ബെയ്‌റൂത്ത്: ഇസ്രായിലി ഏജന്റുമാരുടെ പ്രശ്‌നം ഹിസ്ബുല്ലക്ക് പേടിസ്വപ്നമായി മാറിയിരിക്കുന്നു. ചാരന്മാര്‍ സൃഷ്ടിക്കുന്ന അപകടം ഇസ്രായിലി യുദ്ധം വരുത്തിവെച്ച പ്രത്യാഘാതങ്ങള്‍ക്ക് തുല്യമായി മാറിയിരിക്കുന്നു. ഇസ്രായിലിനു വേണ്ടി ചാരവൃത്തി നടത്തിയതായി സംശയിച്ച് അറസ്റ്റ് ചെയ്ത 21 പേരെ ചോദ്യം ചെയ്തതില്‍ നിന്ന്, മൊസാദിന് ഇവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡസന്‍ കണക്കിന് ഹിസ്ബുല്ല നേതാക്കളെ വധിക്കാന്‍ ഇസ്രായിലിനെ അവരുടെ ചാരവൃത്തി സഹായിച്ചതായി തെളിഞ്ഞു.
ചാരവൃത്തി സംശയിച്ച് അറസ്റ്റ് ചെയ്തവരില്‍ ഭൂരിഭാഗവും പാര്‍ട്ടി നേതാക്കളുമായും പ്രവര്‍ത്തകരുമായും വളരെ അടുപ്പമുള്ളവരാണ്. നേതാക്കളില്‍ ഒരാളുടെ മകനായ മുഹമ്മദ് സ്വാലിഹും അറസ്റ്റിലായിട്ടുണ്ട്. ഏറ്റവും അപകടകാരിയായ ഇസ്രായില്‍ ചാരനായി കണക്കാക്കപ്പെടുന്ന മുഹമ്മദ് സാലിഹ് ആണ് പാര്‍ട്ടിയിലെ മിക്ക നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും മരണത്തിന് ഉത്തരവാദിയെന്ന് വിശ്വസിക്കപ്പെടുന്നു.
ഇസ്രായിലുമായുള്ള സഹകരണക്കുറ്റം ചുമത്തി ഇതുവരെ 21 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ചാരന്മാരെ കണ്ടെത്താന്‍ ശ്രമങ്ങള്‍ തുടരുകയാണ്. ഒരു പ്രത്യേക വ്യക്തിയുടെ അറസ്റ്റ് കൂടുതല്‍ ഏജന്റുമാരെ കണ്ടെത്തുന്നതിലേക്ക് നയിക്കണമെന്നില്ല. കാരണം മുന്‍കാലങ്ങളിലേതു പോലെ നെറ്റ്വര്‍ക്കുകളോ ഗ്രൂപ്പുകളോ അല്ലാതെ ഇസ്രായില്‍ വ്യക്തികളെ വ്യക്തിഗതമായി റിക്രൂട്ട് ചെയ്യുന്ന നയം സ്വീകരിച്ചിട്ടുണ്ടെന്ന് സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു.
ഇസ്രായിലുമായി സഹകരിച്ചതായി ആരോപിച്ച് ഹിസ്ബുല്ലയുമായി അടുപ്പമുള്ള പ്രശസ്ത ലെബനീസ് ടിക് ടോക്കര്‍ ഉള്‍പ്പെടെയുള്ള ആക്ടിവിസ്റ്റുകളെയും ഡസന്‍ കണക്കിന് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരെയും അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഏജന്റുമാരെ കണ്ടെത്താന്‍ വിപുലമായ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ യാഥാര്‍ഥ്യത്തില്‍ നിന്ന് വളരെ അകലെയുള്ള അതിശയോക്തി കലര്‍ന്ന വിവരങ്ങള്‍ ചാരന്മാരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ട്. സുരക്ഷാ വകുപ്പുകള്‍, പ്രത്യേകിച്ച് ഇന്‍ഫര്‍മേഷന്‍ ബ്രാഞ്ച്, മിലിട്ടറി ഇന്റലിജന്‍സ്, ജനറല്‍ സെക്യൂരിറ്റി എന്നിവ, സ്വദേശത്തും വിദേശത്തുമുള്ള എല്ലാ സംശയാസ്പദമായ നീക്കങ്ങളും ആശയവിനിമയങ്ങളും നിരീക്ഷിക്കാനും ട്രാക്ക് ചെയ്യാനും കഠിന പ്രയത്‌നം നടത്തുന്നതായി സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു.
ചാരന്മാര്‍ ലെബനോനിലെ ശിയാ സമൂഹത്തില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്. പാര്‍ട്ടി ഘടനയിലേക്കുള്ള ഇസ്രായില്‍ നുഴഞ്ഞുകയറ്റത്തിന്റെ വ്യാപ്തിയില്‍ അവര്‍ സ്തബ്ധരായിരിക്കുന്നു. ഈ ഏജന്റുമാര്‍ക്കെതിരെ പ്രതികാരം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണ പ്രാന്തപ്രദേശത്തെ ചത്വരത്തില്‍ തൂക്കുമരം സ്ഥാപിച്ചുകൊണ്ട് ചിലര്‍ തങ്ങളുടെ രോഷം പ്രകടിപ്പിച്ചു. ഏജന്റുമാരുടെ പ്രതിഭാസം ഹിസ്ബുല്ലയുടെ പരിസ്ഥിതിയിലേക്ക് ആഴത്തില്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് വ്യക്തമായി വെളിപ്പെട്ടതായി ജനൂബിയ വെബ്സൈറ്റ് പ്രസാധകനും എഴുത്തുകാരനും രാഷ്ട്രീയ ഗവേഷകനുമായ അലി അല്‍അമീന്‍ പറഞ്ഞു. മറ്റുള്ളവര്‍ക്കു മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന വാചാടോപം വ്യാപകമായ ആഭ്യന്തര സഹകരണത്തിന് വാതില്‍ തുറന്നുകൊടുത്തു. പ്രത്യയശാസ്ത്രപരമായ കാലാവസ്ഥ പാര്‍ട്ടിയിലേക്ക് നുഴഞ്ഞുകയറ്റം സാധ്യമാക്കി – അലി അല്‍അമീന്‍ പറഞ്ഞു.
മുഹമ്മദ് സ്വാലിഹിന്റെ അറസ്റ്റ് അറിയിച്ചതിനു ശേഷം, യുദ്ധത്തില്‍ കൊല്ലപ്പെട്ട പോരാളികള്‍ക്കും പാര്‍ട്ടി ഉദ്യോഗസ്ഥര്‍ക്കുമൊപ്പം അദ്ദേഹം എടുത്ത സെല്‍ഫികള്‍ കൊണ്ട് സോഷ്യല്‍ മീഡിയ പേജുകള്‍ നിറഞ്ഞു. അവരുടെ വിയോഗത്തില്‍ അനുശോചനം അറിയിക്കാന്‍ മുഹമ്മദ് സ്വാലിഹ് ഈ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിരുന്നു. പാര്‍ട്ടിയുടെ ഉള്‍വൃത്തത്തിനുള്ളില്‍ സ്വാലിഹിന്റെ അറസ്റ്റ് ഞെട്ടലുണ്ടാക്കി. പാര്‍ട്ടിയുടെ സൈനിക സേനയിലെ ഏറ്റവും പ്രധാനപ്പെട്ട പോരാട്ട വിഭാഗമായ റദ്വാന്‍ ബറ്റാലിയനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ മകനാണ് എന്നതും മുഹമ്മദ് സ്വാലിഹിന്റെ സഹോദരന്‍ ഇസ്രായിലികളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതും ആഘാതം വര്‍ധിപ്പിച്ചു.
ഹിസ്ബുല്ല അണികളിലേക്കും അതിന്റെ നേതൃത്വവുമായി വളരെ അടുപ്പമുള്ള സര്‍ക്കിളിലേക്കും മൊസാദ് എത്രത്തോളം നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് മുഹമ്മദ് സ്വാലിഹിന്റെ അറസ്റ്റ് വെളിപ്പെടുത്തി. ലെബനോനെതിരായ ഇസ്രായില്‍ യുദ്ധം ആരംഭിച്ച ശേഷം അറസ്റ്റിലായ ഏറ്റവും അപകടകാരിയായ ഏജന്റായി സ്വാലിഹ് കണക്കാക്കപ്പെടുന്നു. പാര്‍ട്ടി നേതാക്കളുമായും കേഡര്‍മാരുമായും അവരുടെ മക്കളുമായും ഉള്ള മുഹമ്മദ് സ്വാലിഹിന്റെ നേരിട്ടുള്ള സാമീപ്യവും പാര്‍ട്ടി നേതൃത്വത്തിന്റെ ആന്തരിക വൃത്തത്തിനുള്ളില്‍ സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ച അറിവും കാരണം പാര്‍ട്ടി നേതാക്കളുടെയും കേഡര്‍മാരുടെയും നീക്കങ്ങളെ കുറിച്ച് ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ഇസ്രായിലികള്‍ക്ക് നല്‍കിയത് അദ്ദേഹമാണ്. മുഹമ്മദ് സ്വാലിഹ് ഇസ്രായിലികള്‍ക്ക് നല്‍കിയ വിവരങ്ങള്‍ ഡസന്‍ കണക്കിന് പാര്‍ട്ടി കേഡര്‍മാരുടെയും നേതാക്കളുടെയും കൊലപാതകത്തിലേക്ക് നയിച്ചു.
മുഹമ്മദ് സ്വാലിഹ് നല്‍കിയ വിവരങ്ങള്‍ പ്രകാരം ഏറ്റവും ഒടുവില്‍ ഇസ്രായില്‍ കൊലപ്പെടുത്തിയത് ഫലസ്തീന്‍ വിഷയത്തിന്റെ ചുമതലയുള്ള പാര്‍ട്ടി ഉദ്യോഗസ്ഥന്‍ ഹസന്‍ ബദീറിനെയും അദ്ദേഹത്തിന്റെ മകന്‍ അലിയെയും ആയിരുന്നു. മാര്‍ച്ച് 29 ന് ദക്ഷിണ പ്രാന്തപ്രദേശത്തെ അല്‍ജാമൂസ് ഡിസ്ട്രിക്ടിലുള്ള ഹസന്‍ ബദീറിന്റെ വീട് ലക്ഷ്യമിട്ട് ഇസ്രായില്‍ ഡ്രോണ്‍ ആക്രമണം നടത്തുകയായിരുന്നു. ഏറ്റവും അപകടകരമായ കാര്യം, കൊല്ലപ്പെടുന്ന കമാന്‍ഡറുടെ പിന്‍ഗാമിയായി നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥന്റെ പേര് അയാള്‍ ഇസ്രായിലികള്‍ക്ക് നല്‍കുമായിരുന്നു എന്നതാണ്. കൂടാതെ അയാള്‍ പലപ്പോഴും ഈ കമാന്‍ഡര്‍മാരോടൊപ്പം നിന്ന് സെല്‍ഫികള്‍ എടുത്ത് ഇസ്രായിലികള്‍ക്ക് അയക്കുമായിരുന്നു – സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു.
ഇസ്രായിലി ശത്രുവുമായി സഹകരിക്കുക, ഗൂഢാലോചന നടത്തുക, സാധാരണക്കാരുടെ മരണത്തിലേക്ക് നയിച്ച വിവരങ്ങള്‍ അവര്‍ക്ക് നല്‍കുക എന്നീ കുറ്റങ്ങള്‍ മുഹമ്മദ് സ്വാലിഹിനും അന്വേഷണത്തില്‍ തിരിച്ചറിഞ്ഞ മറ്റു ചാരന്മാര്‍ക്കുമെതിരെ സൈനിക കോടതിയിലെ ഗവണ്‍മെന്റ് കമ്മീഷണറായ ജഡ്ജി ഫാദി അഖീഖി ചുമത്തി. വധശിക്ഷ ലഭിക്കാവുന്ന വകുപ്പുകളെ അടിസ്ഥാനമാക്കിയുള്ള കുറ്റാരോപണമാണിത്. മുഹമ്മദ് സ്വാലിഹിന്റെ അറസ്റ്റ് കഥയുടെ തുടക്കമോ അവസാനമോ അല്ല. ലെബനോനും ഇസ്രായിലും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതു മുതല്‍ സഹകാരികളുടെ പ്രതിഭാസം വികസിച്ചുവരികയാണ്. അത് ഒരു മഞ്ഞുമലയായി മാറിയിരിക്കുന്നു. സ്വാലിഹിന്റെ അറസ്റ്റോടെ, ഇസ്രായിലിനു വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് അറസ്റ്റിലായവരുടെ എണ്ണം 21 ആയി ഉയര്‍ന്നു. ഇക്കൂട്ടത്തില്‍ 13 പേര്‍ ലെബനോനികളും ആറു പേര്‍ സിറിയക്കാരും രണ്ടു പേര്‍ ഫലസ്തീനികളുമാണ്. ഇവര്‍ തടങ്കലില്‍ കഴിയുകയും സൈനിക കോടതിയിലെ അന്വേഷണ ജഡ്ജിമാരുടെ മുമ്പാകെ ചോദ്യം ചെയ്യല്‍ നടപടികള്‍ക്ക് വിധേയരാകുകയും ചെയ്യുന്നു. ഇവരില്‍ ചിലരെ യുദ്ധസമയത്ത് മൊസാദ് റിക്രൂട്ട് ചെയ്തു. ചിലര്‍ യുദ്ധത്തിന് മുമ്പ് റിക്രൂട്ട് ചെയ്യപ്പെട്ടു – സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു.