തെല്‍അവീവ് – ഭാവി യുദ്ധങ്ങളില്‍ ഇസ്രായിലിന്റെ പ്രധാന ആയുധമാവുക ലേസര്‍ ബീം സാങ്കേതികവിദ്യയെന്ന് റിപ്പോര്‍ട്ട്. മിസൈലുകളും റോക്കറ്റുകളും ഡ്രോണുകളും ലേസര്‍ ബീമുകള്‍ ഉപയോഗിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ക്കുന്ന പുതിയ പ്രതിരോധ സംവിധാനത്തിന്റെ വികസനം പൂര്‍ത്തിയായതായി ഇസ്രായില്‍ അറിയിച്ചു. ലെബനനിലെ ഹിസ്ബുല്ലയില്‍ നിന്നോ യെമനിലെ ഹൂത്തികളില്‍ നിന്നോ ഇറാനില്‍ നിന്നോ എന്തെങ്കിലും തിരിച്ചടിയുണ്ടാകുന്നത് പ്രതീക്ഷിച്ച് ഇസ്രായില്‍ എല്ലാ മുന്നണികളിലും അതീവ ജാഗ്രത പാലിക്കുകയാണ്. ഇതിനിടെയാണ് ഇസ്രായില്‍ പ്രതിരോധ മന്ത്രാലയത്തിലെ ഗവേഷണ വികസന ഡയറക്ടറേറ്റ് തലവന്‍ ഡാനിയേല്‍ ഗോള്‍ഡ്, ലേസര്‍ സാങ്കേതികവിദ്യാധിഷ്ഠിത അയണ്‍ ലേസര്‍ ബീം വ്യോമ പ്രതിരോധ സംവിധാനത്തിന്റെ വികസനം പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ചത്.
ആദ്യ ബാച്ച് ലേസര്‍ സാങ്കേതികവിദ്യാധിഷ്ഠിത അയണ്‍ ബീം ഈ മാസാവസാനം സൈന്യത്തിന് കൈമാറുമെന്ന് ഡാനിയേല്‍ ഗോള്‍ഡ് സൂചിപ്പിച്ചു. അയണ്‍ ലേസര്‍ ബീം സംവിധാനം യുദ്ധക്കളത്തിലെ ഇടപെടലിന്റെ നിയമങ്ങളില്‍ അടിസ്ഥാനപരമായി മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഭാവിയിലെ യുദ്ധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമായി, ബഹിരാകാശ, ആക്രമണ, പ്രതിരോധ മേഖലകളില്‍, അടുത്ത തലമുറയിലെ സാങ്കേതിക അത്ഭുതങ്ങള്‍ പ്രതിരോധ മന്ത്രാലയം സജീവമായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. യഥാസമയം അവ സൈനിക സേവനത്തില്‍ ഉള്‍പ്പെടുത്തുമെന്നും ഡാനിയേല്‍ ഗോള്‍ഡ് കൂട്ടിച്ചേര്‍ത്തു.
റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസ്, ഇസ്രായില്‍ പ്രതിരോധ മന്ത്രാലയത്തിന്റെയും എല്‍ബിറ്റ് സിസ്റ്റംസിന്റെയും സഹകരണത്തോടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ലേസര്‍ ബീം പ്രതിരോധ സംവിധാനം വികസിപ്പിക്കാന്‍ തുടങ്ങിയിരുന്നു. ഓര്‍ ഈറ്റന്‍ (ഷീല്‍ഡ് ഓഫ് ലൈറ്റ്) എന്നും അറിയപ്പെടുന്ന ഇത് അയണ്‍ ഡോം, ഡേവിഡ്സ് സ്ലിംഗ്, ആരോ എന്നിവക്കൊപ്പം ഇസ്രായിലിന്റെ മള്‍ട്ടി-ലെയേര്‍ഡ് മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായിരിക്കും. ലേസര്‍ ബീമുകള്‍ ഉപയോഗിച്ച് ഹ്രസ്വ-ദൂര റോക്കറ്റുകളും മോര്‍ട്ടാര്‍, പീരങ്കി ഷെല്ലുകളും തടയാനാണ് അയണ്‍ ബീം സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ചെറിയ ഡ്രോണുകളെ തകര്‍ക്കാനും ഇതിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സംവിധാനത്തിന് 100 കിലോവാട്ട് വരെ ലേസര്‍ പവറും നിമിഷങ്ങള്‍ക്കുള്ളില്‍ ലക്ഷ്യത്തെ നശിപ്പിക്കാനുള്ള കഴിവും ഉണ്ട്. ഇതിന്റെ ദൂരപരിധി 10 കിലോമീറ്റര്‍ വരെയാണ്. ഇതിന്റെ പ്രവര്‍ത്തന ചെലവ് അയണ്‍ ഡോമിനേക്കാള്‍ വളരെ കുറവാണ്.
ലേസര്‍ ബീം സാങ്കേതികവിദ്യ ഉപയോഗിച്ച് മിസൈല്‍ തടയാനുള്ള ചെലവ് വൈദ്യുതി ലൈറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിന് തുല്യമാണെന്ന് ഡിഫന്‍സ് വെബ്സൈറ്റ് പറയുന്നു. ലേസര്‍ ബീം ഉപയോഗിച്ചുള്ള ഒരു ഇന്റര്‍സെപ്റ്ററിന് ഏതാനും ഡോളര്‍ മാത്രമേ ചെലവ് വരികയുള്ളൂ. അതേസമയം ഇന്റര്‍സെപ്റ്റര്‍ മിസൈലിന് പതിനായിരക്കണക്കിന് ഡോളര്‍ ചെലവ് വരും.
2023 ഒക്ടോബര്‍ ഏഴിന് ഗാസയില്‍ രക്തരൂക്ഷിതമായ യുദ്ധം പൊട്ടിപ്പുറപ്പെട്ടശേഷം, കൃത്യമായ രഹസ്യാന്വേഷണ, സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ, ഇസ്രായില്‍ നിരവധി നൂതന സൈനിക, സാങ്കേതിക മാര്‍ഗങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. ലെബനോനിലെ ഹിസ്ബുല്ല പ്രവര്‍ത്തകരെ ലക്ഷ്യമിട്ടുള്ള പേജര്‍ ഓപ്പറേഷനും 12 ദിവസത്തെ യുദ്ധത്തില്‍ ഇറാനുള്ളിലെ നുഴഞ്ഞുകയറ്റവും ഇതില്‍ ഉള്‍പ്പെടുന്നു. ഇറാനില്‍ ഡസന്‍ കണക്കിന് ആണവ ശാസ്ത്രജ്ഞരെയും സൈനിക നേതാക്കളെയും കണ്ടെത്തി വധിക്കാന്‍ ഇസ്രായിലിന് കഴിഞ്ഞിരുന്നു.



