ന്യൂയോര്‍ക്ക് – ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറില്‍ ഇസ്രായില്‍ നടത്തിയ ആക്രമണം വിശകലനം ചെയ്യാന്‍ യു.എന്‍ രക്ഷാ സമിതിയുടെ അടിയന്തിര യോഗം ആവശ്യപ്പെട്ട് അള്‍ജീരിയ. 15 അംഗ കൗണ്‍സില്‍ ഇന്ന് യോഗം ചേര്‍ന്ന് ഇസ്രായില്‍ ആക്രമണം ചര്‍ച്ച ചെയ്യണമെന്ന് അള്‍ജീരിയ ആവശ്യപ്പെട്ടതായി നയതന്ത്രജ്ഞര്‍ പറഞ്ഞു. സംഭവത്തില്‍ ഖത്തര്‍ യു.എന്‍ രക്ഷാ സമിതിക്ക് കത്ത് നല്‍കി. ഇസ്രായിലിന്റെ ഇത്തരം സാഹസികതയും പ്രാദേശിക സുരക്ഷക്ക് തുടര്‍ച്ചയായ ഭീഷണി സൃഷ്ടിക്കുന്നതും വെച്ചുപൊറുപ്പിക്കില്ലെന്ന് യു.എന്‍ രക്ഷാ സമിതിക്ക് നല്‍കിയ കത്തില്‍ ഖത്തര്‍ പറഞ്ഞു.
എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്‌നമായ ലംഘനമായ, ഈ ഭീരുത്വമാര്‍ന്ന ക്രിമിനല്‍ ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിക്കുന്നതായി ഐക്യരാഷ്ട്രസഭയിലെ ഖത്തര്‍ അംബാസഡര്‍ ആലിയ അഹ്മദ് ബിന്‍ സെയ്ഫ് അല്‍ഥാനി രക്ഷാ സമിതിക്ക് അയച്ച കത്തില്‍ പറഞ്ഞു. സംഭവത്തില്‍ ഉന്നതതല അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാകുന്ന മുറക്ക് അതേ കുറിച്ച് പരസ്യപ്പെടുത്തും. സംഘര്‍ഷം മൂര്‍ഛിപ്പിക്കാനുള്ള അപകടകരമായ ശ്രമമാണ് ഇസ്രായില്‍ ആക്രമണമെന്നും യു.എന്നിലെ ഖത്തര്‍ അംബാസഡര്‍ വിശേഷിപ്പിച്ചു.


ദോഹയില്‍ ഇസ്രായില്‍ നടത്തിയ ക്രൂരമായ വ്യോമാക്രമണത്തെ അറബ് ലീഗ് ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമത്തിന്റെയും യു.എന്‍ ചാര്‍ട്ടറിന്റെയും ഗുരുതരമായ ലംഘനമാണെന്നും ഖത്തറിന്റെ പരമാധികാരത്തിനും സുരക്ഷക്കും നേരെയുള്ള നഗ്‌നമായ ആക്രമണമാണെന്നും അറബ് ലീഗ് പ്രസ്താവനയില്‍ വ്യക്തമാക്കി. അറബ് രാഷ്ട്രത്തിന്റെ പരമാധികാരത്തിന്റെ ഗുരുതരമായ ലംഘനമായും അപകടകരമായ സംഘര്‍ഷമായും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ഭീഷണിയായ അസ്വീകാര്യമായ നിയമ ലംഘനമായും ഇസ്രായിലി ആക്രമണത്തെ വിശേഷിപ്പിച്ച അറബ് ലീഗ് ഇസ്രായിലി സംഘര്‍ഷത്തിന്റെ അനന്തരഫലങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇത് മേഖലാ സുരക്ഷയെയും സ്ഥിരതയെയും അപകടത്തിലാക്കുന്നു.
ഖത്തറിനോട് അറബ് ലീഗ് പൂര്‍ണ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. സുരക്ഷയും പരമാധികാരവും സംരക്ഷിക്കാന്‍ ഖത്തര്‍ സ്വീകരിക്കുന്ന ഏതൊരു നടപടിയെയും പിന്തുണക്കുന്നു. അന്താരാഷ്ട്ര സമൂഹം തങ്ങളുടെ നിയമപരവും ധാര്‍മികവുമായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണമെന്നും, മേഖലയില്‍ അപകടകരമായ നിലക്ക് സംഘര്‍ഷം മൂര്‍ഛിപ്പിക്കുന്നതും മേഖലാ രാജ്യങ്ങള്‍ക്കെതിരായ തുടര്‍ച്ചയായ ആക്രമണങ്ങളും നിര്‍ത്താനും അന്താരാഷ്ട്ര നിയമങ്ങളും അന്താരാഷ്ട്ര മാനുഷിക നിയമവും യു.എന്‍ പ്രമേയങ്ങളും പാലിക്കാനും ഇസ്രായിലിനെ നിര്‍ബന്ധിക്കണമെന്നും അറബ് ലീഗ് ആവശ്യപ്പെട്ടു.