തെല്‍അവീവ് – സൊമാലിയയില്‍ നിന്ന് ഏകപക്ഷീയമായി വേര്‍പിരിഞ്ഞ സൊമാലിലാന്‍ഡിനെ ഔദ്യോഗികമായി അംഗീകരിച്ച് മാസങ്ങള്‍ക്ക് ശേഷം സൊമാലിലാന്‍ഡിലേക്കുള്ള ആദ്യ അംബാസഡറെ നിയമിച്ചതായി ഇസ്രായില്‍ വിദേശ മന്ത്രാലയം ഇന്ന് അറിയിച്ചു. 1991 ല്‍ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് സൊമാലിയയില്‍ നിന്ന് ഏകപക്ഷീയമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ച സൊമാലിലാന്‍ഡിനെ ഡിസംബര്‍ അവസാനത്തില്‍ ഇസ്രായില്‍ അംഗീകരിച്ചിരുന്നു. സൊമാലിലാന്‍ഡിനെ അംഗീകരിക്കുന്ന ആദ്യ രാജ്യമാണ് ഇസ്രായില്‍. നിലവില്‍ ആഫ്രിക്കയിലെ ഇസ്രായിലിന്റെ സാമ്പത്തിക അംബാസഡറായി സേവനമനുഷ്ഠിക്കുന്ന മൈക്കല്‍ ലോട്ടെം, സൊമാലിലാന്‍ഡിലേക്കുള്ള ഇസ്രായിലിന്റെ ദൂതനായിരിക്കുമെന്ന് ഇസ്രായില്‍ വിദേശ മന്ത്രാലയം പറഞ്ഞു. കെനിയ, അസര്‍ബൈജാന്‍, കസാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ ഇസ്രായിലിന്റെ അംബാസഡറായി ലോട്ടെം നേരത്തെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2025 ഡിസംബറില്‍ ഇരുപക്ഷവും തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചതിനു പിന്നാലെ കഴിഞ്ഞ ജനുവരിയില്‍ ഇസ്രായില്‍ വിദേശ മന്ത്രി ഗിഡിയന്‍ സാഅര്‍ സൊമാലിലാന്‍ഡ് സന്ദര്‍ശിച്ചിരുന്നു. മുഹമ്മദ് ഹാജിയെ ഇസ്രായിലിലെ അംബാസഡറായി നിയമിച്ചതായി സൊമാലിലാന്‍ഡ് ഫെബ്രുവരിയില്‍ അറിയിച്ചു. ഏദന്‍ ഉള്‍ക്കടല്‍ തീരത്ത് തന്ത്രപ്രധാനമായ ഭാഗത്ത് സ്ഥിതിചെയ്യുന്ന സൊമാലിലാന്‍ഡിന് സ്വന്തമായി കറന്‍സി, പാസ്പോര്‍ട്ട്, സൈന്യം എന്നിവയുണ്ട്. എന്നാല്‍ അന്താരാഷ്ട്ര അംഗീകാരം നേടാന്‍ സൊമാലിലാന്‍ഡ് ബുദ്ധിമുട്ടുന്നുണ്ട്. സൊമാലിലാന്‍ഡിനെ അംഗീകരിക്കുന്നത് സൊമാലിയയെ പ്രകോപിപ്പിക്കുകയും ആഫ്രിക്കയിലെ മറ്റ് വിഘടനവാദ പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് ആശങ്കയുണ്ട്. ഇസ്രായില്‍ വിദേശ മന്ത്രിയുടെ സൊമാലിലാന്‍ഡ് സന്ദര്‍ശനത്തെ സൊമാലിയ ശക്തമായി അപലപിച്ചിരുന്നു. സാഅറിന്റെ സന്ദര്‍ശനത്തെ അനധികൃത കടന്നുകയറ്റം എന്ന് സൊമാലിയ വിശേഷിപ്പിച്ചു.



