തെൽഅവീവ് – രണ്ടാഴ്ച മുമ്പ് സിറിയയിൽ നിന്ന് ഇസ്രായിലി സൈനികർ ഏകദേശം 250 ആടുകളെ മോഷ്ടിച്ച് വെസ്റ്റ് ബാങ്കിലെ ജൂതകുടിയേറ്റ കോളനികളിലെ ഫാമുകളിലേക്ക് കടത്തിയതായി ടൈംസ് ഓഫ് ഇസ്രായിൽ റിപ്പോർട്ട് ചെയ്തു. ഗോലാൻ കുന്നുകളിൽ നിലയുറപ്പിച്ചിരുന്ന സൈനികർ സിറിയൻ പ്രദേശത്തിനകത്ത് നടത്തിയ സൈനിക ഓപ്പറേഷനിടെ സിറിയൻ കർഷകരുടെ ആട്ടിൻകൂട്ടത്തെ കണ്ടെത്തി വെസ്റ്റ് ബാങ്കിലെ ഫാമുകളിലേക്ക് കടത്തുകയായിരുന്നെന്ന് നിയമപാലക വൃത്തങ്ങളെ ഉദ്ധരിച്ച് ചാനൽ 12 പറഞ്ഞു.
മുൻകൂട്ടി തയ്യാറാക്കിയ ട്രക്കുകളിൽ ആടുകളെ കയറ്റുകയും വെസ്റ്റ് ബാങ്കിലെ അനധികൃത ജൂതകുടിയേറ്റ കോളനികളിലെ ഫാമുകളിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്ലാറ്റൂൺ കമാൻഡറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കമ്പനി കമാൻഡറെ ശാസിച്ചു. ഡസൻ കണക്കിന് സൈനികരെ ദീർഘകാലത്തേക്ക് ഡ്യൂട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായും സൈന്യം പ്രസ്താവനയിൽ പറഞ്ഞു. പിറ്റേന്ന് രാവിലെ ഡസൻ കണക്കിന് ആടുകൾ റോഡിലൂടെ അലഞ്ഞുതിരിയുന്നത് കണ്ട ഗോലാൻ കുന്നുകളിലെ കർഷകർ സൈന്യത്തെ അറിയിച്ചതോടെയാണ് ആട്ടിൻ പറ്റത്തെ സൈനികർ കടത്തിക്കൊണ്ടുപോയ സംഭവം പുറത്തുവന്നത്.
ഇരുനൂറോളം ആടുകളെയാണ് സൈനികർ വെസ്റ്റ് ബാങ്കിലേക്ക് കടത്തിയത്. ഇവക്കു വേണ്ടി അന്വേഷണം തുടരുകയാണ്. ഇവ വാക്സിനേഷൻ എടുക്കാത്തവയാണെന്നും വിശ്വസിക്കപ്പെടുന്നു. ബാക്കിയുള്ള ആടുകൾ സിറിയൻ പ്രദേശത്ത് ചിതറിപ്പോയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
2014 ഡിസംബറിൽ ബശാർ അൽഅസദിന്റെ ഭരണകൂടം നിലംപതിച്ചശേഷം, തെക്കൻ സിറിയയിലെ ഒമ്പത് സ്ഥലങ്ങളിൽ ഇസ്രായിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇസ്രായിൽ റിപ്പോർട്ട് ചെയ്തു. ഈ സ്ഥലങ്ങളിൽ ഭൂരിഭാഗവും ഇരു രാജ്യങ്ങൾക്കുമിടയിലുള്ള അതിർത്തിയിൽ ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണത്തിലുള്ള ബഫർ സോണിലാണ്.



