ന്യൂയോർക്ക് – ഇന്ത്യയിൽ എഐ വ്യാപനം വർദ്ധിപ്പിക്കുന്നതിനായി അടുത്ത നാല് വർഷത്തിനുള്ളിൽ 17.5 ബില്യൺ ഡോളർ നിക്ഷേപം നടത്തുമെന്ന് ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ്. ഏഷ്യയിൽ മൈക്രോസോഫ്റ്റ് നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. 2026 മുതൽ 2029 വരെയുള്ള കാലയളവിലാണ് നിക്ഷേപം നടത്തുക. ഇന്ത്യയുടെ ക്ലൗഡ്, എഐ അടിസ്ഥാന സൗകര്യങ്ങൾ, നൈപുണ്യ വികസനം എന്നിവ ലക്ഷ്യമിട്ടാണ് ഈ നീക്കം. ഇതിലൂടെ ഹൈദരാബാദ്, ചെന്നൈ, പുനെ എന്നീ നഗരങ്ങളിലെ നിലവിലുള്ള ഡാറ്റാ സെന്ററുകൾ വികസിപ്പിക്കുകയും ചെയ്യും.
മൈക്രസോഫ്റ്റ് ചെയർമാനും സിഇഒയുമായ സത്യ നദെല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പ്രഖ്യാപനം നടത്തിയത്. എഐയുടെ കാര്യത്തിൽ ലോകം ഇന്ത്യയെക്കുറിച്ച് ശുഭാപ്തി വിശ്വാസമുള്ളവരാണെന്ന് കൂടിക്കാഴ്ചക്ക് ശേഷം പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.



