റോം – ഗസ്സയിൽ ഇസ്രായേലിന്റെ വംശഹത്യക്ക് ഇരയാകുന്ന ഫലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇറ്റലിയിൽ നടന്ന രാജ്യവ്യാപക പണിമുടക്കിൽ രാജ്യം അക്ഷാർത്ഥത്തിൽ നിശ്ചലമായി. യൂനിയോൺ സിൻഡകേൽ ഡി ബേസ് (യുസിബി) അടക്കമുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് നേതൃത്വം നൽകിയത്. വടക്കൻ നഗരമായ മിലാൻ മുതൽ തെക്കു ഭാഗത്തുള്ള പാലർമോ വരെ 75-ഓളം നഗരങ്ങളെ പണിമുടക്ക് ബാധിച്ചു. ട്രെയിനുകൾ, ബസുകൾ, തുറമുഖങ്ങൾ, സ്‌കൂളുകൾ, ഹൈവേകൾ എന്നിവയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു.
ഇറ്റാലിയൻ ഗവൺമെന്റ് ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കണം, ഉപരോധം ഏർപ്പെടുത്തണം, ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പണിമുടക്ക്. തിങ്കളാഴ്ച അർധരാത്രി മുതൽ ചൊവ്വാഴ്ച വരെ നീണ്ട പണിമുടക്കിൽ ലക്ഷക്കണക്കിനാളുകളാണ് പങ്കെടുത്തത്. റോമിൽ, ഇരുപതിനായിരത്തിലധികം പ്രതിഷേധക്കാർ സെൻട്രൽ ടെർമിനൽ റെയിൽവേ സ്റ്റേഷനു പുറത്ത് ഫലസ്തീൻ പതാകകളുമായി ഒത്തുകൂടി ഫ്രീ ഫലസ്തീൻ മുദ്രാവാക്യം വിളിച്ചു.
പ്രാദേശിക ഗതാഗത തൊഴിലാളികളും പണിമുടക്കിൽ പങ്കുചേർന്നതോടെ ബസുകളും മെട്രോ സർവീസുകളും റദ്ദാക്കപ്പെട്ടു. ടൂറിൻ, ഫ്‌ളോറൻസ്, നേപ്പിൾസ്, ബൊലോന്യ, ബാരി തുടങ്ങിയ നഗരങ്ങളിലും സമാന രംഗങ്ങൾ അരങ്ങേറി. വിദ്യാർത്ഥികളും തൊഴിലാളികളും മോട്ടോർവേകൾ തടഞ്ഞു. യൂണിവേഴ്‌സിറ്റി കെട്ടിടങ്ങൾ കൈയേറി. ചില സ്ഥലങ്ങളിൽ പ്രതിഷേധക്കാർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ജെനോവ, ലിവൊർണോ, റവെന്ന തുറമുഖങ്ങൾ ഉപരോധിച്ച തൊഴിലാളികൾ ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി തടസ്സപ്പെടുത്തി. മിലാനിൽ പ്രതിഷേധക്കാരും പൊലീസുകാരും തമ്മിൽ ഏറ്റുമുട്ടിയതോടെ സെൻട്രൽ റെയിൽവേ സ്‌റ്റേഷന്റെ ജനാലകൾ തകർന്നു. അറുപതിലേറെ പൊലീസുകാർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ പറയുന്നു.
പ്രധാനമന്ത്രി ജോർജി മെലോനിയുടെ നേതൃത്വത്തിലുള്ള ഇറ്റലിയിലെ വലതുപക്ഷ ഭരണകൂടം ഇസ്രായിലിന് അനുകൂലമായി സ്വീകരിക്കുന്ന നിലപാടിൽ ഇറ്റാലിയൻ ജനതയ്ക്കുള്ള പ്രതിഷേധമാണ് ദേശീയ പണിമുടക്കിൽ ദൃശ്യമായത്. രാജ്യത്തെ ഏറ്റവും പഴക്കമേറിയ ദിനപത്രങ്ങളിലൊന്നായ ലാ സ്റ്റാമ്പ ഈയിടെ നടത്തിയ സർവേ പ്രകാരം 64 ശതമാനം ഇറ്റലിക്കാരും ഗസ്സയിൽ നടക്കുന്നത് വംശഹത്യയാണെന്ന നിലപാടുള്ളവരാണ്. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കണമെന്ന് 41 ശതമാനം ഇറ്റലിക്കാരും ആവശ്യപ്പെടുന്നുണ്ട്. ഫ്രാൻസ്, ബ്രിട്ടൻ, ഓസ്‌ട്രേലിയ, കാനഡ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചതോടെ മെലോനി ഭരണകൂടം പ്രതിസന്ധിയിലായിക്കഴിഞ്ഞു. ഇതിന് ആക്കം കൂട്ടുന്നതാണ് തൊഴിലാളി സംഘടനകളുടെ വിജയകരമായ പണിമുടക്ക്.