ഗാസ – ഹമാസ് നേതാക്കളെയും പ്രവര്‍ത്തകരെയും ഗാസ മുനമ്പില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് സുരക്ഷിതമായി പോകാന്‍ അനുവദിക്കുന്നതിന്
ബുദ്ധിമുട്ടുകളും തടസ്സങ്ങളും നേരിടുന്നു. തടസ്സങ്ങളില്‍ ചിലത് ഇസ്രായിലി വ്യവസ്ഥകളുമായി ബന്ധപ്പെട്ടതാണ്. മറ്റുള്ളവ ഹമാസിന്റെ നിരായുധീകരണ പ്രക്രിയയും ഗാസയില്‍ ടെക്‌നോക്രാറ്റിക് കമ്മിറ്റി ഫലപ്രദമായി അധികാരം ഏറ്റെടുക്കുന്നതും അടക്കം വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടത്തിന്റെ പൂര്‍ണ്ണമായ നടപ്പാക്കലുമായി ബന്ധപ്പെട്ടതാണ്.
മധ്യസ്ഥരുമായും അമേരിക്കയുമായും ഉണ്ടാക്കിയ കരാറിന്റെ ഭാഗമായി ഗാസയില്‍ നിന്നുള്ള യാത്രയും പുറത്തുകടക്കലും സുഗമമാക്കുന്നതിന്, 2011 ലെ ഗിലാദ് ഷാലിറ്റ് കൈമാറ്റ കരാറിന്റെ ഭാഗമായി മോചിതരായ തടവുകാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പട്ടിക തയ്യാറാക്കാന്‍ സജീവമായ നീക്കമുണ്ടെന്ന് ഹമാസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. പ്രസ്ഥാനത്തിന്റെ നേതൃത്വത്തിന്റെ വിവിധ തലങ്ങളില്‍ നിന്നുള്ള നേതാക്കളുടെയും പ്രവര്‍ത്തകരുടെയും മോചിതരായ തടവുകാരുടെയും പട്ടിക തയ്യാറാക്കിയ ശേഷം, ഈ ചുവടുവെപ്പിന് തടസ്സങ്ങളും ബുദ്ധിമുട്ടുകളും ഉയര്‍ന്നുവന്നിട്ടുണ്ട്. ഹമാസ് നേതാക്കളെ മറ്റു രാജ്യങ്ങളിലേക്ക് സുരക്ഷിതമായി പോകാന്‍ അനുവദിക്കുന്നതിന് ഹമാസിനെ പൂര്‍ണ്ണമായും നിരായുധീകരിക്കുകയും പ്രസ്ഥാനത്തെ പൂര്‍ണമായും പിരിച്ചുവിടുകയും വേണമെന്ന് ഇസ്രായില്‍ വ്യവസ്ഥ ചെയ്യുന്നു.
പ്രസ്ഥാനത്തിന്റെ ആയുധങ്ങളും സുരക്ഷാ വകുപ്പുകളുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഗാസയില്‍ നിന്നുള്ള പ്രതിനിധി സംഘം കയ്റോയിലേക്ക് പോകേണ്ടതായിരുന്നു. എന്നാല്‍ അവരുടെ യാത്ര റദ്ദാക്കി. മധ്യസ്ഥര്‍ക്ക് കൈമാറാനായി വിവരങ്ങള്‍ വിദേശത്തുള്ള പ്രസ്ഥാന നേതൃത്വത്തിന് കൈമാറും. കരാറിന്റെ രണ്ടാം ഘട്ടവുമായി ബന്ധപ്പെട്ട, തീര്‍പ്പുകല്‍പ്പിക്കാത്ത വിഷയങ്ങളിലും ഗാസയിലെ അവസാന ഇസ്രായിലി ബന്ദിയുടെ മൃതദേഹത്തിന്റെ കാര്യത്തിലും ഗാസയില്‍ നിന്നുള്ള പ്രതിനിധി സംഘം കയ്‌റോയില്‍ ആഴത്തിലുള്ളതും വിശദവുമായ ചര്‍ച്ചകള്‍ നടത്തേണ്ടതായിരുന്നു. ഗിലാദ് ഷാലിറ്റ് കരാറിന്റെ ഭാഗമായി മോചിതരായ ചില തടവുകാര്‍ സമീപഭാവിയില്‍ ഗാസയില്‍ നിന്ന് ഈജിപ്തിലേക്കും അവിടെ നിന്ന് മൂന്നാം രാജ്യത്തേക്കും പോകാന്‍ തയ്യാറെടുക്കുകയാണെന്ന് ചില വൃത്തങ്ങള്‍ പറയുന്നു.
ഗാസക്കുള്ള യു.എസ് പ്രതിനിധി ജാരെഡ് കുഷ്നറുടെ പദ്ധതി പ്രകാരം ചില ഹമാസ് പ്രവര്‍ത്തകര്‍ക്ക് പൊതുമാപ്പ് ലഭിക്കുമെന്നും ഇസ്രായിലിന്റെയോ അമേരിക്കയുടെയോ സമഗ്രമായ സുരക്ഷാ പരിശോധനക്ക് ശേഷം ചിലരെ പുതിയ പോലീസ് സേനയില്‍ വീണ്ടും ലയിപ്പിക്കുമെന്നും അതല്ലെങ്കില്‍ ഗാസയില്‍ നിന്ന് സുരക്ഷിതമായി പുറത്തേക്ക് പോകാന്‍ അനുവദിക്കുമെന്നും സൂചനയുള്ള സമയത്താണ് ഈ വിഷയത്തില്‍ തര്‍ക്കം ഉടലെടുത്തിരിക്കുന്നത്.
പ്രസ്ഥാനത്തിന്റെ ആയുധങ്ങള്‍, പ്രഹരശക്തി കൂടിയതും അല്ലാത്തതുമായ ആയുധങ്ങള്‍ തമ്മില്‍ വേര്‍തിരിക്കല്‍, ആയുധങ്ങള്‍ കൈമാറുന്ന പോരാളികള്‍ക്ക് പൊതുമാപ്പ് നല്‍കല്‍ എന്നിവയുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ടത്തിനായുള്ള സമഗ്ര കരാറിന്റെ കരടിനെ കുറിച്ച് ഉടന്‍ തന്നെ യു.എസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഗാസയിലെ ഹമാസ് നേതാവ് ഖലീല്‍ അല്‍ഹയ്യയും ചര്‍ച്ച ചെയ്യുമെന്നും ഹമാസ് തങ്ങളുടെ തുരങ്കങ്ങളുടെയും ആയുധ നിര്‍മ്മാണ സ്ഥലങ്ങളുടെയും ഭൂപടങ്ങള്‍ കൈമാറുമെന്നും അതിനുശേഷം പ്രമുഖ ഹമാസ് നേതാക്കളും പ്രവര്‍ത്തകരും ഗാസ മുനമ്പ് വിടാന്‍ തുടങ്ങുമെന്നും ഇസ്രായിലി ചാനലായ ഐ24ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.



