തെഹ്‌റാന്‍ – ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്തെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വീമ്പിളക്കലിനെ 43 ദിവസത്തിനു ശേഷം ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇ വിമര്‍ശിച്ചു. അമേരിക്ക മിഡില്‍ ഈസ്റ്റില്‍ യുദ്ധത്തിനും സംഘര്‍ഷത്തിനും കാരണമായെന്ന് അലി ഖാംനഇ ആരോപിച്ചു. കഴിഞ്ഞ ആഴ്ച ഇസ്രായില്‍ സന്ദര്‍ശനത്തിനിടെ ട്രംപ് നടത്തിയ പ്രസ്താവനകളെ അസംബന്ധം എന്ന് ഖാംനഇ വിശേഷിപ്പിച്ചതായി ഇറാന്‍ പരമോന്നത നേതാവിന്റെ ഔദ്യോഗിക വെബ്സൈറ്റ് പറയുന്നു.
അധിനിവിഷ്ട ഫലസ്തീന്‍ സന്ദര്‍ശിച്ച് വിഡ്ഢിത്തം നിറഞ്ഞതും പരിഹാസപരവുമായ ഒരുകൂട്ടം പരാമര്‍ശങ്ങള്‍ നടത്തിയ യു.എസ് പ്രസിഡന്റ് സയണിസ്റ്റുകള്‍ക്കിടയില്‍ പ്രതീക്ഷ ഉണര്‍ത്താനും മനോവീര്യം വര്‍ധിപ്പിക്കാനും ശ്രമിക്കുകയായിരുന്നെന്ന് ഒരു സംഘം ഇറാന്‍ കായികതാരങ്ങളെ സ്വീകരിച്ച് അലി ഖാംനഇ പറഞ്ഞു. ഞങ്ങള്‍ ഇറാന്റെ ആണവ വ്യവസായം ബോംബിട്ടു നശിപ്പിച്ചെന്ന് യു.എസ് പ്രസിഡന്റ് വീമ്പിളക്കുന്നു. ശരി, നിങ്ങള്‍ ആ മിഥ്യാധാരണയില്‍ ജീവിക്കൂ!. ഈ വ്യക്തി തന്റെ നീചമായ പെരുമാറ്റത്തിലൂടെയും, മേഖലയെയും ഇറാനെയും ഇറാന്‍ ജനതയെയും കുറിച്ചുള്ള നിരവധി നുണകളിലൂടെയും സയണിസ്റ്റുകളുടെ മനോവീര്യം ഉയര്‍ത്താനും സ്വയം കരുത്തനായി അവതരിപ്പിക്കാനും ശ്രമിച്ചു. എന്നാല്‍ ശരിക്കും കരുത്തുണ്ടെങ്കില്‍, അദ്ദേഹം പോയി അമേരിക്കയിലുടനീളം തനിക്കെതിരെ മുദ്രാവാക്യം വിളിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളെ ശാന്തരാക്കട്ടെ – അലി ഖാംനഇ കൂട്ടിച്ചേര്‍ത്തു.
ഇസ്രായിലുമായുള്ള 12 ദിവസത്തെ യുദ്ധത്തില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങളെ ഇസ്രായിലിനെ നിരാശയിലാഴ്ത്തിയ ഞെട്ടിക്കുന്ന പ്രഹരമായിരുന്ന് വിശേഷിപ്പിച്ചുകൊണ്ട് ഖാംനഇ ഇറാന്റെ മിസൈല്‍ പദ്ധതിയെ ന്യായീകരിച്ചു. ജ്വാലകളും തീയും ഉള്ള ഇറാന്‍ മിസൈലിന് അവരുടെ സെന്‍സിറ്റീവും പ്രധാനപ്പെട്ടതുമായ കേന്ദ്രങ്ങളിലേക്ക് ആഴത്തില്‍ തുളച്ചുകയറാനും അവയെ നശിപ്പിക്കാനും ചാരമാക്കാനും കഴിയുമെന്ന് സയണിസ്റ്റുകള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും അലി ഖാംനഇ പറഞ്ഞു.
ഇറാന്‍ തയാറാകുമ്പോള്‍ ഇറാനുമായി ആണവ കരാര്‍ ഒപ്പുവെക്കാന്‍ അമേരിക്ക ഒരുക്കമാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ആഴ്ച ഇസ്രായില്‍ നെസെറ്റില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. നിങ്ങള്‍ തയാറാകുമ്പോള്‍ ഞങ്ങളും തയ്യാറാകും. ഇറാന്‍ എടുക്കുന്ന ഏറ്റവും മികച്ച തീരുമാനമായിരിക്കും അത്. അത് സംഭവിക്കും – ഇറാനുമായുള്ള ആണവ കരാറിനെ പരാമര്‍ശിച്ചുകൊണ്ട് ട്രംപ് പറഞ്ഞു. ഇറാനു നേരെ സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും കൈ നീട്ടിയിരിക്കുന്നു. ഞാന്‍ നിങ്ങളോട് പറയുന്നു, അവര്‍ (ഇറാന്‍) ഒരു കരാറിലെത്താന്‍ ആഗ്രഹിക്കുന്നു. നമുക്ക് ഒരു കരാറിലെത്താന്‍ കഴിയുമെങ്കില്‍, അത് വളരെ മികച്ചതായിരിക്കും – ട്രംപ് കൂട്ടിച്ചേര്‍ത്തു.



