ജറൂസലം – മൂന്നര ദശകത്തിലേറെയായി കുടുംബ സമേതം താമസിച്ചുവരുന്ന സ്വന്തം വീട് സ്വയം പൊളിച്ചുമാറ്റാന്‍ ഫലസ്തീന്‍ പൗരനെ നിര്‍ബന്ധിച്ച് ഇസ്രായില്‍ അധികൃതര്‍. ജറൂസലമിലെ അല്‍അഖ്സ മസ്ജിദിന് തെക്ക് സില്‍വാനിലെ വാദി ഖദൂം ഡിസ്ട്രിക്ടിലെ തന്റെ വീട് സ്വയം പൊളിച്ചുമാറ്റാന്‍ ഫലസ്തീന്‍ പൗരനായ മാഹിര്‍ അല്‍സലായിമയെ ആണ് ഇസ്രായില്‍ അധികൃതര്‍ നിര്‍ബന്ധിച്ചത്. ഇസ്രായിലി ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റല്‍ നടത്തിയാല്‍ അമിതമായ ചെലവ് നല്‍കേണ്ടിവരുമെന്ന് ഇസ്രായില്‍ അധികൃതര്‍ മാഹിറിനെ ഭീഷണിപ്പെടുത്തുകയായിരുന്നു.
രണ്ട് അപ്പാര്‍ട്ടുമെന്റുകള്‍ അടങ്ങിയ മാഹിര്‍ അല്‍സലായിമയുടെ വീട്ടില്‍ ഏഴു പേരാണ് താമസിക്കുന്നത്. 140 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള വീട് 35 വര്‍ഷത്തിലേറെ മുമ്പ് നിര്‍മിച്ചതാണെന്ന് ജറൂസലം ഗവര്‍ണറേറ്റ് പറഞ്ഞു. പൊളിച്ചുമാറ്റല്‍ ഉത്തരവുകളിലൂടെയും ജനങ്ങളെ ശ്വാസംമുട്ടിക്കുന്ന നയങ്ങളിലൂടെയും ജറൂസലം നിവാസികളെ ലക്ഷ്യം വെച്ചുള്ള വ്യവസ്ഥാപിതമായ ക്രൂരനയത്തിന്റെ ഭാഗമായി ഇസ്രായില്‍ അധികൃതര്‍ പൊളിച്ചുമാറ്റുന്ന അല്‍സലായിമ കുടുംബത്തിന്റെ രണ്ടാമത്തെ വീടാണിത്.
ജറൂസലമില്‍ ഫലസ്തീനികള്‍ക്ക് കെട്ടിട അനുമതി വിലക്കുന്നത് ഇസ്രായില്‍ നഗരസഭ തുടരുന്നു. ഇക്കാരണത്തില്‍ മറ്റു മാര്‍ഗങ്ങളില്ലാതെ പലരും പെര്‍മിറ്റില്ലാതെ വീടുകള്‍ പണിയാന്‍ നിര്‍ബന്ധിതരാകുന്നു. ഇത് അവരുടെ വീടുകള്‍ പൊളിച്ചുമാറ്റുന്നതിലേക്ക് നയിക്കുന്നു. സ്വന്തം വീടുകള്‍ സ്വയം പൊളിച്ചുമാറ്റാന്‍ ഫലസ്തീനികളെ നിര്‍ബന്ധിക്കുകയോ ഇസ്രായിലി ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റുകയോ ആണ് ചെയ്യുന്നത്. ഇത് ഭവന അവകാശം ഉറപ്പുനല്‍കുന്ന അന്താരാഷ്ട്ര നിയമത്തിന്റെ വ്യക്തമായ ലംഘനമാണ്.
അധിനിവിഷ്ട ജറൂസലമില്‍ ഇസ്രായില്‍ അധികൃതര്‍ ജൂതകുടിയേറ്റ കേന്ദ്രങ്ങളുടെ വിപുലീകരണത്തിനായി നടത്തുന്ന നിര്‍ബന്ധിത കുടിയിറക്കല്‍ നടപടികളുടെ തുടര്‍ച്ചയാണിത്. ജറുസലേം ഗവര്‍ണറേറ്റിന്റെ കണക്കനുസരിച്ച്, 2023 ഒക്ടോബര്‍ ഏഴിന് ഗാസയില്‍ ആക്രമണം ആരംഭിച്ച ശേഷം ഇതുവരെ ജറൂസലമില്‍ ഇസ്രായില്‍ അധികൃതര്‍ ഫലസ്തീനികളുടെ 623 വീടുകളും കെട്ടിടങ്ങളും പൊളിച്ചുമാറ്റിയിട്ടുണ്ട്. ആള്‍താമസമുള്ള വീടുകളും നിര്‍മാണത്തിലുള്ള പാര്‍പ്പിടങ്ങളും ജറൂസലമിലെ ഡസന്‍ കണക്കിന് കുടുംബങ്ങളുടെ പ്രാഥമിക വരുമാന സ്രോതസ്സായ സാമ്പത്തിക, വാണിജ്യ സ്ഥാപനങ്ങളും പൊളിച്ചുമാറ്റിയിട്ടുണ്ട്.
അതേസമയം, റമല്ലക്ക് വടക്കുകിഴക്കായി ഐന്‍ സാമിയയിലെ കിണറുകള്‍ ജൂതകുടിയേറ്റക്കാരുടെ സംഘങ്ങള്‍ നശിപ്പിച്ചതിനെയും പ്രദേശത്തെ ജലനിലയങ്ങളുടെ ഗേറ്റുകള്‍ തകര്‍ത്തതിനെയും ഫലസ്തീന്‍ വിദേശ, പ്രവാസികാര്യ മന്ത്രാലയം അപലപിച്ചു. കിഴക്കന്‍ ജറൂസലം ഉള്‍പ്പെടെ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലുടനീളം ഫലസ്തീനികള്‍ക്കും അവരുടെ സ്വത്തുവകകള്‍ക്കുമെതിരായ ആക്രമണങ്ങള്‍ അപകടകരമായി വര്‍ധിച്ചിട്ടുണ്ട്. ബെത്ലഹേമിലെ ബരിയ കൈസാനില്‍ ഫലസ്തീനികളുടെ കൃഷിഭൂമിയും ശലാല്‍ അല്‍ഔജ പ്രദേശത്തെ ഫലസ്തീനികളുടെ വീടുകളും ലക്ഷ്യമിട്ട് നടത്തിയ ആക്രമണം പോലുള്ള തുടര്‍ച്ചയായ കുറ്റകൃത്യങ്ങളുടെ ഒരു പരമ്പരയുടെ ഭാഗമാണ് കിണറുകളും ജലനിലയങ്ങളും തകര്‍ത്ത ജൂതകുടിയേറ്റക്കാരുടെ നടപടി. അന്താരാഷ്ട്ര നിയമങ്ങളോടുള്ള ഇസ്രായിലിന്റെ വര്‍ധിച്ചുവരുന്ന അവജ്ഞയും ഇസ്രായിലിനെതിരെ അന്താരാഷ്ട്ര സമൂഹം ചെറുവിരലനക്കാത്തതും ഇത്തരം ആക്രമണങ്ങള്‍ പ്രതിഫലിപ്പിക്കുന്നു.
ഫലപ്രദമായ അന്താരാഷ്ട്ര സമ്മര്‍ദത്തിന്റെ അഭാവം ജൂതകുടിയേറ്റക്കാരെയും അവരെ പിന്തുണക്കുന്ന തീവ്ര ഇസ്രായില്‍ നേതാക്കളെയും ഇത്തരം ആക്രമണങ്ങള്‍ തുടരാന്‍ പ്രോത്സാഹിപ്പിക്കുന്നു. ഇത് വെസ്റ്റ് ബാങ്കിലെ സ്ഥിതിഗതികള്‍ കൂടുതല്‍ സംഘര്‍ഷഭരിതമാക്കി മാറ്റുന്നു. അന്താരാഷ്ട്ര ശിക്ഷാ നടപടികളില്‍ നിന്ന് ഇസ്രായിലിനുള്ള ഇളവ് കൂടുതല്‍ കുഴപ്പങ്ങള്‍ക്കും ഫലസ്തീന്‍ അവകാശങ്ങളുടെ ലംഘനത്തിനും കാരണമാകും. അന്താരാഷ്ട്ര സമൂഹം നിയമപരവും മാനുഷികവുമായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണം. ഫലസ്തീന്‍ ജനതക്ക് അടിയന്തിര സംരക്ഷണം നല്‍കണമെന്നും അന്താരാഷ്ട്ര നിയമ തത്വങ്ങള്‍, ജനീവ കണ്‍വെന്‍ഷനുകള്‍, ഫലസ്തീനുമായി ബന്ധപ്പെട്ട യു.എന്‍ പ്രമേയങ്ങള്‍ എന്നിവ പാലിക്കണമെന്നും വിദേശ, പ്രവാസികാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.