ബെയ്‌റൂത്ത്– ലെബനോന്റെ തെക്കന്‍ അതിര്‍ത്തിയില്‍ ബ്ലൂ ലൈന്‍ മറികടന്ന് കോണ്‍ക്രീറ്റ് മതില്‍ നിര്‍മിച്ചതില്‍ ഇസ്രായിലിനെതിരെ ലെബനോന്‍ യു.എന്‍ രക്ഷാ സമിതിക്ക് പരാതി നല്‍കുമെന്ന് പ്രസിഡന്റ് അറിയിച്ചു. ഇസ്രായില്‍ പിന്‍വാങ്ങിയ ശേഷം വരച്ച നീലരേഖ മറികടന്ന് ലെബനോന്റെ തെക്കന്‍ അതിര്‍ത്തിയില്‍ കോണ്‍ക്രീറ്റ് മതില്‍ നിര്‍മിക്കുന്നതിന് രക്ഷാ സമിതിയില്‍ അടിയന്തര പരാതി ഫയല്‍ ചെയ്യാന്‍ ഐക്യരാഷ്ട്രസഭയിലെ ലെബനോന്റെ സ്ഥിരം നയതന്ത്ര ദൗത്യത്തിന് നിര്‍ദേശം നല്‍കാന്‍ വിദേശ, പ്രവാസികാര്യ മന്ത്രി യൂസഫ് റജിയോട് പ്രസിഡന്റ് ജോസഫ് ഔന്‍ ആവശ്യപ്പെട്ടതായാണ് പ്രസിഡന്‍സി അറിയിച്ചത്. മതില്‍ നിര്‍മിക്കുന്നില്ലെന്ന ഇസ്രായിലിന്റെ നിഷേധം നിരാകരിക്കുന്ന യു.എന്‍ റിപ്പോര്‍ട്ടുകള്‍ പരാതിയോടൊപ്പം ഉള്‍പ്പെടുത്തണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു. ലെബനോനെ ഇസ്രായിൽ അധിനിവിഷ്ട ഗോലാന്‍ കുന്നുകളില്‍ നിന്നും വേര്‍തിരിക്കുന്ന, ഐക്യരാഷ്ട്രസഭ വരച്ച അതിര്‍ത്തി രേഖയാണ് ബ്ലൂ ലൈന്‍.
രണ്ടായിരാമാണ്ടില്‍ തെക്കന്‍ ലെബനോനില്‍ നിന്ന് ഇസ്രായില്‍ സൈന്യം പിന്‍വാങ്ങിയപ്പോള്‍, അവര്‍ ഈ രേഖയിലേക്കാണ് പിന്‍വാങ്ങിയത്.
ഇസ്രായില്‍ നിര്‍മിച്ച മതില്‍ നീലരേഖ മറികടന്നതായി ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേന (യൂണിഫില്‍) ലെബനോനില്‍ കഴിഞ്ഞ മാസം നടത്തിയ സര്‍വേയില്‍ കണ്ടെത്തിയതായി വെള്ളിയാഴ്ച യു.എന്‍ വക്താവ് അറിയിച്ചു. ഇസ്രായില്‍ നിര്‍മിച്ച മതില്‍ 4,000 ചതുരശ്ര മീറ്ററിലധികം ലെബനീസ് ഭൂമിയിലേക്ക് പ്രദേശവാസികള്‍ പ്രവേശിക്കുന്നത് തടയുന്നതായി യു.എന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു. യാറൂണിന്റെ തെക്കുകിഴക്കായി നീലരേഖയില്‍ മറ്റൊരു ഭാഗം കൂടി കൈയേറി മതിലിന്റെ നിര്‍മാണം നടക്കുന്നുണ്ടെന്നും യു.എന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ കണ്ടെത്തലുകള്‍ യൂണിഫില്‍ ഇസ്രായില്‍ സൈന്യത്തെ അറിയിച്ചതായും മതില്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതായും ഡുജാറിക് വെളിപ്പെടുത്തി. ലെബനീസ് പ്രദേശത്തെ ഇസ്രായിലിന്റെ സാന്നിധ്യവും അവിടെ അവര്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളും യു.എന്‍ രക്ഷാ സമിതിയുടെ 1701-ാം നമ്പര്‍ പ്രമേയത്തിന്റെയും ലെബനോന്റെ പരമാധികാരത്തിന്റെയും പ്രദേശിക സമഗ്രതയുടെയും ലംഘനമാണെന്ന് യൂണിഫില്‍ പ്രത്യേക പ്രസ്താവനയില്‍ പറഞ്ഞു. ലെബനീസ് പ്രസിഡന്റ് യു.എന്‍ വക്താവിന്റെ പ്രസ്താവനകളെ അംഗീകരിച്ചു. ഇസ്രായിലിന്റെ തുടര്‍ച്ചയായ മതില്‍ നിര്‍മാണം യു.എന്‍ രക്ഷാ സമിതിയുടെ 1701-ാം നമ്പര്‍ പ്രമേയത്തിന്റെയും ലെബനോന്റെ പരമാധികാരത്തിന്റെയും പ്രദേശിക സമഗ്രതയുടെയും ലംഘനമാണെന്ന് ലെബനീസ് പ്രസിഡന്‍സി പ്രസ്താവനയില്‍ പറഞ്ഞു.
ഇതേ സമയം നീല രേഖ മറികടന്നാണ് മതില്‍ നിര്‍മിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ ഇസ്രായിലി സൈനിക വക്താവ് നിഷേധിച്ചു. ലെബനോന്‍ അതിര്‍ത്തിയിലെ മതില്‍ ഇസ്രായില്‍ പ്രതിരോധ സേനയുടെ പദ്ധതിയുടെ ഭാഗമാണ്. അതിന്റെ നിര്‍മാണം 2022 ല്‍ ആരംഭിച്ചു. യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം പഠിച്ച പാഠങ്ങളുടെ വെളിച്ചത്തില്‍, വടക്കന്‍ അതിര്‍ത്തിയില്‍ ഭൗതിക തടസ്സം ശക്തിപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നിരവധി നടപടികള്‍ ഇസ്രായില്‍ പ്രതിരോധ സേന ത്വരിതപ്പെടുത്തിയതായും വക്താവ് പറഞ്ഞു.
യു.എന്‍ രക്ഷാ സമിതി 1701-ാം നമ്പര്‍ പ്രമേയം പ്രകാരം ഇസ്രായിലും ഹിസ്ബുല്ലയും തമ്മിലുള്ള 2006 ലെ സംഘര്‍ഷം അവസാനിപ്പിച്ചിരുന്നു. 2024 നവംബര്‍ 27 ന് ഇരുപക്ഷവും തമ്മില്‍ ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറിന്റെ അടിസ്ഥാനവും ഈ പ്രമേയമാണ്. ഇസ്രായില്‍ തങ്ങളുടെ പ്രദേശത്തിനുള്ളില്‍ ആക്രമണം നടത്തി സൈന്യത്തെ നിലനിര്‍ത്തി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതായി ലെബനോന്‍ ആരോപിക്കുന്നു. തങ്ങളുടെ സൈനിക ശേഷി പുനര്‍നിര്‍മിക്കാന്‍ ഹിസ്ബുല്ല പ്രവര്‍ത്തിക്കുന്നതായി ഇസ്രായിലും ആരോപിക്കുന്നുണ്ട്.



