ഗാസ– തങ്ങളുടെ പക്കല്‍ ശേഷിക്കുന്ന ആയുധങ്ങള്‍ ഇസ്രായിലിന് ഒരുതരത്തിലും ഭീഷണിയല്ലെന്ന് ഹമാസ് വ്യക്തമാക്കി. ഗാസ മുനമ്പിലെ വെടിനിര്‍ത്തലിന്റെ രണ്ടാം ഘട്ടത്തിലേക്ക് നീങ്ങാനും ശേഷിക്കുന്ന വ്യവസ്ഥകള്‍ നടപ്പാക്കാനുമുള്ള മുന്‍വ്യവസ്ഥയായി ഹമാസിനെ നിരായുധീകരിക്കേണ്ടതിനെ കുറിച്ച ഇസ്രായിലിന്റെ തന്ത്രത്തിന് എതിരെയാണ് ഹമാസ് വൃത്തങ്ങള്‍ രംഗത്തു വന്നത്. ഗാസ മുനമ്പില്‍ പ്രസ്ഥാനത്തിന്റെ കൈവശമുള്ളത് യഥാര്‍ഥ സ്വാധീനമില്ലാത്തതോ ഇസ്രായിലിന് യഥാര്‍ഥ ഭീഷണി ഉയര്‍ത്താത്തതോ ആയ ആയുധങ്ങളാണ്. ഇസ്രായില്‍ സേനയെ ചെറുക്കാന്‍ വളരെ അപൂര്‍വമായി മാത്രമാണ് ഇവ ഉപയോഗിക്കുന്നത്. 2023 ഒക്ടോബര്‍ ഏഴിന് സംഭവിച്ചതുപോലെ വലിയ ആക്രമണങ്ങള്‍ നടത്താന്‍ അവ അനുയോജ്യവുമല്ല. കലാഷ്നിക്കോവ്, എം-16 റൈഫിളുകള്‍, സമാനമായ ലഘു ആയുധങ്ങള്‍, വളരെ പരിമിതമായ എണ്ണം ടാങ്ക് വിരുദ്ധ മിസൈലുകള്‍, ബോംബുകള്‍ എന്നിവ സായുധ വിഭാഗങ്ങളുടെ കൈവശം ഇപ്പോഴും ഉണ്ട്. ഈ ആയുധങ്ങള്‍ ഇസ്രായിലിന് ഭീഷണിയല്ല. രണ്ട് വര്‍ഷത്തെ യുദ്ധത്തില്‍ ഭൂരിഭാഗവും ഉപയോഗിച്ചതിനാല്‍ ഹമാസിന്റെ കൈവശമുള്ള മിക്കവാറും എല്ലാ റോക്കറ്റുകളും മോര്‍ട്ടാറുകളും മറ്റ് യുദ്ധോപകരണങ്ങളും തീര്‍ന്നുപോയി. മറ്റ് യുദ്ധോപകരണങ്ങള്‍ ഇസ്രായില്‍ സേന നശിപ്പിച്ചുവെന്നും ഹമാസ് വ്യക്തമാക്കി.
ലഘു ആയുധങ്ങള്‍ അടക്കമുള്ള അവകാശവാദങ്ങള്‍ ഉന്നയിച്ച് വെടിനിര്‍ത്തലിന്റെ രണ്ടാം ഘട്ടത്തെ കുറിച്ചുള്ള അമേരിക്കന്‍ ആശയത്തെ സ്വാധീനിക്കാന്‍ നെതന്യാഹു ശ്രമിക്കുകയാണെന്ന് ഹമാസ് വൃത്തങ്ങള്‍ പറഞ്ഞു. ഗാസയിലെ നിരായുധീകരണ ആശയം വിശാലമാക്കാനും വ്യക്തിപരമായ ആയുധങ്ങള്‍ പോലും കൈമാറാന്‍ ഹമാസിനെ നിര്‍ബന്ധിക്കാനും നെതന്യാഹു ശ്രമിക്കുകയാണ്. എല്ലാ ഫലസ്തീന്‍ വിഭാഗങ്ങളെയും നിരായുധീകരിക്കണമെന്ന ഇസ്രായിലിന്റെ ഈ നിര്‍ബന്ധം, ഗാസയെ കീഴടങ്ങുന്ന സമാധാനപരമായ പ്രദേശമാക്കി മാറ്റുക, എല്ലാ പ്രതിരോധശേഷിയും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ്. നെതന്യാഹുവിന് അത്തരമൊരു നേട്ടം കൈവരിക്കാന്‍ കഴിയില്ല. നെതന്യാഹുവും നിരവധി ഇസ്രായിലി നേതാക്കളും മുമ്പ് പരാജയപ്പെട്ടതുപോലെ പരാജയപ്പെടുവെന്നും ഇവർ കൂട്ടിചേർത്തു.
ഹമാസിന്റെ നിരായുധീകരണ വിഷയം ഇപ്പോഴും മധ്യസ്ഥരുമായി ചര്‍ച്ച ചെയ്തുവരികയാണ്. സമഗ്രമായ ഫലസ്തീന്‍ ദേശീയ സമവായത്തിന്റെ ചട്ടക്കൂടിനുള്ളില്‍ ആയുധങ്ങള്‍ സംബന്ധിച്ച കരാറിലേക്ക് നയിക്കുന്ന നിരവധി ആശയങ്ങള്‍ ഇപ്പോഴും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ഹമാസിന്റെ കൈവശമുള്ള ശേഷിക്കുന്ന തുരങ്കങ്ങളെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടത്തിലേക്ക് മാറുന്നതിനെ തടസ്സപ്പെടുത്താന്‍ പ്രസ്ഥാനത്തിന് താല്‍പ്പര്യമില്ല. പക്ഷേ, ഇത് അടിസ്ഥാന ഫലസ്തീന്‍ തത്വങ്ങളുടെ ചെലവില്‍ ആയിരിക്കില്ലെന്നും ഹമാസ് വൃത്തങ്ങള്‍ ചൂണ്ടികാട്ടി.
ഗാസ മുനമ്പില്‍, പ്രത്യേകിച്ച് വെടിനിര്‍ത്തലിന്റെ ആദ്യ ഘട്ടത്തില്‍ ഇസ്രായില്‍ സൈനയുടെ പിന്‍വലിക്കല്‍ രേഖയായി നിശ്ചയിച്ചിരുന്ന മഞ്ഞ രേഖയുടെ കിഴക്ക് ഭാഗത്ത് തങ്ങളുടെ സേനയുടെ സാന്നിധ്യം നിലനിര്‍ത്താനാണ് ഇസ്രായില്‍ ലക്ഷ്യമിടുന്നത്. ഗാസ മുനമ്പില്‍ നിലവില്‍ 20,000 ഹമാസ് അംഗങ്ങള്‍ കലാഷ്നിക്കോവ് റൈഫിളുകള്‍ കൈവശം വെച്ചിട്ടുണ്ടെന്നും അവരുടെ കൈവശം ഏകദേശം 60,000 ആയുധങ്ങളുണ്ടെന്നും ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഹമാസ് ഭരണം തുടരുന്നതിനെ എതിര്‍ക്കുന്ന ഗാസയിലെ സാധാരണക്കാര്‍ക്കെതിരെയും അവര്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നു. അവരുടെ എല്ലാ ആയുധങ്ങളും നീക്കം ചെയ്യുക, അവരുടെ നൂറുകണക്കിന് കിലോമീറ്റര്‍ ഭീകര തുരങ്കങ്ങള്‍ പൊളിക്കുക എന്നിവയാണ് നിരായുധീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഹമാസ് അത് ചെയ്യാന്‍ വിസമ്മതിക്കുന്നു. ഹമാസ് സ്വയം ആയുധങ്ങള്‍ ഉപേക്ഷിക്കുകയാണെങ്കില്‍, ഗാസയുടെ ഭാവി വ്യത്യസ്തമായിരിക്കുന്നുവെന്നും നെതന്യാഹു കൂട്ടിചേർത്തു. ഹമാസിന്റെ പക്കല്‍ ഏകദേശം 60,000 കലാഷ്നിക്കോവ് റൈഫിളുണ്ടെന്ന് നെതന്യാഹു ട്രംപിനെ അറിയിച്ചുവെന്നാണ് വിവരം. വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ക്ക് മുമ്പ് ഈ ആയുധങ്ങളെല്ലാം നിരായുധീകരിക്കേണ്ടതിന്റെ ആവശ്യകത ട്രംപ് ഉയർത്തികാട്ടി.
നെതന്യാഹുവിന്റെ അമേരിക്കയിലേക്കുള്ള യാത്രക്ക് മുമ്പ് നടന്ന സുരക്ഷാ ചര്‍ച്ചക്കിടെ, ഗാസയില്‍ വിന്യസിക്കുന്ന അന്താരാഷ്ട്ര സേനക്ക് ഹമാസിനെ നിരായുധീകരിക്കാനുള്ള കഴിവിനെ കുറിച്ച് ഇസ്രായില്‍ ചീഫ് ഓഫ് സ്റ്റാഫ് ഇയാല്‍ സാമിര്‍ സംശയം പ്രകടിപ്പിച്ചു. ഗാസ മുനമ്പിലെ മറ്റൊരു സൈനിക നടപടിയിലൂടെ ഈ ദൗത്യം സ്വയം ഏറ്റെടുക്കാന്‍ സൈന്യം തയ്യാറാണെന്ന് ഇയാല്‍ സാമിര്‍ പറഞ്ഞു.
രണ്ടുവര്‍ഷത്തെ യുദ്ധം അവസാനിച്ചിട്ടും ഇസ്രായില്‍ ഗാസ മുനമ്പില്‍ കൂടുതല്‍ തുരങ്കങ്ങള്‍ കണ്ടെത്തുന്നത് തുടരുന്നു. മധ്യ ഗാസ മുനമ്പിന് കിഴക്കായി സ്ഥിതിചെയ്യുന്ന കിബ്ബറ്റ്‌സ് കിസുഫിമിന്റെ അതിര്‍ത്തിയോട് ചേര്‍ന്ന് കഴിഞ്ഞ ദിവസം ഇസ്രായില്‍ തുരങ്കം കണ്ടെത്തിയിരുന്നു. തുരങ്കം ജൂതകുടിയേറ്റ കേന്ദ്രങ്ങളില്‍ നിന്ന് 800 മീറ്റര്‍ മാത്രം അകലെയായിരുന്നു. ഗാസ മുനമ്പിനും ഇസ്രായിലിനും ഇടയിലുള്ള ബഫര്‍ സോണിലാണ് ഇത് സ്ഥിതിചെയ്യുന്നത്. അതിര്‍ത്തിയുടെ ഇരുവശത്തും സ്ഥിരമായ ഇസ്രായിലി സൈനിക കേന്ദ്രങ്ങള്‍ വ്യാപിച്ചുകിടക്കുന്ന പ്രദേശത്താണ് തുരങ്കം സ്ഥിതി ചെയ്യുന്നതെന്നതിനാല്‍ തുരങ്കം നിര്‍മിച്ച തീയതിയും മുമ്പ് അത് കണ്ടെത്താത്തതിന്റെ കാരണവും സംബന്ധിച്ച് ഇസ്രായില്‍ സൈന്യം അന്വേഷണം നടത്തുന്നുണ്ട്. പ്രദേശത്ത് പെയ്ത കനത്ത മഴയാണ് തുരങ്കം കണ്ടെത്തുന്നതിലേക്ക് നയിച്ചത്.



