തെൽ അവീവ്: ഇന്ന് പുലർച്ചെ ഇറാൻ മിസൈൽ ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ഇസ്രായേലിന്റെ ഇന്റർസെപ്റ്റർ മിസൈൽ ലക്ഷ്യം തെറ്റി തകർന്നുവീണു. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു. മിസൈൽ പതിച്ച സ്ഥലം ഇതുവരെ കണ്ടെത്തിയിട്ടില്ല. നിലവിലെ സംഘർഷം തുടങ്ങിയതിനുശേഷം ഇറാൻ ആക്രമണങ്ങൾ തടയാൻ ശ്രമിക്കവെ ഇസ്രായേലിനുള്ളിൽ ഇന്റർസെപ്റ്റർ മിസൈൽ തകരുന്ന രണ്ടാമത്തെ സംഭവമാണിത്.
ഇസ്രായേൽ സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ, തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ ഇറാൻ മിസൈൽ ആക്രമണങ്ങളെ തടഞ്ഞതായി അവകാശപ്പെട്ടു. ജനവാസ മേഖലകളിൽ ഉയർന്ന ജാഗ്രത പുലർത്തിയാണ് മിസൈലുകൾ തടയാനുള്ള പ്രവർത്തനങ്ങൾ നടത്തിയതെന്നും സൈന്യം വ്യക്തമാക്കി. തെൽ അവീവിന് വടക്ക് മിസൈൽ പതിച്ചതായും ജറുസലേമിന്റെ പരിസരത്ത് ശക്തമായ സ്ഫോടനങ്ങൾ കേട്ടതായും ഇസ്രായേലി പത്രമായ യെദിയോത്ത് അഹ്റോനോത്ത് റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇറാന്റെ ഏറ്റവും പുതിയ ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഇസ്രായേലി ആംബുലൻസ് സർവീസ് അറിയിച്ചു.