ഗാസ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന മേഖലാ പര്യടനത്തിനിടെയും ഗാസയില്‍ കൂട്ടക്കുരുതികള്‍ക്ക് അറുതിവരുത്താതെ ഇസ്രായില്‍. ഇന്നലെ പുലര്‍ച്ചെ മുതല്‍ ഗാസയില്‍ ഇസ്രായില്‍ നടത്തുന്ന തുടര്‍ച്ചയായ വ്യോമാക്രമണത്തില്‍ മരിച്ച ഫലസ്തീന്‍കാരുടെ എണ്ണം 115 ആയി ഉയര്‍ന്നു. രണ്ട് മാധ്യമപ്രവര്‍ത്തകരും നിരവധി കുട്ടികളും സ്ത്രീകളും കൊല്ലപ്പെട്ടിട്ടിട്ടുണ്ട്.
ഗുരുതരമായി പൊള്ളലേറ്റവര്‍ ഉള്‍പ്പെടെ ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ ഗാസയില്‍ ഫലസ്തീന്‍ വീടുകളും അഭയാര്‍ഥികള്‍ കഴിയുന്ന തമ്പുകളും ലക്ഷ്യം വെച്ചാണ് ഇസ്രായില്‍ വ്യോമാക്രമണങ്ങളും ഷെല്ലാക്രമണങ്ങളും നടത്തിയതെന്ന് ഫലസ്തീന്‍ മെഡിക്കല്‍ വൃത്തങ്ങള്‍ പറഞ്ഞു.
വെസ്റ്റ് ബാങ്കില്‍ ടുബാസ് നഗരത്തിലെ തമൂണ്‍ ഗ്രാമത്തില്‍ ഇസ്രായില്‍ ആക്രമണത്തില്‍ മരണസംഖ്യ അഞ്ചായി ഉയര്‍ന്നു. റാമല്ലക്ക് വടക്കുള്ള ജലസോണ്‍ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രായില്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് ഫലസ്തീനികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.