തെല്‍അവീവ് – ഫതഹ് സെന്‍ട്രല്‍ കമ്മിറ്റി അംഗമായ മര്‍വാന്‍ അല്‍ബര്‍ഗൂത്തിയെ ഏകാന്ത സെല്ലില്‍ അതിക്രമിച്ചുകയറി ഇസ്രായില്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ പുറത്തുവന്നു.
മുമ്പ് റാമോണ്‍, നഫ്ഹ ജയിലുകള്‍ എന്നറിയപ്പെട്ടിരുന്ന ഗാനോട്ട് ജയിലിലെ ഏകാന്ത തടവറ വിഭാഗത്തില്‍ പ്രവേശിച്ചാണ് മര്‍വാന്‍ അല്‍ബര്‍ഗൂത്തിയെ ബെന്‍-ഗ്വിര്‍ ഭീഷണിപ്പെടുത്തിയത്. നിങ്ങള്‍ വിജയിക്കില്ല. ഇസ്രായില്‍ ജനതയെ ലക്ഷ്യം വെച്ച്, ഞങ്ങളുടെ മക്കളെയും സ്ത്രീകളെയും കൊല്ലുന്നവരെ ഞങ്ങള്‍ ഇല്ലാതാക്കും – മര്‍വാന്‍ ബര്‍ഗൂത്തിയോട് ബെന്‍-ഗ്വിര്‍ പറഞ്ഞു.
ഇസ്രായില്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ ജയില്‍ സെല്ലില്‍ കയറി മര്‍വാന്‍ അല്‍ബര്‍ഗൂത്തിയെ ഭീഷണിപ്പെടുത്തിയത് ഫലസ്തീന്‍ തടവുകാര്‍ക്കെതിരെ ഇസ്രായില്‍ പ്രയോഗിക്കുന്ന മാനസികവും ധാര്‍മികവും ശാരീരികവുമായ ഭീകരതയുടെ ഉന്നതിയെ പ്രതിനിധീകരിക്കുന്നതായും ഇത് അന്താരാഷ്ട്ര, മാനുഷിക കണ്‍വെന്‍ഷനുകളുടെയും മാനദണ്ഡങ്ങളുടെയും ലംഘനമാണെന്നും ഫലസ്തീന്‍ വൈസ് പ്രസിഡന്റ് ഹുസൈന്‍ അല്‍ശൈഖ് പ്രസ്താവിച്ചു.
ഫലസ്തീന്‍ തടവുകാര്‍ക്കെതിരായ ഇസ്രായില്‍ സ്വീകരിക്കുന്ന നയത്തിന്റെ മൂര്‍ധന്യാവസ്ഥയാണിത്. ഫലസ്തീന്‍ തടവുകാരെ സംരക്ഷിക്കാന്‍ അന്താരാഷ്ട്ര സംഘടനകളുടെയും സ്ഥാപനങ്ങളുടെയും അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും ഫലസ്തീന്‍ വൈസ് പ്രസിഡന്റ് പറഞ്ഞു.
മര്‍വാന്‍ അല്‍ബര്‍ഗൂത്തിയുടെയും മറ്റെല്ലാ ഫലസ്തീന്‍ തടവുകാരുടെയും ജീവന്റെ പൂര്‍ണ ഉത്തരവാദിത്തം ഇസ്രായില്‍ സര്‍ക്കാരിനാണെന്ന് ഫലസ്തീന്‍ വിദേശ മന്ത്രാലയം പറഞ്ഞു. തടവുകാരെ സംരക്ഷിക്കാനും അവരുടെ മോചനം ഉറപ്പാക്കാനും അന്താരാഷട്ര സമൂഹം അടിയന്തിരവും യഥാര്‍ഥവുമായ ഇടപെടല്‍ നടത്തണമെന്ന് ഫലസ്തീന്‍ വിദേശ മന്ത്രാലയം ആവശ്യപ്പെട്ടു.
ജയിലില്‍ ഭീഷണിപ്പെടുത്തിയതിനു പിന്നാലെ ബെന്‍-ഗ്വീറിന്റെ ഉത്തരവ് പ്രകാരം മര്‍വാനെ അദ്ദേഹത്തിന്റെ സെല്ലില്‍ വെച്ച് വധിക്കുമെന്ന് തങ്ങള്‍ ഭയപ്പെടുന്നതായി മര്‍വാന്‍ അല്‍ബര്‍ഗൂത്തിയുടെ കുടുംബം പ്രസ്താവനയില്‍ പറഞ്ഞു. മര്‍വാന്റെ മുഖത്തിന്റെ രൂപമാറ്റവും അദ്ദേഹം അനുഭവിക്കുന്ന ക്ഷീണവും പട്ടിണിയും കണ്ട് തങ്ങള്‍ ഞെട്ടിപ്പോയതായും കുടുംബം കൂട്ടിച്ചേര്‍ത്തു. ഫതഹുമായി ബന്ധപ്പെട്ട സായുധ സംഘങ്ങള്‍ നടത്തിയ ആക്രമണങ്ങളില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2002 ല്‍ ഇസ്രായില്‍ മര്‍വാന്‍ അല്‍ബര്‍ഗൂത്തിയെ അറസ്റ്റ് ചെയ്യുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയുമായിരുന്നു.