മറ്റു ചിലത് നിരാകരിക്കുകയും ചെയ്തു. ഗാസയിലെ സിവിലിയന്മാരുടെ സ്വകാര്യതയും മറ്റു അവകാശങ്ങളും മാനിച്ചുകൊണ്ട് ബന്ദികളുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുന്നതിന്, കമ്പനി പരിഗണനാപൂര്‍വവും ശ്രദ്ധാപൂര്‍വവുമായ അടിസ്ഥാനത്തില്‍ അതിന്റെ തത്വങ്ങള്‍ പാലിച്ചുവെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നതായി മൈക്രോസോഫ്റ്റ് പറഞ്ഞു.
കമ്പനിയോ അവര്‍ നിയമിച്ച ബാഹ്യ സ്ഥാപനമോ അതിന്റെ ആന്തരിക അന്വേഷണത്തിന്റെ ഭാഗമായി ഇസ്രായില്‍ സൈന്യവുമായി ആശയവിനിമയം നടത്തുകയോ കൂടിയാലോചന നടത്തുകയോ ചെയ്‌തോ എന്ന അന്വേഷണത്തിന് കമ്പനി മറുപടി നല്‍കിയില്ല. ബന്ദികളെ വീണ്ടെടുക്കാന്‍ ഇസ്രായില്‍ സൈന്യത്തിന് നല്‍കിയ പ്രത്യേക സഹായത്തെ കുറിച്ചോ ഫലസ്തീനികളുടെ അവകാശങ്ങളും സ്വകാര്യതയും സംരക്ഷിക്കാനുള്ള പ്രത്യേക നടപടികളെ കുറിച്ചോ കൂടുതല്‍ വിശദാംശങ്ങള്‍ക്കായുള്ള അഭ്യര്‍ഥനകളോടും കമ്പനി പ്രതികരിച്ചില്ല.
ഉപഭോക്താക്കള്‍ അവരുടെ സ്വന്തം സെര്‍വറുകളിലോ മറ്റു ഉപകരണങ്ങളിലോ ഞങ്ങളുടെ സോഫ്റ്റ്വെയര്‍ എങ്ങിനെ ഉപയോഗിക്കുന്നുവെന്ന് തങ്ങള്‍ക്ക് വ്യക്തതയില്ല എന്നും കമ്പനി പ്രസ്താവനയില്‍ സമ്മതിച്ചു. മറ്റു വാണിജ്യ ക്ലൗഡ് ദാതാക്കള്‍ വഴി തങ്ങളുടെ ഉല്‍പന്നങ്ങള്‍ എങ്ങിനെ ഉപയോഗിക്കാമെന്ന് അറിയാന്‍ കഴിയില്ലെന്നും കമ്പനികൂട്ടിച്ചേര്‍ത്തു. മൈക്രോസോഫ്റ്റിന് പുറമേ, ഗൂഗിള്‍, ആമസോണ്‍, പലന്തിര്‍, മറ്റ് നിരവധി പ്രധാന അമേരിക്കന്‍ ടെക് സ്ഥാപനങ്ങള്‍ എന്നിവയുമായി ഇസ്രായില്‍ സൈന്യത്തിന് ക്ലൗഡ്, എ.ഐ സേവനങ്ങള്‍ക്കായി വിപുലമായ കരാറുകളുണ്ട്.
മറ്റേതൊരു ഉപഭോക്താവിനെയും പോലെ ഇസ്രായില്‍ സൈന്യവും കമ്പനിയുടെ സ്വീകാര്യമായ ഉപയോഗ നയവും എ.ഐ പെരുമാറ്റച്ചട്ടവും പാലിക്കാന്‍ ബാധ്യസ്ഥരാണെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു. ഇത് നിയമം നിരോധിച്ചിരിക്കുന്ന ഏതെങ്കിലും വിധത്തില്‍ ദോഷം വരുത്താന്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിക്കുന്നു. ഇസ്രായില്‍ സൈന്യം ആ നിബന്ധനകള്‍ ലംഘിച്ചതിന് തെളിവുകളൊന്നും കണ്ടെത്തിയില്ലെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
തീവ്രവാദികളെ ലക്ഷ്യം വെക്കാനും, ബന്ദികളെ രക്ഷിക്കാന്‍ ഗാസയില്‍ റെയ്ഡുകള്‍ നടത്താനും ഇസ്രായില്‍ തങ്ങളുടെ വിപുലമായ ഇന്റലിജന്‍സ് ശേഖരം ഉപയോഗിച്ചു. പലപ്പോഴും സിവിലിയന്മാര്‍ ഏറ്റുമുട്ടലില്‍ അകപ്പെട്ടു. ഉദാഹരണത്തിന്, 2024 ഫെബ്രുവരിയില്‍ റഫയില്‍ രണ്ട് ഇസ്രായിലി ബന്ദികളെ മോചിപ്പിച്ച ഓപ്പറേഷനില്‍ 60 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. 2024 ജൂണില്‍ നുസൈറാത്ത് അഭയാര്‍ഥി ക്യാമ്പില്‍ നടത്തിയ റെയ്ഡില്‍ നാലു ഇസ്രായിലി ബന്ദികളെ ഹമാസ് തടവില്‍ നിന്ന് മോചിപ്പിച്ചെങ്കിലും കുറഞ്ഞത് 274 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഗാസയിലും ലെബനോനിലും ഇസ്രായിലിന്റെ വ്യാപകമായ വ്യോമാക്രമണങ്ങള്‍ 50,000 ലേറെ ആളുകളുടെ മരണത്തിന് കാരണമായി. ഇതില്‍ പലരും സ്ത്രീകളും കുട്ടികളുമാണ്.
മൈക്രോസോഫ്റ്റിലെ നിലവിലെ ജീവനക്കാരുടെയും മുന്‍ ജീവനക്കാരുടെയും കൂട്ടായ്മായായ നോ അസൂര്‍ ഫോര്‍ അപ്പാര്‍ത്തീഡ്, അന്വേഷണ റിപ്പോര്‍ട്ടിന്റെ പൂര്‍ണ പകര്‍പ്പ് പരസ്യമായി പുറത്തുവിടണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടു. യഥാര്‍ഥത്തില്‍ തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കുകയല്ല ഈ പ്രസ്താവനയിലൂടെ അവരുടെ ഉദ്ദേശ്യം. മറിച്ച്, ഇസ്രായില്‍ സൈന്യവുമായുള്ള ബന്ധം മൂലം മങ്ങിയ അവരുടെ പ്രതിച്ഛായയെ വെള്ളപൂശാന്‍ ഒരു പി.ആര്‍ സ്റ്റണ്ട് നടത്തുക എന്നതാണ് – ഗാസയില്‍ കൊല്ലപ്പെട്ട ഫലസ്തീനികള്‍ക്കായി കമ്പനിയുടെ ആസ്ഥാനത്ത് അനധികൃത ജാഗ്രതാ സംഗമം സംഘടിപ്പിക്കാന്‍ സഹായിച്ചതിന് ഒക്‌ടോബറില്‍ പിരിച്ചുവിട്ട മുന്‍ മൈക്രോസോഫ്റ്റ് ജീവനക്കാരനായ ഹുസാം നാസിര്‍ പറഞ്ഞു.
സുതാര്യതയിലേക്ക് ഒരു ചുവടുവെപ്പ് നടത്തിയതിന് ഇലക്‌ട്രോണിക് ഫ്രോണ്ടിയര്‍ ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിന്‍ഡി കോണ്‍ മൈക്രോസോഫ്റ്റിനെ പ്രശംസിച്ചു. എന്നാല്‍ മൈക്രോസോഫ്റ്റിന്റെ സേവനങ്ങളും എ.ഐ മോഡലുകളും ഇസ്രായില്‍ സൈന്യം സ്വന്തം സര്‍ക്കാര്‍ സെര്‍വറുകളില്‍ എങ്ങിനെ ഉപയോഗിക്കുന്നു എന്നതിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടെ നിരവധി ഉത്തരം ലഭിക്കാത്ത ചോദ്യങ്ങള്‍ പ്രസ്താവന ഉയര്‍ത്തുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.