ജിദ്ദ – മേഖലയില്‍ സംഘര്‍ഷം കൂടുതല്‍ വ്യാപിക്കുന്നതിന്റെ കാര്‍ മേഘങ്ങള്‍ ഉരുണ്ടുകൂടുന്നതിനിടെ ഇസ്രായിലി ശതകോടീശ്വരന്റെ ചരക്കു കപ്പല്‍ പിടിച്ചെടുത്ത് ഇറാന്റെ തിരിച്ചടി. അറേബ്യന്‍ ഉള്‍ക്കടലിനും ഒമാന്‍ ഉള്‍ക്കടലിനും ഇടയിലെ ഹുര്‍മുസ് കടലിടുക്കില്‍ വെച്ചാണ് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് കമാന്‍ഡോകള്‍ ഇസ്രായിലുമായി ബന്ധമുള്ള കപ്പല്‍ പിടിച്ചെടുത്തത്.
ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് സ്‌പെഷ്യല്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഹെലികോപ്റ്ററില്‍ എത്തി എം.എസ്.സി ഏരീസ് കപ്പലില്‍ കയറി കപ്പല്‍ ഇറാന്‍ ജലാതിര്‍ത്തിയിലേക്ക് തിരിച്ചുവിടുകയായിരുന്നെന്ന് ഇറാനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇസ്‌ലാമിക് റിപ്പബ്ലിക് ന്യൂസ് ഏജന്‍സി പറഞ്ഞു.
കപ്പല്‍ ഉടമയായ, ലണ്ടന്‍ ആസ്ഥാനമായ സൊഡിയാക് മാരിറ്റൈം ലിമിറ്റഡ് ഇസ്രായിലി വ്യവസായി ഇയാല്‍ ഓഫറിന്റെ സൊഡിയാക് ഗ്രൂപ്പിന്റെ ഭാഗമാണ്.
ഏപ്രില്‍ ഒന്നിന് ദമാസ്‌കസില്‍ ഇറാന്‍ എംബസിക്കു നേരെ ഇസ്രായില്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയെന്നോണം ഇസ്രായിലില്‍ ഇറാന്‍ ഏതു നേരവും ശക്തമായ ആക്രമണം നടത്തിയേക്കുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഇസ്രായിലി വ്യവസായിയുടെ ചരക്കു കപ്പല്‍ ഇറാന്‍ സൈന്യം പിടിച്ചെടുത്തത്.
ഹുര്‍മുസ് കടലിടുക്കിനു സമീപം വെച്ച് ഹെലികോപ്റ്ററിലെത്തിയ ഇറാന്‍ കമാന്‍ഡോകള്‍ കപ്പലില്‍ ഇറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു.
കപ്പലില്‍ 25 ജീവനക്കാരുള്ളതായി ഇറ്റാലിയന്‍-സ്വിസ്സ് ഷിപ്പിംഗ് ഗ്രൂപ്പ് ആയ എം.എസ്.സി പറഞ്ഞു. സൊഡിയാക് ഗ്രൂപ്പ് കപ്പലുകള്‍ സമീപ കാലത്ത് ഇതേ പ്രദേശത്തു വെച്ച് പലതവണ ആക്രമണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇറാനാണെന്ന് ഇസ്രായില്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ ആക്രമണങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇറാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.