ലോസ് ആഞ്ചലസ്– പ്രശസ്ത മെക്സിക്കൻ ബോക്സിങ് താരം ജൂലിയോ സീസർ ചാവെസ് ജൂനിയറിനെ അറസ്റ്റ് ചെയ്ത് യുഎസ് ഇമിഗ്രേഷൻ വിഭാഗം. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുകയും, ഗ്രീൻ കാർഡ് അപേക്ഷയിൽ കള്ളം പറഞ്ഞു എന്ന കാരണത്താലാണ് താരത്തെ അറസ്റ്റ് ചെയ്തത് എന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. പ്രശസ്ത യൂട്യൂബറും ബോക്സിങ് താരവുമായ ജേക്ക് പോളുമായുള്ള മത്സരം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് അറസ്റ്റ് ചെയ്തത്.
തന്റെ താമസസ്ഥലമായ ലോസ് ആഞ്ചലസിന് സമീപത്ത് നിന്നാണ് ചാവെസിനെ കസ്റ്റഡിയിലെടുത്തത്. ചാവെസ് വീട്ടിനടുത്തുള്ള വഴിയിലൂടെ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നെന്നും, നിരവധി ഫെഡറൽ ഉദ്യോഗസ്ഥർ റോഡ് ബ്ലോക്ക് ചെയ്താണ് കസ്റ്റഡിയിലെടുത്തെതെന്നും, വീട്ടുകാർക്ക് മുന്നറിയിപ്പ് നൽകിയില്ല എന്നും ചാവെസിന്റെ വക്കീൽ ആയ മൈക്കിൾ ഗോൾഡ്സ്റ്റീൻ പറഞ്ഞു. ജേക്ക് പോളുമായുള്ള മത്സരത്തിന് ഒരു ദിവസം മുമ്പ്, അതായത് ജൂൺ 27 ന് തന്നെ താരത്തെ കസ്റ്റഡിയിലെടുക്കേണ്ടതായിരുന്നെന്നും, ഇത്രയും നാൾ അവരെന്തിന് കാത്തിരുന്നെന്നും ആണ് ആഭ്യന്തര സുരക്ഷ വിഭാഗം ഉദ്യോഗസ്ഥർ സംഭവത്തോട് പ്രതികരിച്ചത്.


2023 ആഗസ്റ്റിനാണ് ടൂറിസ്റ്റ് വിസയിൽ ചാവെസ് അമേരിക്കയിലെത്തുന്നത്.ഫെബ്രുവരി 2024 ന് വിസയുടെ കാലാവധി കഴിയുകയും ചെയ്തിരുന്നു. ശേഷം അമേരിക്കൻ പൗരയായ ഫ്രിഡ മുനസിനെ വിവാഹം ചെയ്ത് അമേരിക്കയിൽ സ്ഥിര താമസത്തിനായി ചാവെസ് 2024 ഏപ്രിൽ 2 ന് സമർപ്പിച്ച അപേക്ഷയിലെ മൊഴികളത്രയും കള്ളമായിരുന്നു എന്ന് അമേരിക്കൻ ആഭ്യന്തര സുരക്ഷ വിഭാഗം പറയുന്നു.
മെക്സികോയിലെ കുപ്രസിദ്ധ മയക്കുമരുന്ന് സംഘമായ സിനലോവ കാർട്ടലിൻറെ തലവനായിരുന്ന “എൽ ചാപോ” എന്ന് അറിയപ്പെടുന്ന ജോക്വിൻ ഗുസ്മാൻ ലോറയുടെ മകളുടെ മുത്തശ്ശിയാണ് ഫ്രിഡ മുനസ്. ചാവെസ് പ്രസ്തുത മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്നതായാണ് യുഎസ് ഉദ്യോഗസ്ഥർ വിശ്വസിക്കുന്നത്. 2023 ൽ സംഘടിത കുറ്റകൃത്യങ്ങളും ആയുധകടത്തും ആരോപിക്കപ്പെട്ടതിന്റെ പേരിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മെക്സിക്കോ കൈമാറൽ നടപടികൾ ആരംഭിച്ചതായും മെക്സിക്കോ അറ്റോർണി ജനറൽ പറയുന്നു.
ഞങ്ങൾക്ക് അവന്റെ നിരപരാധിത്വത്തിൽ പൂർണ്ണമായ വിശ്വാസമുണ്ട്. പുറമേയുള്ള സമ്മർദ്ധങ്ങളോ, ഊഹാപോഹങ്ങളോ ഇല്ലാതെ കഴിവുള്ള ഉദ്യോഗസ്ഥരെ ചുമതലയേൽപ്പിക്കുക എന്നത് മാത്രമാണ് ശരിയായ വഴി” ചാവെസിന്റെ കുടുംബം പറയുന്നു. ചാവെസിനെ എത്രയും പെട്ടെന്ന് നാടുകടത്തും എന്ന് ഡിഎച്ച്എസ് അറിയിച്ചു.