തെല്‍അവീവ് – പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കടുത്ത വിമര്‍ശകയായ അറ്റോര്‍ണി ജനറല്‍ ഗാലി ബഹരവ്-മിയാരയെ പുറത്താക്കാന്‍ ഇസ്രായില്‍ മന്ത്രിസഭ തിങ്കളാഴ്ച ഏകകണ്ഠമായി വോട്ട് ചെയ്തു. എന്നാല്‍ സുപ്രീം കോടതി ഉടന്‍ തന്നെ ഈ നീക്കം തടഞ്ഞു. നീതിന്യായ മന്ത്രി യാരിവ് ലെവിന്‍ മന്ത്രിസഭാ തീരുമാനം അറിയിക്കുകയും ബഹരവ്-മിയാരക്ക് കത്ത് അയക്കുകയും ചെയ്തു. അവരില്‍ വിശ്വാസമില്ലാത്തതും അവരുമായി ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്തതുമായ ഒരു സര്‍ക്കാരിന്റെ മേല്‍ സ്വയം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത് എന്ന് കത്തില്‍ പറഞ്ഞു.
മന്ത്രിസഭാ തീരുമാനത്തിന് തൊട്ടുപിന്നാലെ, പ്രതിപക്ഷ പാര്‍ട്ടിയായ യെഷ് ആറ്റിഡും ആക്ടിവിസ്റ്റ് ഗ്രൂപ്പുകളും പുറത്താക്കല്‍ തടയണമെന്ന് ആവശ്യപ്പെട്ട് ഇസ്രായില്‍ സുപ്രീം കോടതിയില്‍ അടിയന്തര ഹര്‍ജികള്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് മന്ത്രിസഭാ തീരുമാനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടും പകരക്കാരനെ നിയമിക്കുന്നതില്‍ നിന്ന് സര്‍ക്കാരിനെ തടഞ്ഞും കോടതി ഇന്‍ജക്ഷന്‍ പുറപ്പെടുവിച്ചു. പുറത്താക്കലിനെതിരായ കൂടുതല്‍ ഹര്‍ജികള്‍ അടുത്ത 30 ദിവസത്തിനുള്ളില്‍ പരിഗണിക്കുമെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചു.
അധികാരമേറ്റതു മുതല്‍ ഗാലി ബഹറാവ്-മിയാര സര്‍ക്കാരുമായി തര്‍ക്കത്തിലാണ്. മെയ് മാസത്തില്‍ ഷിന്‍ ബെറ്റ് സുരക്ഷാ ഏജന്‍സി തലവനായ റോണന്‍ ബാറിനെ പുറത്താക്കാനുള്ള ശ്രമം അടക്കം നെതന്യാഹുവിന്റെ ചില തീരുമാനങ്ങളുടെ നിയമസാധുതയെ അവര്‍ ചോദ്യം ചെയ്തു. നെതന്യാഹുവിന്റെ അടുത്ത സഹായികളില്‍ ചിലര്‍ക്ക് ഖത്തറില്‍ നിന്ന് നിയമവിരുദ്ധമായി പണം ലഭിച്ചതിനെ കുറിച്ച് ബാറിന്റെ ഏജന്‍സി അന്വേഷണം നടത്തിവരികയാണ്. ഇസ്രായിലി പത്രങ്ങളില്‍ ഖത്തര്‍ഗേറ്റ് എന്നറിയപ്പെടുന്ന കേസാണിത്. റോണന്‍ ബാറിനെ പുറത്താക്കിയത് രാഷ്ട്രീയ നീക്കമായിട്ടാണ് കാണുന്നത്.