കയ്‌റോ– പ്രശസ്ത മാധ്യമ പ്രവർത്തക ശൈമാ ജമാലിനെ കൊലപ്പെടുത്തിയ കേസിൽ ജഡ്ജി അയ്മൻ ഹജ്ജാജിന്റെയും കൂട്ടുപ്രതി ഹുസൈൻ അൽഗരാബ്ലിയുടെയും വധശിക്ഷ നടപ്പാക്കി ഈജിപ്ഷ്യൻ സുരക്ഷാ വകുപ്പ്. കൊലപാതകത്തിന് ശേഷം മൃതദേഹം ജീസയിലെ ഫാമിനുള്ളിൽ കുഴിച്ചിടുകയും ചെയ്തിരുന്ന കേസിൽ ശിക്ഷയിൽ കഴിയുകയായിരുന്നു പ്രതികൾ. കൊലപാതകത്തിൽ പ്രതിയുടെ പങ്ക് തെളിയിക്കപ്പെട്ടതിനെ തുടർന്ന്, വിചാരണ കോടതി വധിച്ച വധശിക്ഷ അപ്പീൽ നേരത്തെ ശരിവെച്ചിരുന്നു.
ഇരുവരുടെയും രഹസ്യ വിവാഹം ശൈമാ ജമാൽ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും വിവാഹമോചനത്തിന് പകരമായി 30 ലക്ഷം ഈജിപ്ഷ്യൻ പൗണ്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ കാരണത്താൽ മുഖ്യപ്രതിയായ ജഡ്ജി അയ്മൻ ഹജ്ജാജ് ഇവരെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് പ്രധാന പ്രതി കൂട്ടാളിയുമായി ധാരണയിലെത്തി കൃത്യം നടത്തുകയായിരുന്നു.