ന്യൂയോർക്ക് – ന്യൂയോർക്ക് സിറ്റി മേയറായി ചുമതലയേറ്റ ദിവസം തന്നെ അഴിമതി ആരോപണങ്ങളിൽ കുറ്റാരോപിതനായ മുൻ മേയർ എറിക് ആഡംസ് പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും റദ്ദാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ സൊഹ്‌റാൻ മംദാനി ഒപ്പുവെച്ചു. ഇതിൽ ഇസ്രായിലിനെ പിന്തുണക്കുന്ന രണ്ടു ഉത്തരവുകളും ഉൾപ്പെടുന്നു. മേയറായി ചുമതലയേറ്റ വ്യായാഴ്ചയാണ് മംദാനി ഉത്തരവുകൾ റദ്ദാക്കിയത്. ന്യൂയോർക്ക് സിറ്റി ഏജൻസികളെ ഇസ്രായിലിനെ ബഹിഷ്‌കരിക്കുന്നതിൽ നിന്നും ഇസ്രായിലിൽ നിന്ന് നിക്ഷേപങ്ങൾ പിൻവലിക്കുന്നതിൽ നിന്നും വിലക്കിയ ഉത്തരവും കഴിഞ്ഞ ജൂണിൽ ഒപ്പിട്ട ഇസ്രായിൽ വിമർശനത്തെ ജൂതവിരുദ്ധതയുമായി തുല്യമാക്കുന്ന വിശാലമായ നിർവചനം നൽകുന്നതുമായിരുന്നു.
മെയ് മാസത്തിൽ ആഡംസ് സ്ഥാപിച്ച ജൂതവിരുദ്ധതക്കെതിരായ പോരാട്ടത്തിനുള്ള സിറ്റി ഓഫീസ് മംദാനി റദ്ദാക്കിയില്ല. മുൻ മേയറും മംദാനിയുടെ നാമനിർദേശത്തെ എതിർത്തവരും ചില യാഥാസ്ഥിതിക ജൂത നേതാക്കളും മംദാനിയുടെ നടപടികളെ വിമർശിച്ചു.
ആഡംസിന്റെ രണ്ട് ഉത്തരവുകളും മംദാനിയെയും അദ്ദേഹത്തിന്റെ അനുയായികളും വിയോജിച്ച വീക്ഷണങ്ങളെ അടിച്ചമർത്താനുള്ള തീവ്രശ്രമമായിരുന്നു. അവയിലൊന്ന് ഏതാനും ആഴ്ചകൾക്ക് മുമ്പാണ് പുറപ്പെടുവിച്ചത്. ന്യൂയോർക്ക് നഗരത്തിലെ പുതിയ മേയർ ഈ ഉത്തരവുകൾ റദ്ദാക്കിയത് ആശ്ചര്യകരമല്ല, മറിച്ച് സ്വാഗതാർഹമായ വാർത്തയാണ് – ന്യൂയോർക്ക് സിവിൽ ലിബർട്ടീസ് യൂണിയൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോണ ലീബർമാൻ പറഞ്ഞു.
ആഡംസിന്റെ ഈ തീരുമാനങ്ങൾ ഒന്നാം ഭരണഘടനാ ഭേദഗതി ഉറപ്പുനൽകുന്ന സംസാര സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം നിങ്ങളുടെ കാഴ്ചപ്പാടിനെ ആശ്രയിക്കുന്നില്ല. ഇസ്രായിലിനെ കുറിച്ചോ ഗാസയെ കുറിച്ചോ സംസാരിക്കുന്നതിനും ഈ സംഘർഷവുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രവർത്തനത്തിനും നമ്മൾ നേരിടുന്ന മറ്റേതെങ്കിലും രാഷ്ട്രീയ പ്രശ്‌നത്തിനും ഇത് ബാധകമാണ് – ഡോണ ലീബർമാൻ പറഞ്ഞു.
അമേരിക്കയിലെ ഏറ്റവും വലിയ ജൂത സമൂഹമുള്ള ന്യൂയോർക്കിലെ ഒരു തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥന് മുമ്പ് ചിന്തിക്കാൻ പോലും കഴിയാത്ത വിധത്തിൽ മംദാനി ഇസ്രായിലിനെ വിമർശിച്ചു. ഇസ്രായിലിനെ ഒരു വർണ്ണവിവേചന രാഷ്ട്രമായി അദ്ദേഹം അപലപിച്ചു. രാഷ്ട്രീയ, നിയമ വ്യവസ്ഥകളിൽ ജൂതന്മാർക്ക് മുൻഗണന നൽകുന്നതിനു പകരം എല്ലാ മതങ്ങളിലെയും അനുയായികൾക്ക് ഇസ്രായിൽ തുല്യ അവകാശങ്ങൾ ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായിലിനെ സാമ്പത്തികമായി ഒറ്റപ്പെടുത്താൻ ശ്രമിക്കുന്ന ബോയ്‌കോട്ട്, ഡിവെസ്റ്റ്‌മെന്റ്, സാങ്ഷൻസ് (ബി.ഡി.എസ്) പ്രസ്ഥാനത്തെയും അദ്ദേഹം പിന്തുണച്ചു.
മംദാനിയെ പിന്തുണച്ച ജൂത വോട്ടർമാർ പലപ്പോഴും ഇസ്രായിലിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങളും, ഫലസ്തീനികളെ ഇസ്രായിൽ കൈകാര്യം ചെയ്യുന്നതിലുള്ള അദ്ദേഹത്തിന്റെ ശക്തമായ എതിർപ്പും തങ്ങളുടെ സ്വന്തം വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നതായി കരുതി. എന്നാൽ മറ്റുള്ളവർ ഇസ്രായിലിനോടുള്ള അദ്ദേഹത്തിന്റെ സമീപനത്തെയും ന്യൂയോർക്കിലെ ജൂത സമൂഹത്തിന്റെ ഉത്കണ്ഠകളെയും കുറിച്ച് ആശങ്കാകുലരായിരുന്നു.
തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം, ന്യൂയോർക്കിലെ ജൂത സമൂഹത്തിന്റെ സുരക്ഷ സംരക്ഷിക്കുമെന്നും അവരുടെ സംഭാവനകളെ ആദരിക്കുമെന്നും മംദാനി ആവർത്തിച്ച് വ്യക്തമാക്കി. വ്യാഴാഴ്ച നടന്ന സമ്മേളനത്തിൽ അദ്ദേഹം ഈ പ്രതിബദ്ധത വീണ്ടും വ്യക്തമാക്കി. ജൂതവിരുദ്ധത ഞങ്ങൾ വളരെ ഗൗരവമായി എടുക്കുന്ന ഒരു പ്രശ്നമാണ്, ന്യൂയോർക്കിലെ ജൂത സമൂഹത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണിത്, അവരെ സംരക്ഷിക്കുക മാത്രമല്ല, അവരെ ആദരിക്കാനും അഭിനന്ദിക്കാനും പ്രതിജ്ഞാബദ്ധമാണെന്ന് ഓഫീസ് എഗൈൻസ്റ്റ് ആന്റി-സെമിറ്റിസത്തിന്റെ തുടർച്ചയായ പ്രവർത്തനം ചൂണ്ടിക്കാട്ടി മംദാനി പറഞ്ഞു.



