തെൽ അവിവ്: 2023 ഒക്ടോബർ ഏഴിന് ഹമാസ് ആക്രമണം നടത്തിയ കിബ്ബുറ്റ്‌സ് നിർ ഓസ് നഗരത്തിൽ സന്ദർശനം നടത്തിയ ഇസ്രായിൽ പ്രധാനമന്ത്രി ബൈഞ്ചമിൻ നെതന്യാഹുവിനെതിരെ ജനങ്ങളുടെ പ്രതിഷേധം. ആക്രമണത്തിനു ശേഷം ഇതാദ്യമായി നഗരത്തിലെത്തിയ പ്രധാനമന്ത്രിയെ പ്രതിഷേധ ബാനറുകളും മുദ്രാവാക്യങ്ങളുമായാണ് പ്രദേശവാസികൾ എതിരേറ്റത്. ഹമാസ് മോചിപ്പിച്ച നിലി മാർഗലിറ്റ് എന്ന യുവതി നെതന്യാഹുവിന് ഹസ്തദാനം നൽകാൻ വിസമ്മതിച്ചു.
ഹമാസ് ആക്രമണത്തിൽ ഏറ്റവുമധികം നഷ്ടങ്ങളുണ്ടായ ഇസ്രായിൽ പ്രദേശമാണ് കിബ്ബുറ്റ്‌സ് നിർ ഓസ്. ഇവിടെ 117 പേർ കൊല്ലപ്പെടുകയോ ബന്ദികളായി പിടിക്കപ്പെടുകയോ ചെയ്തു. കിബ്ബുറ്റ്‌സിൽ നിന്നുള്ള ഒമ്പത് പേർ ഇപ്പോഴും ഹമാസിന്റെ തടവിലാണ്. നിരവധി പേർ കൊല്ലപ്പെടുകയും കെട്ടിടങ്ങൾ തകർക്കപ്പെടുകയും ചെയ്ത ഈ പ്രദേശത്ത് ഇസ്രായിൽ മന്ത്രിമാരോ അധികൃതരെ സന്ദർശനം നടത്തിയിരുന്നില്ല.
കിബ്ബുറ്റ്‌സിന്റെ പ്രവേശന കവാഡത്തിൽ പ്ലക്കാർഡുകളും ബാനറുകളുമായി തടിച്ചുകൂടി പ്രതിഷേധക്കാർ ബെഞ്ചമിൻ നെതന്യാഹുവിന്റെ വാഹനവ്യൂഹം കടന്നുപോയപ്പോൾ മുദ്രാവാക്യം വിളിച്ചു. ഭാര്യ സാറയ്‌ക്കൊപ്പം പ്രദേശത്ത് സന്ദർശനം നടത്തുന്നതിനിടെ നെതന്യാഹുവിനെ ബന്ദികളുടെ ബന്ധുക്കൾ ചോദ്യം ചെയ്യുകയും ഗാസയിലെ യുദ്ധം നിർത്തി ബന്ദികളെ തിരിച്ചെത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. സന്ദർശന വേളയിൽ നെതന്യാഹു ഏറിയ സമയവും മൗനം പാലിക്കുകയായിരുന്നുവെന്ന് ‘ടൈംസ് ഓഫ് ഇസ്രായിൽ’ റിപ്പോർട്ട് ചെയ്തു.
‘അപമാനം’, ‘അഴിമതിക്കാരൻ’, ‘കൊലപാതകി’ തുടങ്ങിയ വാക്കുകൾ എഴുതിയ പ്ലക്കാർഡുകളും ബാനറുകളുമാണ് പ്രതിഷേധക്കാർ ഉർത്തിയത്. ഒക്‌ബോർ 7-ലെ ആക്രമണം തടയുന്നതിലും ബന്ദികളെ തിരിച്ചെത്തിക്കുന്നതിലും പരാജയപ്പെട്ട നെതന്യാഹുവിന്റെ ചെയ്തികൾ തങ്ങൾ മറക്കില്ല എന്ന് ഒരു പ്രതിഷേധക്കാരൻ ലൗഡ്‌സ്പീക്കറിലൂടെ വിളിച്ചുപറഞ്ഞു.
ഗവൺമെന്റിനെതിരെ കടുത്ത പ്രതിഷേധം നിലനിൽക്കുന്ന കിബ്ബുറ്റ്‌സിൽ സന്ദർശനം നടത്താനുള്ള നെതന്യാഹുവിന്റെ തീരുമാനം ഗാസയിലെ വെടിനിർത്തലിന്റെ സൂചനയാണെന്ന നിരീക്ഷണമുണ്ട്.