തെൽഅവീവ് – കഴിഞ്ഞയാഴ്ച 66 ആഗോള സംഘടനകളിൽ നിന്ന് അമേരിക്ക പിന്മാറിയതിനു പിന്നാലെ രണ്ട് യു.എൻ ഏജൻസികൾ ഉൾപ്പെടെ മൂന്ന് അന്താരാഷ്ട്ര സംഘടനകളുമായുള്ള ബന്ധം വിച്ഛേദിച്ചതായി ഇസ്രായിൽ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. മറ്റ് നിരവധി സംഘടനകളുമായുള്ള ഇസ്രായിലിന്റെ തുടർച്ചയായ സഹകരണം പുനഃപരിശോധിക്കാൻ വിദേശ മന്ത്രി ഗിഡിയൻ സാഅർ നിർദേശിച്ചതായും മന്ത്രാലയം പറഞ്ഞു. മൂന്ന് യു.എൻ ഏജൻസികളുമായും അന്താരാഷ്ട്ര സംഘടനകളുമായുമുള്ള ഇസ്രായിലിന്റെ എല്ലാ ബന്ധങ്ങളും ഉടൻ വിച്ഛേദിക്കാൻ സാഅർ തീരുമാനിച്ചതായി വിദേശ മന്ത്രാലയം വിശദീകരിച്ചു. യു.എൻ ഇന്റർ-ഏജൻസി ടാസ്‌ക് ഫോഴ്സ് ഓൺ എനർജി, യു.എൻ അലയൻസ് ഓഫ് സിവിലൈസേഷൻസ്, യു.എൻ സംവിധാനത്തിന്റെ ഭാഗമായ ഗ്ലോബൽ ഫോറം ഓൺ മൈഗ്രേഷൻ ആന്റ് ഡെവലപ്‌മെന്റ് എന്നിവയുമായുള്ള ബന്ധങ്ങളാണ് ഇസ്രായിൽ വിച്ഛേദിച്ചത്.
അമേരിക്കയുടെ താൽപ്പര്യങ്ങൾ നിറവേറ്റുന്നില്ലെന്ന് അവകാശപ്പെട്ട് 66 അന്താരാഷ്ട്ര സംഘടനകളിൽ നിന്ന് പിന്മാറാൻ ഉത്തരവിടുന്ന മെമ്മോറാണ്ടത്തിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞയാഴ്ച ഒപ്പുവെച്ചു. ചൊവ്വാഴ്ച ഇസ്രായിൽ പിന്മാറിയ മൂന്ന് സംഘടനകൾ ഉൾപ്പെടെ ട്രംപിന്റെ തീരുമാനത്തിൽ 31 യു.എൻ ഏജൻസികളും 35 മറ്റ് അന്താരാഷ്ട്ര സംഘടനകളും ഉൾപ്പെടുന്നു. മൂന്ന് സംഘടനകളുമായുള്ള ഇസ്രായിലിന്റെ ബന്ധത്തിന്റെ വ്യാപ്തി ഉടനടി വ്യക്തമല്ല.
യു.എൻ അലയൻസ് ഓഫ് സിവിലൈസേഷൻസ് ഇസ്രായിലിനെ അവരുടെ പരിപാടികളിലേക്ക് ക്ഷണിക്കുന്നതിൽ പരാജയപ്പെട്ടതായി വിദേശ മന്ത്രാലയം ആരോപിച്ചു. വർഷങ്ങളായി ഇസ്രായിലിനെ ആക്രമിക്കാനുള്ള ഒരു വേദിയായി ഈ സംഘടനയെ ഉപയോഗിച്ചുവരുന്നതായും മന്ത്രാലയം പറഞ്ഞു. യു.എൻ ഇന്റർ-ഏജൻസി ടാസ്‌ക് ഫോഴ്സ് ഓൺ എനർജിയെ പാഴ്സംഘടനയെന്ന് ഇസ്രായിൽ വിദേശ മന്ത്രാലയം വിശേഷിപ്പിച്ചു. ഗ്ലോബൽ ഫോറം ഓൺ മൈഗ്രേഷൻ ആന്റ് ഡെവലപ്മെന്റ്, സ്വന്തം കുടിയേറ്റ നിയമങ്ങൾ നടപ്പാക്കാനുള്ള പരമാധികാര രാജ്യങ്ങളുടെ കഴിവിനെ ദുർബലപ്പെടുത്തുന്നതായും മന്ത്രാലയം വാദിച്ചു.
കഴിഞ്ഞയാഴ്ച അമേരിക്ക പിന്മാറിയ മറ്റ് നാല് യു.എൻ സംഘടനകളുമായുള്ള ബന്ധം വർഷങ്ങൾക്ക് ഇസ്രായിൽ വിച്ഛേദിച്ചിട്ടുണ്ടെന്നും ഇസ്രായിൽ വിദേശ മന്ത്രാലയം പറഞ്ഞു. ഐക്യരാഷ്ട്രസഭയുമായി വളരെക്കാലമായി ഇസ്രായിൽ വിയോജിപ്പിലാണ്. 2023 ഒക്ടോബർ ഏഴിന് ഹമാസ് തങ്ങളുടെ പ്രദേശത്ത് നടത്തിയ ആക്രമണത്തെ തുടർന്ന് ഗാസ മുനമ്പിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം യു.എൻ ഏജൻസികൾ തങ്ങൾക്കെതിരെ പക്ഷപാതം കാണിക്കുന്നതായി ഇസ്രായിൽ ആരോപിച്ചു.
ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ റിലീഫ് ആന്റ് വർക്ക്സ് ഏജൻസി ഹമാസ് പോരാളികൾക്ക് സംരക്ഷണം നൽകുന്നതായി ഇസ്രായിൽ ആവർത്തിച്ച് ആരോപിച്ചിട്ടുണ്ട്. യു.എൻ റിലീഫ് ഏജൻസിയുടെ ചില ജീവനക്കാർ 2023 ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ പങ്കെടുത്തതായും ഇസ്രായിൽ അവകാശപ്പെടുന്നു. യു.എൻ റിലീഫ് ഏജൻസി ഇസ്രായിൽ പ്രദേശത്ത് പ്രവർത്തിക്കുന്നതും ഇസ്രായിൽ അധികൃതരുമായി ബന്ധപ്പെടുന്നതും വിലക്കുന്ന രണ്ട് നിയമങ്ങൾ 2024ൽ ഇസ്രായിൽ പാസാക്കി. സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ഗാസ മുനമ്പിന് പുറത്ത് 571 ജീവനക്കാരെ പിരിച്ചുവിടുമെന്ന് കഴിഞ്ഞ ആഴ്ച യു.എൻ റിലീഫ് ഏജൻസി പ്രഖ്യാപിച്ചു.



