ജെറൂസലേം– ഹമാസ് ആക്രമണത്തിനും അതിനെത്തുടർന്ന് ഗാസ, ലെബനൻ, ഇറാൻ എന്നിവടങ്ങളിൽ പൊട്ടിപ്പുറപ്പെട്ട യുദ്ധങ്ങൾക്കും ശേഷം ഇസ്രായിൽ പൊതുതിരഞ്ഞെടുപ്പിലേക്ക്. വരും മാസങ്ങളിൽ രാജ്യം പൊതുതിരഞ്ഞെടുപ്പ് നേരിടുമെന്നും നിയമപ്രകാരമുള്ള ഒക്ടോബർ 27 എന്ന തീയതിയിൽ തന്നെ വോട്ടെടുപ്പ് നടക്കുമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭരണസഖ്യം വ്യക്തമാക്കി. കഴിഞ്ഞ മെയ് മാസത്തിൽ പാർലമെന്റ് പിരിച്ചുവിടാൻ വോട്ട് ചെയ്തതിനെത്തുടർന്ന് തിരഞ്ഞെടുപ്പ് നേരത്തെയാകുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. എന്നാൽ, നിയമപ്രകാരമുള്ള ഒക്ടോബർ 27 എന്ന തീയതിയിൽ മാറ്റമില്ലാതെ വോട്ടെടുപ്പ് നടത്തുമെന്ന് ഭരണകക്ഷി സഖ്യത്തിന്റെ തലവൻ ഒഫീർ കാറ്റ്സ് പാർലമെന്ററി സമിതിയെ അറിയിക്കുകയായിരുന്നു.
ഇസ്രായിൽ രാഷ്ട്രീയ ചരിത്രത്തിൽ സർക്കാരുകൾ തങ്ങളുടെ നാല് വർഷത്തെ കാലാവധി പൂർത്തിയാക്കുന്നത് വളരെ അപൂർവമായ കാര്യമാണ്. ഇസ്രായിൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവിയിലിരുന്ന നേതാവെന്ന റെക്കോർഡുള്ള ബെഞ്ചമിൻ നെതന്യാഹു, താൻ വീണ്ടും ജനവിധി തേടുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.
എന്നാൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ-മത പാർട്ടികളുടെ സഖ്യത്തിന് ഭൂരിപക്ഷം നഷ്ടപ്പെടുമെന്നാണ് നിലവിലെ ഭൂരിഭാഗം അഭിപ്രായ സർവേകളും സൂചിപ്പിക്കുന്നത്. 2023 ഒക്ടോബർ 7-ന് ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തോടെ നെതന്യാഹുവിന്റെ സുരക്ഷാ നയങ്ങൾക്കെതിരെ രാജ്യത്തിനകത്ത് വലിയ ജനരോഷം ഉയർന്നിരുന്നു. കൂടാതെ, ഇറാനുമായി ഉണ്ടായ യുദ്ധത്തിന്റെ ആഘാതങ്ങളിലും ഇസ്രായിൽ ജനത കടുത്ത അതൃപ്തിയിലാണ്. എന്നാൽ പ്രതിപക്ഷ കക്ഷികൾക്കിടയിൽ ഭിന്നത നിലനിൽക്കുന്നതിനാൽ നെതന്യാഹുവിനെതിരെ വ്യക്തമായൊരു ഭൂരിപക്ഷം കെട്ടിപ്പടുക്കാൻ അവർക്ക് ഇനിയും സാധിച്ചിട്ടില്ല. രാഷ്ട്രീയ അതിജീവനത്തിൽ അഗ്രഗണ്യനായ നെതന്യാഹുവിന് ഈ തിരഞ്ഞെടുപ്പ് കരിയറിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളിയാകും.



