സൻആ – കഴിഞ്ഞ വ്യാഴാഴ്ച സൻആയിൽ ഇസ്രായിൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മന്ത്രിമാരുടെയും നേതാക്കളുടെയും പേരുവിവരങ്ങളും ഫോട്ടോകളും ഹൂത്തികൾ പുറത്തുവിട്ടു. പ്രധാനമന്ത്രി അടക്കം പത്തു മന്ത്രിമാരും മന്ത്രിസഭാ സെക്രട്ടറിയും പ്രധാനമന്ത്രിയുടെ ഓഫീസ് ഡയക്ടറും ഉൾപ്പെടെ ആക്രമണത്തിൽ കൊല്ലപ്പെട്ട 12 പേരുടെ പേരുവിവരങ്ങളും ചിത്രവും ഹൂത്തികൾ വെളിപ്പെടുത്തി. പ്രധാനമന്ത്രി അഹ്‌മദ് ഗാലിബ് അൽറഹ്വി ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഹൂത്തികൾ നേരത്തെ സ്ഥിരീകരിച്ചിരുന്നു. മറ്റു ചിലർ കൂടി കൊല്ലപ്പെട്ടതായും മറ്റേതാനും പേർക്ക് പരിക്കേറ്റതായും ഹൂത്തികൾ അറിയിച്ചിരുന്നെങ്കിലും ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല.
പ്രധാനമന്ത്രിക്കു പുറമെ ഇൻഫർമേഷൻ മന്ത്രി ഹാശിം ശറഫുദ്ദീൻ, ഫിഷറീസ് മന്ത്രി റദ്വാൻ അലി അൽറുബാഇ, വിദേശ, പ്രവാസികാര്യ മന്ത്രി ജമാൽ അഹ്‌മദ് ആമിർ, നീതിന്യായ, മനുഷ്യാവകാശ മന്ത്രി മുജാഹിദ് അഹ്‌മദ് അബ്ദുല്ല, ടൂറിസം, സാംസ്‌കാരിക മന്ത്രി ഡോ. അലി ഖാസിം അൽയാഫിഇ, വൈദ്യുതി, ഊർജ, ജല മന്ത്രി ഡോ. അലി സൈഫ് ഹസൻ, സാമൂഹിക, തൊഴിൽ മന്ത്രി സമീർ മുഹമ്മദ് ബാജആല, യുവജനക്ഷേമ, സ്പോർട്സ് മന്ത്രി ഡോ. മുഹമ്മദ് അലി അൽമൗലിദ്, സാമ്പത്തിക, വ്യവസായ, നിക്ഷേപ മന്ത്രി മുഈൻ അൽമഹാഖിരി, മന്ത്രിസഭാ സെക്രട്ടറി സാഹിദ് മുഹമ്മദ് അൽഅംദി, പ്രധാനമന്ത്രിയുടെ ഓഫീസ് ഡയറക്ടർ മുഹമ്മദ് ഖാസിം അൽകബ്സി എന്നിവരാണ് ഇസ്രായിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഹൂത്തി മന്ത്രിസഭയിൽ ഇനി നാലു മന്ത്രിമാർ മാത്രമാണ് ശേഷിക്കുന്നതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ഒരു വർഷത്തെ മന്ത്രിസഭയുടെ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിനിടെയാണ് മന്ത്രിമാർ അടക്കമുള്ളവരെ ലക്ഷ്യമിട്ട് ഇസ്രായിൽ വ്യോമാക്രമണം നടത്തിയത്. ഇതിന് തിരിച്ചടിയായി ഇസ്രായിലിനെതിരായ ആക്രമണം കൂടുതൽ ശക്തമാക്കുമെന്ന് ഹൂത്തി നേതാവ് അബ്ദുൽമലിക് അൽഹൂത്തി ഭീഷണി മുഴക്കി.