റാമല്ല: വെസ്റ്റ് ബാങ്കിലെ ജെനീന്‍ അഭയാര്‍ഥി ക്യാമ്പില്‍ 600 ഓളം ഫലസ്തീന്‍ വീടുകള്‍ ഇസ്രായില്‍ സൈന്യം തകര്‍ത്തതായി ജെനീന്‍ നഗരസഭ അറിയിച്ചു. ജെനീന്‍ അഭയാര്‍ഥി ക്യാമ്പില്‍ 118 ദിവസമായി ഇസ്രായില്‍ സൈനിക നടപടികള്‍ തുടരുകയാണ്. ഞായറാഴ്ച ഇസ്രായില്‍ സൈന്യം ജെനീന്‍ അഭയാര്‍ഥി ക്യാമ്പില്‍ പൊളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ജല, വൈദ്യുതി അടിസ്ഥാന സൗകര്യങ്ങള്‍ക്കും പ്രധാന റോഡുകള്‍ക്കും കാര്യമായ നാശനഷ്ടങ്ങള്‍ വരുത്തുകയും പ്രദേശത്തേക്കുള്ള പ്രവേശനം തടസ്സപ്പെടുത്തുകയും ചെയ്തു.
ജനുവരിയില്‍ ഇസ്രായില്‍ വലിയ ആക്രമണം ആരംഭിച്ച ശേഷം അഭയാര്‍ഥി ക്യാമ്പിലെ 600 വീടുകള്‍ പാടെ തകര്‍ക്കപ്പെട്ടതായി ജെനീന്‍ മുനിസിപ്പാലിറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റു നിരവധി വീടുകള്‍ ഭാഗികമായി തകര്‍ക്കപ്പെട്ടു. തുടര്‍ച്ചയായ ഇസ്രായില്‍ ആക്രമണം കാരണം നിരവധി വീടുകള്‍ താമസക്കാര്‍ ഉപേക്ഷിച്ചു. അല്‍ശര്‍ഖി, അല്‍ഹദഫ് ഡിസ്ട്രിക്ടുകളിലാണ് ഏറ്റവും വലിയ നാശനഷ്ടം സംഭവിച്ചത്. ഇവിടെ കടകളും വീടുകളും അടിസ്ഥാന സൗകര്യങ്ങളും വ്യാപകമായി നശിപ്പിക്കപ്പെട്ടതായി വഫാ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഞായറാഴ്ച ജെനീന് വടക്കുള്ള അല്‍ജലാമ ഗ്രാമത്തിലെ വീട്ടില്‍ വെച്ച് യാസ്മീന്‍ ശഅബാനെ ഇസ്രായില്‍ സൈന്യം അറസ്റ്റ് ചെയ്തു. 21 മാസം ജയിലില്‍ കഴിഞ്ഞ യാസ്മിന്‍ ശഅബാന്‍ 2023 നവംബറില്‍ ഇസ്രായിലും ഹമാസും തമ്മിലുള്ള ആദ്യ താല്‍ക്കാലിക യുദ്ധവിരാമത്തിന്റെയും തടവുകാരുടെയും ബന്ദികളുടെയും കൈമാറ്റത്തിന്റെയും സമയത്താണ് മോചിതയായത്.
നഗരത്തിലും അഭയാര്‍ഥി ക്യാമ്പിലും ഇസ്രായില്‍ സൈന്യം നടപടികള്‍ ശക്തമാക്കിയതിനാല്‍ ജെനീനില്‍ 22,000 പേര്‍ അഭയാര്‍ഥികളായതായി നഗരസഭ റിപ്പോര്‍ട്ട് ചെയ്തു. സൈനിക നടപടി ജെനീനിലെ ബിസിനസുകള്‍ക്ക് കനത്ത നഷ്ടം വരുത്തി. ഇത് നിരവധി കടകളുടെ അടച്ചുപൂട്ടലിനും സമീപ ഗ്രാമങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കളുടെ തിരക്ക് കുറയാനും കാരണമായി. വ്യാപാര സ്ഥാപനങ്ങള്‍ക്ക് 30 കോടി ഡോളറിന്റെ നഷ്ടം നേരിട്ടതായി കണക്കാക്കുന്നു. ജനുവരി 21 ന് ജെനീനില്‍ ഇസ്രായില്‍ ആക്രമണം ആരംഭിച്ച ശേഷം, കുറഞ്ഞത് 40 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നിരവധി പേരെ ഇസ്രായില്‍ സൈന്യം അറസ്റ്റ് ചെയ്തിട്ടുമുണ്ട്.