വിസ്മയിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന ജീവിത കഥയാണ് ലണ്ടൻ ഉസ്മാൻ എന്ന ഉസ്മാൻ അബൂബക്കറിന്റേത്. ലണ്ടനിൽ ഹലാൽ ഭക്ഷണം വിളമ്പി വിജയിച്ച കോഴിക്കോട്ടുകാരൻ ഉസ്മാൻ ലണ്ടനിലെത്തുന്ന മുഴുവൻ മലയാളികളുടെയും കൂട്ടുകാരനായിരുന്നു. കഠിനാദ്ധ്വാനവും സ്ഥിരോത്സാഹവും വിജയിക്കണമെന്ന അടങ്ങാത്ത ആഗ്രഹവും മാത്രം കൈമുതലാക്കിയ ഉസ്മാൻ രുചിയുള്ള ഭക്ഷണം നൽകി ആളുകളുടെ ഹൃദയത്തിലിടം നേടി. പരിമിതമായ വിദ്യാഭ്യാസ പശ്ചാത്തലം മാത്രമുള്ള ഉസ്മാൻ 1970-ലാണ് ലണ്ടനിലെത്തിയത്. 1939-ൽ സ്ഥാപിതമായ ഈസ്റ്റ് ലണ്ടനിലെ ഏറ്റവും പഴയ ഇന്ത്യൻ റെസ്റ്റോറന്റായ ദ ഹലാലിൽ വെയിറ്ററായും അടുക്കളയിൽ സഹായിയായും പ്രവർത്തിച്ചു. പിന്നീട് മാനേജറായും ഉടമയായും മാറിയത്. ഇന്നലെയാണ് ഉസ്മാൻ അന്തരിച്ചത്.
കോഴിക്കോട്ട്നിന്ന് കടലും കടന്ന് ലണ്ടനിലെത്തി വിജയിച്ച ലണ്ടൻ ഉസ്മാന്റെ ജീവിതകഥയിലേക്ക് എത്തിനോട്ടം.
1933-ൽ ജനിച്ച ഉസ്മാൻ, കുട്ടിയായിരിക്കേ തന്നെ ജീവിതപ്രാരാബ്ദങ്ങളാൽ നിരവധി ഉത്തരവാദിത്വങ്ങൾ ചുമലിലേറ്റേണ്ടി വന്ന ഒരാളായിരുന്നു. പതിനഞ്ച് വയസ്സുള്ളപ്പോൾ, ജോലി അന്വേഷിച്ച് ചെന്നൈയിലേക്ക് (അന്ന് മദ്രാസ്) കുടിയേറി, ഒരു സ്റ്റേഷനറി കടയിൽ ജോലി ചെയ്തു. തുടർന്ന്, തന്റെ മൂത്ത സഹോദരൻ താമസിക്കുന്ന ബോംബെയിലേക്ക് മാറി. മർച്ചന്റ് നേവിയിൽ ജോലി ചെയ്യുന്ന ഒരാളെ പരിചയപ്പെട്ടതാണ് വഴിത്തിരിവായത്. ഇതോടെ കപ്പലുകളിൽ ജോലി ചെയ്യാനും ചെറിയ ജോലികൾ ചെയ്യാനും അവസരം ലഭിച്ചു.
ലോകമെമ്പാടും സഞ്ചരിക്കാനുള്ള അവസരം ഉസ്മാന് ഇതുവഴി കൈവരികയായിരുന്നു. കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ബ്രിട്ടൻ തുടങ്ങി നിരവധി രാജ്യങ്ങളിൽ യാത്ര നടത്തി. 1952 മുതൽ 1966 വരെ ഉസ്മാൻ കടലിൽ തന്നെയായിരുന്നു. 1966-ൽ കേരളത്തിൽ തിരിച്ചെത്തി ബിസിനസ്സ് ആരംഭിച്ചു. എന്നാൽ അത് വിജയിച്ചില്ല. അതിനേക്കാൾ മെച്ചപ്പെട്ട എന്തെങ്കിലും കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു അദ്ദേഹം. കൊച്ചിയിലെ ഒരു സുഹൃത്ത് വഴി ഉസ്മാൻ ലണ്ടനിലേക്ക് തിരിച്ചു. ആ യാത്ര എത്തിയത് ഹലാലിന്റെ വാതിൽപ്പടിയിലായിരുന്നു.
ജോലി അന്വേഷിച്ച് ഉസ്മാൻ ഹലാലിൽ എത്തുമ്പോൾ അവിടെ ഉച്ചഭക്ഷണത്തിന്റെ തിരക്കിലായിരുന്നു. തിരക്ക് കഴിയുന്നത് വരെ കാത്തിരിക്കാൻ ഉസ്മാനോട് അവർ ആവശ്യപ്പെട്ടു. അദ്ദേഹം പുറത്തുകാത്തുനിന്നു. ഹോട്ടലിന് പുറത്ത് ഒരു കാർ വൃത്തിഹീനമായി കിടക്കുന്നത് ഉസ്മാന്റെ കണ്ണിൽ പതിഞ്ഞു. എന്തായാലും വെറുതെ നിൽക്കുകയല്ലേ, എന്തെങ്കിലും ജോലി ചെയ്യാലോ എന്ന് വിചാരിച്ച് ഉസ്മാൻ ആ കാർ വൃത്തിയാക്കാൻ തുടങ്ങി ഉസ്മാൻ. ഇത് ശ്രദ്ധയിൽ പെട്ട ഹോട്ടലുടമ ഉസ്മാന് അവിടെ ജോലി നൽകി. റസ്റ്റോറന്റിലെ ഏത് ജോലിയും ഉസ്മാന് വഴങ്ങുകയും ചെയ്തു.
ഒരു അടുക്കള ജോലിക്കാരനായി ഹലാലിൽ തന്റെ യാത്ര ആരംഭിച്ച ഉസ്മാൻ ജോലി പഠിക്കാനാണ് ഗണ്യമായ സമയം ചെലവഴിച്ചത്. സമയം നോക്കാതെ ജോലി ചെയ്തു. ഹലാലിന്റെ ഉടമ ഇന്ത്യയിലേക്ക് തിരിച്ചുപോരാൻ തീരുമാനിച്ചതോടെ ഹോട്ടൽ ഉസ്മാനെ ഏൽപ്പിച്ചു. ഹലാലിന്റെ സാരഥ്യം ഉസ്മാനായി.
ലണ്ടനിൽ വന്നപ്പോൾ ഉസ്മാന് ഇംഗ്ലീഷ് കാര്യമായി അറിയില്ലായിരുന്നു. എന്നാൽ കഠിനാദ്ധ്വാനത്തിലൂടെ ആ ഭാഷ അദ്ദേഹം സ്വായത്തമാക്കി. ആളുകളെ കൃത്യമായി നിരീക്ഷിക്കാൻ ഉസ്മാന് പ്രത്യേക കഴിവുണ്ടായിരുന്നു. ലണ്ടനിലെ തന്റെ ഉപഭോക്താക്കളെ ആകർഷിക്കാനുള്ള പ്രത്യേക മിടുക്കും അദ്ദേഹത്തിനുണ്ടായിരുന്നു. അറുപത് വർഷത്തിലേറെ തുടർച്ചയായി ഹലാലിൽനിന്ന് ഭക്ഷണം കഴിക്കുന്ന ഉപഭോക്താക്കളുണ്ട് എന്നറിയുമ്പോഴാണ് ഉസ്മാൻ തന്റെ ഉപഭോക്താക്കൾക്കിടയിൽ രൂപപ്പെടുത്തിയ ഇഴയടുപ്പത്തിന്റെ ആഴം മനസിലാകുക.
“ഞങ്ങൾ ജനങ്ങൾക്ക് നൽകുന്ന ഭക്ഷണമാണ് അവരെ വീണ്ടും വീണ്ടും ഞങ്ങളിലേക്ക് തിരികെ കൊണ്ടുവരുന്നത്, ഞങ്ങൾ സൃഷ്ടിക്കുന്ന അലങ്കാരവും അന്തരീക്ഷവുമല്ലെന്ന് ഉസ്മാന്റെ മകൻ മഹബൂബ് നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ലണ്ടൻ ഉസ്മാനെ മലയാള മനോരമ മുൻ റസിഡന്റ് എഡിറ്റർ കെ. അബൂബക്കർ ഓർത്തെടുക്കുന്നു.
ബ്രിട്ടനിലെത്തുന്ന ഓരോ മലയാളിയുടേയും അടുത്ത കൂട്ടുകാരനായിരുന്നു ലണ്ടൻ ഉസ്മാൻ ഹാജി. 1982-ൽ ഇംഗ്ലണ്ടിൽ ഏതാനും മാസങ്ങൾ ചിലവഴിച്ചപ്പോൾ ഞാനും അദ്ദേഹത്തിന്റെ കൂട്ടാളിയായിരുന്നു. അന്ന് സി എച്ച് മുഹമ്മദ് കോയ അവിടെ ചികിത്സയ്ക്കുണ്ടായിരുന്നു.
സി എച്ചിനെ പല പരിപാടികൾക്കും ഉസ്മാൻ ഹാജി കൊണ്ടുപോയി. സി.എച്ച് അടക്കമുള്ള നിരവധി നേതാക്കളുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു.
തിരിച്ചു കോഴിക്കോട്ടെത്തിയ ഉസ്മാൻ ഹാജി നടക്കാവിലെ മനോരമ ഓഫീസിൽ നിത്യസന്ദർശകനായിരുന്നു. കോഴിക്കോട് ജെ.ഡി.ടിയിൽ തന്റെ ഭാര്യയുടെ പേരിൽ ഒരു കെട്ടിടം അദ്ദേഹം നിർമ്മിച്ചു നൽകി. എല്ലാവരെയും പ്രചോദിതരാക്കുന്ന ജീവിതമാണ് ലണ്ടൻ ഉസ്മാൻ ഹാജിയുടേത്. അദ്ദേഹവുമൊത്തുള്ള നിരവധി മധുരിക്കുന്ന ഓർമ്മകൾ എനിക്കുണ്ട്.