കയ്‌റോ – പ്രതിശ്രുതവധുവായ യുവതിയെ മോഷണ ലക്ഷ്യത്തോടെ ജീവനോടെ കത്തിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് അപ്പര്‍ ഈജിപ്തിലെ മിന്‍യ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. പ്രതിക്ക് വധശിക്ഷ വിധിക്കുന്നതിനെ ഈജിപ്ഷ്യന്‍ മുഫ്തി പിന്തുണച്ചതിനെ തുടര്‍ന്നാണ് പ്രതിക്കുള്ള ശിക്ഷ കോടതി പ്രഖ്യാപിച്ചത്. അപ്പര്‍ ഈജിപ്തിലെ ബനീ മസാറില്‍ കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. പ്രദേശത്തെ ഖബര്‍സ്ഥാനില്‍ മുഖത്തും ശിരസ്സിലും പൊള്ളലേറ്റ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയതായി അല്‍ശൈഖ് അതാ ഗ്രാമവാസികള്‍ ബനീ മസാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.
സ്വകാര്യ സ്ഥാപനത്തില്‍ കളക്ഷന്‍ ഏജന്റായി ജോലി ചെയ്യുന്ന, 27 കാരിയായ മിന്നയുടെതാണ് മൃതദേഹമെന്ന് അന്വേഷണത്തില്‍ വ്യക്തമായി. യുവതിയുടെ വിവാഹ നിശ്ചയം ദിവസങ്ങള്‍ക്കു മുമ്പാണ് കഴിഞ്ഞിരുന്നത്. വിവാഹത്തിന് തയാറെടുത്തുവന്ന യുവതിയെ കാണാതായതായി ബന്ധുക്കള്‍ സുരക്ഷാ വകുപ്പുകളെ അറിയിച്ചിരുന്നു.
വൈകാതെ പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാന്‍ സുരക്ഷാ വകുപ്പുകള്‍ക്ക് സാധിച്ചു. കൂലിപ്പണിക്കാരനായ 29 കാരന്‍ അലിയാണ് അറസ്റ്റിലായത്. ആഭരണങ്ങള്‍ കവരാനും യുവതി പിരിച്ചിരുന്ന ഇന്‍സ്റ്റാള്‍മെന്റ് തുക അടക്കാതിരിക്കാനും വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പ്രതി കുറ്റസമ്മതം നടത്തി. സംഭവ ദിവസം പ്രതി യുവതിയെ തന്ത്രപൂര്‍വം ബൈക്കില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. മാര്‍ഗമധ്യേ പ്രതി ബൈക്ക് മാറ്റി മറ്റൊരു ബൈക്ക് ഉപയോഗിച്ചു.
സമീപത്തെ അല്‍ശൈഖ് അതാ ഖബര്‍സ്ഥാനില്‍ മറവു ചെയ്ത ബന്ധുവിന്റെ ഖബറിടത്തില്‍ സന്ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്നതായി പ്രതി മാര്‍ഗമധ്യേ യുവതിയോട് പറഞ്ഞു. ബന്ധുക്കളുടെയും നാട്ടുകാരുടെയും മറ്റും കണ്ണില്‍ പെടാതിരിക്കുന്നതിന് യുവതിയെ പ്രതി തനിക്കൊപ്പം തന്ത്രപൂര്‍വം ഖബര്‍സ്ഥാനിലേക്കും കൂട്ടിക്കൊണ്ടുപോയി. ഇവിടെ വെച്ച് അപ്രതീക്ഷിതമായി വലിയ കല്ലെടുത്ത് പ്രതി യുവതിയുടെ ശിരസ്സില്‍ ഇടിക്കുകയായിരുന്നു. ഇതോടെ ബോധരഹിതയായി നിലംപതിച്ച യുവതിയെ സമീപത്ത് ഉണക്കപ്പുല്ലുകളുള്ള സ്ഥലത്ത് കിടത്തി സ്വര്‍ണം കവര്‍ന്ന് പുല്ലുകള്‍ക്ക് തീയിട്ട് പ്രതി രക്ഷപ്പെടുകയായിരുന്നു.