ജറൂസലം – ഇസ്രായില്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിറിന്റെ നേതൃത്വത്തില്‍ 1,251 ജൂതകുടിയേറ്റക്കാര്‍ ഇന്ന് രാവിലെ അല്‍അഖ്സ മസ്ജിദില്‍ അതിക്രമിച്ചുകയറിയതായി ജറൂസലമിലെ ഇസ്‌ലാമിക് ഔഖാഫ് വകുപ്പ് അറിയിച്ചു. ഇസ്രായില്‍ ലികുഡ് പാര്‍ട്ടിയില്‍ നിന്നുള്ള ഇസ്രായില്‍ പാര്‍ലമെന്റ് (നെസെറ്റ്) അംഗം അമിത് ഹലേവിക്കൊപ്പം ബെന്‍-ഗ്വിര്‍ അല്‍അഖ്‌സ മസ്ജിദിലേക്ക് ജൂതകുടിയേറ്റക്കാരുടെ പ്രകോപനപരമായ മാര്‍ച്ച് നയിക്കുകയായിരുന്നു.
ജൂതകുടിയേറ്റക്കാര്‍ തല്‍മൂദിക് കര്‍മങ്ങള്‍ നടത്തി, നൃത്തം ചെയ്തു, മുദ്രാവാക്യങ്ങള്‍ വിളിച്ചു. ക്ഷേത്രം നശിപ്പിച്ചതിന്റെ വാര്‍ഷികം എന്ന് വിളിക്കപ്പെടുന്നതോടനുബന്ധിച്ച് ഇന്നലെ അര്‍ധരാത്രിക്ക് ശേഷം അധിനിവിഷ്ട ജറൂസലമിലെ പഴയ നഗരത്തിലേക്ക് ജൂതകുടിയേറ്റക്കാരുടെ പ്രകോപനപരമായ മാര്‍ച്ചിനും തീവ്രവാദിയായ ബെന്‍-ഗ്വിര്‍ നേതൃത്വം നല്‍കിയതായി ജറൂസലമിലെ ഇസ്‌ലാമിക് ഔഖാഫ് വകുപ്പ് അറിയിച്ചു.
മിഡില്‍ ഈസ്റ്റിലെ ഏറ്റവും സെന്‍സിറ്റീവ് സ്ഥലമായ അല്‍അഖ്സ മസ്ജിദില്‍ നിയമങ്ങള്‍ ലംഘിച്ച് താന്‍ പ്രാര്‍ഥിച്ചതായി ബെന്‍-ഗ്വിര്‍ പറഞ്ഞു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇസ്‌ലാമിക അധികൃതരുമായി ധാരണയിലെത്തിയ തല്‍സ്ഥിതി ക്രമീകരണങ്ങള്‍ അനുസരിച്ച് അല്‍അഖ്‌സ മസ്ജിദ് ജോര്‍ദാനിലെ മത സ്ഥാപനമാണ് നിയന്ത്രിക്കുന്നത്. ജൂതന്മാര്‍ക്ക് അവിടെ സന്ദര്‍ശിക്കാം, പക്ഷേ അവര്‍ക്ക് അവിടെ പ്രാര്‍ഥിക്കാന്‍ അനുവാദമില്ല.
അല്‍അഖ്‌സ മസ്ജിദ് കോംപൗണ്ടില്‍ ബെന്‍-ഗ്വിര്‍ ഒരു കൂട്ടം ആരാധകരെ നയിക്കുന്നതായി ടെമ്പിള്‍ മൗണ്ട് അഡ്മിനിസ്‌ട്രേഷന്‍ എന്ന ചെറിയ ജൂത സംഘടന പോസ്റ്റ് ചെയ്ത വീഡിയോകളില്‍ കാണിച്ചു. ഓണ്‍ലൈനില്‍ പ്രചരിക്കുന്ന മറ്റ് വീഡിയോകളില്‍ ബെന്‍-ഗ്വിര്‍ അല്‍അഖ്‌സ മസ്ജിദില്‍ പ്രാര്‍ഥിക്കുന്നതായും കാണിച്ചു.


ബെന്‍-ഗ്വിര്‍ മുമ്പ് അല്‍അഖ്‌സ മസ്ജിദ് സന്ദര്‍ശിക്കുകയും അവിടെ ജൂത പ്രാര്‍ഥന അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത് ഇസ്രായിലി നയമല്ലെന്ന് പ്രസ്താവനകള്‍ പുറപ്പെടുവിക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ബെന്‍-ഗ്വിറിന്റെ നടപടി പ്രേരിപ്പിച്ചു. ഗാസ യുദ്ധത്തില്‍ ഹമാസിനെതിരെ ഇസ്രായിലിന്റെ വിജയത്തിനും അവിടെ ഫലസ്തീന്‍ സായുധ വിഭാഗങ്ങള്‍ തടവിലാക്കിയ ഇസ്രായിലി ബന്ദികളുടെ തിരിച്ചുവരവിനും വേണ്ടി അല്‍അഖ്‌സ മസ്ജിദില്‍ താന്‍ പ്രാര്‍ഥിച്ചതായി ബെന്‍-ഗ്വിര്‍ പ്രസ്താവനയില്‍ പറഞ്ഞു. മുഴുവന്‍ ഗാസയുടെയും നിയന്ത്രണം ഏറ്റെടുക്കാന്‍ അദ്ദേഹം ഇസ്രായിലിനോട് ആഹ്വാനം ചെയ്തു.
അല്‍അഖ്‌സ മസ്ജിദ് നിയമങ്ങളില്‍ ഇസ്രായില്‍ മാറ്റങ്ങള്‍ വരുത്തുന്നത് മുസ്‌ലിം ലോകത്ത് വന്‍ പ്രതിഷേധം സൃഷ്ടിക്കും. അല്‍അഖ്‌സ മസ്ജിദിനെതിരായ കൈയേറ്റങ്ങളിലും അതിക്രമങ്ങളിലും പ്രതിഷേധിച്ച് മുന്‍കാലങ്ങളില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. ഇന്ന് അക്രമം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ബെന്‍-ഗ്വിറിന്റെ അല്‍അഖ്സ പള്ളി കോംപൗണ്ട് സന്ദര്‍ശനത്തെ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ വക്താവ് നബീല്‍ അബൂറദീന അപലപിക്കുകയും എല്ലാ സീമന്തരേഖകളും മറികടന്ന അതിക്രമം എന്ന് സന്ദര്‍ശനത്തെ വിശേഷിപ്പിക്കുകയും ചെയ്തു. അന്താരാഷ്ട്ര സമൂഹം, പ്രത്യേകിച്ച് യു.എസ് ഭരണകൂടം, അല്‍അഖ്സ മസ്ജിദിലെ ജൂതകുടിയേറ്റക്കാരുടെ കുറ്റകൃത്യങ്ങളും തീവ്ര വലതുപക്ഷ സര്‍ക്കാരിന്റെ പ്രകോപനങ്ങളും അവസാനിപ്പിക്കാനും ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കാനും മാനുഷിക സഹായം അനുവദിക്കാനും ഉടനടി ഇടപെടണമെന്ന് നബീല്‍ അബൂറദീന പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇസ്രായില്‍ ദേശീയ സുരക്ഷാ മന്ത്രി അല്‍അഖ്സ മസ്ജിദില്‍ അതിക്രമിച്ചുകയറിയതിനെ അസ്വീകാര്യമായ പ്രകോപനവും സംഘര്‍ഷം മൂര്‍ഛിപ്പിക്കാനുള്ള അപലപനീയമായ ശ്രമവുമായി ജോര്‍ദാന്‍ വിദേശ മന്ത്രാലയം വിശേഷിപ്പിച്ചു.


ബൈബിളില്‍ ക്ഷേത്രം നശിപ്പിച്ചതിന്റെ വാര്‍ഷികം എന്ന് വിളിക്കപ്പെടുന്ന ദിവസത്തോടനുബന്ധിച്ച്, ഇന്ന് അല്‍അഖ്സ മസ്ജിദില്‍ വലിയ തോതില്‍ അതിക്രമിച്ചുകയറാന്‍ തീവ്ര കൊളോണിയല്‍ ക്ഷേത്ര സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നതായി ഫലസ്തീന്‍ ന്യൂസ് ആന്റ് ഇന്‍ഫര്‍മേഷന്‍ ഏജന്‍സി (വഫാ) റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷത്തെ വാര്‍ഷികം അല്‍അഖ്സ പള്ളിക്ക് ഏറ്റവും അപകടകരമായ ദിവസങ്ങളിലൊന്നാണെന്ന് ജറൂസലം ഗവര്‍ണറേറ്റ് പറഞ്ഞു. മതപരവും നിയമപരവുമായ സീമന്തരേഖകള്‍ ലംഘിക്കാനുള്ള ശ്രമത്തില്‍, തങ്ങളുടെ തീവ്രവാദ അജണ്ടക്കുള്ള സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ മുതലെടുത്ത്, ഓഗസ്റ്റ് 3 ഏറ്റവും വലിയ കടന്നുകയറ്റത്തിന്റെ ദിവസമാക്കി മാറ്റാന്‍ ക്ഷേത്ര ഗ്രൂപ്പുകള്‍ പദ്ധതിയിട്ടതായും ജറൂസലം ഗവര്‍ണറേറ്റ് പറഞ്ഞു.
അല്‍അഖ്സ മസ്ജിദിനുള്ളില്‍ ജൂതകുടിയേറ്റക്കാരെ നൃത്തം ചെയ്യാനും പാടാനും അനുവദിക്കണമെന്ന് ആഴ്ചകള്‍ക്കു മുമ്പ് ബെന്‍-ഗ്വിര്‍ പോലീസ് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിരുന്നു. ബലപ്രയോഗത്തിലൂടെ പുതിയ യാഥാര്‍ഥ്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിന് വഴിയൊരുക്കുന്ന നീക്കമാണിതെന്ന് വഫാ ന്യൂസ് ഏജന്‍സി പറഞ്ഞു. കഴിഞ്ഞ മെയ് മാസത്തില്‍ അല്‍അഖ്‌സ മസ്ജിദില്‍ അതിക്രമിച്ചുകയറിയപ്പോള്‍ ടെമ്പിള്‍ മൗണ്ടില്‍ (അല്‍അഖ്‌സ) പ്രാര്‍ഥനയും സാഷ്ടാംഗ പ്രണാമവും സാധ്യമാണെന്ന് ബെന്‍-ഗ്വിര്‍ പരസ്യ പ്രസ്താവന നടത്തിയിരുന്നു.
അല്‍അഖ്സ മസ്ജിദില്‍ ഇസ്രായിലി മന്ത്രിമാര്‍ ആവര്‍ത്തിച്ച് നടത്തുന്ന പ്രകോപനപരമായ നടപടികളെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഈ ചെയ്തികള്‍ മേഖലയില്‍ സംഘര്‍ഷത്തിന് കാരണമാകുമെന്ന് സൗദി വിദേശ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിക്കുകയും മേഖലയിലെ സമാധാന ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്ന ഇസ്രായിലി മന്ത്രിമാരുടെ ചെയ്തികള്‍ അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് അന്താരാഷ്ട്ര സമൂഹത്തോടുള്ള നിരന്തരമായ ആഹ്വാനം സൗദി അറേബ്യ ആവര്‍ത്തിക്കുന്നതായി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു