തെല്‍അവീവ് – ഇസ്രായിലി വ്യോമസേന ഉദ്യോഗസ്ഥനായ, ഹൈഫ ബേയിലെ കിര്യത്ത് യാമില്‍ താമസിക്കുന്ന ഷിമോണ്‍ അസര്‍സറനെതിരെ (27) ഹൈഫ ജില്ലാ കോടതിയില്‍ ഇസ്രായില്‍ സ്റ്റേറ്റ് അറ്റോര്‍ണി ഓഫീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഇസ്രായിലിലെ സെന്‍സിറ്റീവ് കേന്ദ്രങ്ങളെയും സ്ഥാപനങ്ങളെയും കുറിച്ചുള്ള ഫോട്ടോകളും വിവരങ്ങളും ഇറാന്‍ ഇന്റലിജന്‍സിന് കൈമാറിയെന്ന ആരോപണമാണ് ഷിമോണ്‍ അസര്‍സര്‍ നേരിടുന്നത്. ഇറാന്‍ ഇന്റലിജന്‍സിനായി ചാരവൃത്തി നടത്തിയതായും അതിന്റെ നേരിട്ടുള്ള നിര്‍ദേശത്തില്‍ സുരക്ഷാ ദൗത്യങ്ങള്‍ ചെയ്തതായും സംശയിച്ച് ജൂത പൗരന്മാരായ അസര്‍സറിനെയും ഭാര്യയെയും കഴിഞ്ഞ ഒക്ടോബറില്‍ അറസ്റ്റ് ചെയ്തതായി ഇസ്രായിലി പോലീസും ഇസ്രായില്‍ ആഭ്യന്തര സുരക്ഷാ ഏജന്‍യായ ഷിന്‍ ബെറ്റും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
പ്രതി ഒരു വര്‍ഷത്തിലേറെയായി ഇറാന്‍ ഇന്റലിജന്‍സ് പ്രവര്‍ത്തകരുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്നും ഇസ്രായിലിനുള്ളിലെ സെന്‍സിറ്റീവ് കേന്ദ്രങ്ങളുടെ ഫോട്ടോകള്‍ കൈമാറുന്നത് ഉള്‍പ്പെടെ വിവിധ ജോലികള്‍ ഇറാന്‍ ഇന്റലിജന്‍സിനായി നിര്‍വഹിച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ വെളിപ്പെട്ടതായി പ്രസ്താവന പറഞ്ഞു. ഇസ്രായിലി സൈനിക താവളങ്ങള്‍ക്കുള്ളില്‍ നിന്നുള്ള വിവരങ്ങള്‍ ഇറാന്‍ ഇന്റലിജന്‍സിന് നല്‍കാനുള്ള സന്നദ്ധതയും അസര്‍സര്‍ പ്രകടിപ്പിച്ചിരുന്നു. സൈന്യത്തെയും അതിന്റെ താവളങ്ങളെയും അവയുടെ സ്ഥലങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിന് അസര്‍സര്‍ തന്റെ ഭാര്യയുടെ വ്യോമസേനാ താവളത്തിലെ റിസര്‍വ് ഡ്യൂട്ടി മുതലെടുതതായി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
ക്രിപ്റ്റോകറന്‍സി ട്രാന്‍സ്ഫറുകള്‍ വഴിയാണ് പ്രതിക്ക് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറാന്‍ ഇന്റലിജന്‍സില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ചതെന്ന് പ്രസ്താവനയില്‍ പറയുന്നു. സൈനിക നഴ്സായ ഭാര്യയും ഇതേ കുറ്റത്തിനാണ് അറസ്റ്റിലായത്. എന്നാല്‍ അവര്‍ക്കെതിരായ കുറ്റപത്രം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. ഇറാന്‍ ഇന്റലിജന്‍സ് തന്റെ ഭര്‍ത്താവിനെ റിക്രൂട്ട് ചെയ്തതിനെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും, വിവരങ്ങള്‍ ചോര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയല്ല, മറിച്ച് സാധാരണ ദാമ്പത്യ സംഭാഷണങ്ങളില്‍ നിന്നാണ് അദ്ദേഹം തന്നില്‍ നിന്ന് സൈനിക രഹസ്യങ്ങള്‍ പഠിച്ചതെന്നും യുവതി വാദിക്കുന്നു.
ഇറാനു വേണ്ടി ചാരപ്പണി നടത്തിയെന്ന് ആരോപിച്ച് ഇസ്രായിലി പൗരന്മാര്‍ക്കെതിരെ ഈ മാസം സമര്‍പ്പിക്കുന്ന അഞ്ചാമത്തെ കുറ്റപത്രമാണിത്. ഇവരില്‍ ഭൂരിഭാഗവും സാമ്പത്തിക നേട്ടത്തിനായി ചാരവൃത്തിയില്‍ ഏര്‍പ്പെടുകയായിരുന്നു. ഇതേ കുറ്റത്തിന് നേരത്തെ ഏകദേശം 40 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഫലസ്തീന്‍ സുരക്ഷാ തടവുകാരെ പാര്‍പ്പിക്കുന്ന ഡാമണ്‍ ജയിലിലെ പ്രത്യേക വിഭാഗത്തിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്.
ഇസ്രായിലിനു വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ഏതാനും ഇറാന്‍ പൗരന്മാരെ ഇറാനും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഏഴംഗ ചാര സെല്ലിനെ അറസ്റ്റ് ചെയ്തതായി ദിവസങ്ങള്‍ക്ക് മുമ്പ് ഇറാന്‍ പ്രഖ്യാപിച്ചിരുന്നു.



