കയ്റോ– വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ കുത്തി പരുക്കേൽപ്പിക്കുകയും മൂന്ന് മക്കളെ കൊലപ്പടുത്തുകയും ചെയ്ത് യുവാവ് ആത്മഹത്യ ചെയ്തു. കയ്‌റോയുടെ വടക്കുകിഴക്ക് ദഖഹ്ലിയ ഗവർണറേറ്റിലെ നബറോഹിലാണ് സംഭവം. ഈജിപ്ഷ്യൻ യുവാവായ ഉസാം അബ്ദുൽഫത്താഹ് ആണ് ജീവനൊടുക്കിയത്. മക്കളായ മർയം(12), മുആദ്(7), മുഹമ്മദ്(4) എന്നിവരെ കുത്തിയും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയ ശേഷം ഭാര്യ നജ്‌വയെയും 16 തവണ കുത്തിയാണ് പ്രതി ജീവനൊടുക്കിയത്. ഗുരുതരമായി പരുക്കേറ്റ യുവതിയെ മൻസൂറ യൂണിവേഴ്സിറ്റി എമർജൻസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ മോശം പെരുമാറ്റം കാരണമാണ് ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടത്.
യുവാവിന്റെ മൃതദേഹത്തിന്റെ ഭാഗങ്ങൾ റെയിൽപാളത്തിൽ നിന്ന് ശേഖരിച്ച് മൻസൂറ യൂണിവേഴ്സിറ്റി എമർജൻസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുട്ടികളുടെ പെറ്റുമ്മ അഞ്ച് വർഷം മുമ്പ് അവസാനത്തെ കുഞ്ഞിന് ജന്മം നൽകുന്നതിനിടെ മരിച്ചതാണ്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന യുവതി യുവാവിന്റെ രണ്ടാമത്തെ ഭാര്യയാണെന്നും ഇവരാണ് ഭർത്താവിന്റെ ആദ്യ വിവാഹബന്ധത്തിൽ പിറന്ന മക്കളെ പരിചരിച്ചിരുന്നതെന്നും പ്രദേശവാസികൾ പറഞ്ഞു. അപ്പാർട്ട്മെന്റിനുള്ളിൽ നിന്ന് സഹായത്തിനായുള്ള നിലവിളികൾ കേട്ട അയൽവാസികൾ പോലീസിനെ അറിയിക്കുകയായിരുന്നു. കുട്ടികളുടെയും പിതാവിന്റെയും മൃതദേഹങ്ങൾ മൻസൂറ യൂണിവേഴ്സിറ്റി എമർജൻസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചു.