റാമല്ല – വെസ്റ്റ് ബാങ്കിന്റെ തെക്കു ഭാഗത്തുള്ള ഗുഷ് എറ്റ്സിയോൺ പ്രദേശത്ത് ഇസ്രായിലി സൈനിക ഹെലികോപ്റ്റർ തകർന്നുവീണു. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊരു ഹെലികോപ്റ്ററിൽ കെട്ടി നീക്കം ചെയ്യുന്നതിനിടെയാണ് ബ്ലാക്ക് ഹോക്ക് ഇനത്തിൽ പെട്ട ഹെലികോപ്റ്റർ തകർന്നുവീണത്. അപകടത്തിൽ ഹെലികോപ്റ്റർ പൂർണമായും തകർന്നു.
സാങ്കേതിക തകരാർ കാരണം ഹെലികോപ്റ്റർ മറ്റൊരു ഹെലികോപ്റ്ററിൽ എയർലിഫ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ ഇരു ഹെലികോപ്റ്ററുകളെയും പരസ്പരം ബന്ധിപ്പിച്ച കേബിളുകൾ പൊട്ടി ഹെലികോപ്റ്റർ നിലംപതിച്ചു. സംഭവത്തിൽ ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്ന് ഇസ്രായിൽ സൈന്യം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. അപകടത്തിന്റെ സാഹചര്യങ്ങളും സാങ്കേതിക തകരാറിന്റെ കാരണവും നിർണ്ണയിക്കാൻ അടിയന്തര അന്വേഷണം ആരംഭിച്ചതായും സൈന്യം വ്യക്തമാക്കി.



